തളിപ്പറമ്പ് ∙ അഗ്നിസുരക്ഷയുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ 101 വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ ഫയർ എക്സ്റ്റിങ്ഗ്യൂഷർ കണ്ടെത്തിയത് 2 സ്ഥാപനങ്ങളിൽ മാത്രം. തളിപ്പറമ്പ് നഗരത്തിലെ ന്യൂസ് കോർണർ ജംക്ഷൻ മുതൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള 100 മീറ്ററോളം സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
ഫയർ സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കെ.വി.കോംപ്ലക്സിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ സ്ഥാപനങ്ങളിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിക്കേണ്ടതിനെ കുറിച്ച് മെട്രോ മനോരമ വാർത്ത നൽകിയിരുന്നു. തുടർന്ന് തളിപ്പറമ്പിലെ അഗ്നിസുരക്ഷയുടെ തുടർ നടപടികളുടെ ഭാഗമായാണ് അഗ്നി സുരക്ഷാ സേന പരിശോധന ആരംഭിച്ചത്.
വ്യാപാരി സംഘടനകളുടെ യോഗം വിളിച്ച് ചേർത്താണ് പരിശോധനയ്ക്കു തുടക്കം കുറിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ നോട്ടിസ് നൽകിയ ശേഷമാണ് പരിശോധന നടത്തുന്നത്.
മിക്ക സ്ഥാപനങ്ങളിലെയും വൈദ്യുതി വയറിങ് സംവിധാനം കാലഹരണപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മിക്ക അഗ്നിബാധകളുടെയും കാരണം ഷോർട്ട് സർക്കീറ്റ് ആണെന്നതിനാൽ അംഗീകൃത വയറിങ് വിദഗ്ധനെ ഉപയോഗിച്ച് ഇവ പരിശോധിക്കാനും കാലഹരണപ്പെട്ടവ മാറ്റാനും നിർദേശം നൽകി. മെയിൻ സ്വിച്ചിന്റെയും മറ്റും സമീപത്ത് സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്നതും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.
ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിക്കാൻ 15 ദിവസത്തെ സാവകാശമാണ് നൽകുന്നത്. ഇവ സ്ഥാപിക്കാത്ത സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി നഗരസഭ അധികൃതർക്ക് കൈമാറുമെന്നും അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു.
ഇത് സ്ഥാപിച്ച ശേഷം കടകളിലെ എല്ലാ ജീവനക്കാർക്കും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തന്നെ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിക്കാനുള്ള പരിശീലനവും നൽകും. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]