കണ്ണൂർ ∙ ‘ഉള്ള തൊഴിലും പോകുമോ എന്നാണ് ഇപ്പോൾ പേടി’– മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുന്നുവെന്നു കേട്ടതുമുതൽ തൊഴിലുറപ്പു തൊഴിലാളിയായ കെ.വി.ചന്ദ്രിക്കു പറയാനുള്ളത് ഇതാണ്. തൊഴിലുറപ്പു പദ്ധതിയെ കേന്ദ്ര സർക്കാർ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി– ജി റാം ജി) എന്ന് പേരുമാറ്റി പുതിയ രീതിയിൽ അവതരിപ്പിച്ചപ്പോൾ ആശങ്കയിലായ തൊഴിലാളികൾക്ക് ഒന്നടങ്കം ചോദിക്കാനുള്ളതും ഇതുതന്നെയാണ്.
ഇന്നലെ ലോക്സഭ പാസാക്കിയ ബില്ലിൽ എന്തെല്ലാം മാറ്റമാണു വരാൻ പോകുന്നതെന്ന ആശങ്ക എല്ലാ തൊഴിലാളികൾക്കും ഉണ്ട്.
കേരളത്തിന് വേണം, 1600 കോടി
∙ തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നതാണ് ഇവരുടെ ചങ്കിടിപ്പിന്റെ പ്രധാന കാരണം. 40% സംസ്ഥാന സർക്കാരിനു വഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിൽദിനം വെട്ടിച്ചുരുക്കുമോ, തൊഴിലെടുത്താൽ കൂലി ലഭിക്കാതിരിക്കുമോ എന്നെല്ലാമാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.
4000 കോടി രൂപയാണ് പദ്ധതി വിഹിതമായി കേരളത്തിനു ലഭിക്കുന്നത്.
ഇതിന്റെ 40% ഇനി സംസ്ഥാനം കണ്ടെത്തണം. 1600 കോടി രൂപ കേരളത്തിനു കണ്ടെത്താനായില്ലെങ്കിൽ തൊഴിൽദിനം കുറയ്ക്കുകയോ കൂലി കുടിശികയായുകയോ ചെയ്യും. ജില്ലയിൽ ഈ വർഷം നൽകിയത് 116.58 കോടി രൂപയാണ്.
തൊഴിലിടത്തിലെത്തുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറും അസി.സെക്രട്ടറിയും തൊഴിലാളികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ പ്രയാസപ്പെടുകയാണ്.
നൂറില്ല; വെറും 42 തൊഴിൽ
∙ വിബി– ജി റാം ജി പ്രകാരം തൊഴിൽദിനം 100ൽ നിന്ന് 125 ആകുമെന്നു പറയുന്നുണ്ട്. എന്നാൽ 100 പോലും തികയുമോ എന്നതാണ് പ്രധാന ആശങ്ക.
കാരണം 2025ൽ ജില്ലയിലെ ശരാശരി തൊഴിൽദിനം 42 ആണ്. 2024ൽ 100 തൊഴിൽദിനം ഉണ്ടായിരുന്നെങ്കിൽ ഇക്കുറി പകുതിപോലും ലഭിച്ചില്ല. 369 രൂപയാണ് ഒരുദിവസത്തെ കൂലിയായി ലഭിക്കുക. 36,900 രൂപ കഴിഞ്ഞ കൊല്ലം ഒരു വീട്ടിൽ എത്തിയിരുന്നെങ്കിൽ ഇക്കുറി പകുതിയേ എത്തുകയുള്ളൂ.
തൊഴിൽ കളയുന്ന യുക്തധാര
∙ യുക്തധാര പോർട്ടലിൽ ഓരോ സ്ഥലത്തെയും തൊഴിൽ എന്തായിരിക്കണമെന്നു പറയുന്നുണ്ട്.
മണ്ണ് – ജല സംരക്ഷണമാണ് കൂടുതൽ സ്ഥലത്തും നടക്കുന്നത്. തലശ്ശേരി ബ്ലോക്കിൽ തീറ്റപ്പുൽ കൃഷി വ്യാപനമാണ് പോർട്ടലിലുള്ളത്.
അതിനാകട്ടെ സ്ഥലമുടമകൾ സമ്മതിക്കുന്നുമില്ല. അതോടെ ഈ സ്ഥലങ്ങളിലുള്ളവരുടെ തൊഴിൽദിനം കുറയും.
സമതലപ്രദേശങ്ങളിൽ കോണ്ടൂർ ബണ്ടു നിർമാണമാണ് ചിലയിടത്ത് പോർട്ടലിൽ കാണിക്കുന്നത്.
ജലസംരക്ഷണത്തിന് മലയോര മേഖലയിലാണ് കോണ്ടൂർ ബണ്ട് നിർമിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ അതു ചെയ്യാൻ കഴിയില്ല.
തൊഴിൽനഷ്ടപ്പെടാൻ അതും കാരണമാകുന്നു. പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഇപ്പോഴത്തെ ആശങ്കകളും.
പ്രതിസന്ധിയുടെ വരമ്പിൽ
∙ കേരളത്തിൽ തൊഴിലുറപ്പിൽ പങ്കാളിയാകാളായവരിൽ അധികവും 50 വയസ്സിനു മുകളിലുള്ളവരാണ്.
ജില്ലയിൽ മുൻപ് ബീഡി, കൈത്തറി മേഖലയിൽ ജോലി ചെയ്തിരുന്നവരാണ് ഇപ്പോഴത്തെ തൊഴിലാളികളിൽ ഭൂരിഭാഗവും. മറ്റൊരു വരുമാനവും ഇല്ലാത്തവരാണു അധികവും.
തൊഴിലുറപ്പിലൂടെ ലഭിക്കുന്ന പണം അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ മറ്റെന്തെല്ലാം പ്രതിസന്ധിയുണ്ടായാലും 100 തൊഴിൽദിനം ഉറപ്പിക്കാൻ എല്ലാവരും പോകുമായിരുന്നു.
അതാണിപ്പോൾ പ്രതിസന്ധിയുടെ വരമ്പിൽ നിൽക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

