
ഇരിട്ടി∙ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചു പുറത്തിറക്കിയ ഉത്തരവ് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനെ തുടർന്നു പിൻവലിച്ചതായി മന്ത്രി അറിയിച്ചു 4 മാസം ആകുമ്പോഴും വീട് നിർമാണത്തിനുൾപ്പെടെ നിരാക്ഷേപ പത്രം നൽകാതെ പഴശ്ശി ജലസേചന വിഭാഗം. 2024ൽ രഹസ്യമായി കൊണ്ടുവന്ന ഉത്തരവ് പുറംലോകം അറിഞ്ഞു വൻ പ്രതിഷേധം ഉയർന്നതോടെ അതേ മാസം നിയമസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ പിൻവലിച്ചിരുന്നു.
പിന്നീട് പിൻവലിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. നിയമസഭയിൽ സാധാരണക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ നിർദേശത്തിനും ഉദ്യോഗസ്ഥർ പുല്ലുവില കൽപ്പിക്കുകയാണ്.
ബഫർസോൺ ഉത്തരവ് ഇറങ്ങിയപ്പോൾ പഴശ്ശി പദ്ധതി സ്ഥലത്തിനു സമീപം അളപ്ര മാവില വീട്ടിൽ എം.സുരേഷ്കുമാറിനു നിർമിച്ച വീടിനും വട്ടപ്പാറ മഹേഷിന്റെ നിർമാണം തുടങ്ങിയ വീടിനും നിരാക്ഷേപ പത്രം പഴശ്ശി അധികൃതർ നിഷേധിച്ചിരുന്നു.
ഈ സംഭവങ്ങൾ ഉൾപ്പെടെ നിയമസഭയിൽ പേരെടുത്ത് പറഞ്ഞു പ്രതിപക്ഷ നേതാവും എംഎൽഎമാരായ സണ്ണി ജോസഫും മോൻസ് ജോസഫും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് പിൻവലിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു.
സാഹചര്യങ്ങൾ അനുകൂലമായ സന്തോഷത്തിൽ പഴശ്ശി ജലസേചന വിഭാഗത്തെ സമീപിച്ച സുരേഷ്കുമാറിനും മഹേഷിനും പക്ഷേ നിരാശയായിരുന്നു അനുഭവം. നിരവധി തവണ ഓഫിസ് കയറിയിറങ്ങി ചെരിപ്പുതേഞ്ഞതു മിച്ചം.
മന്ത്രിയെയും തള്ളുന്ന വകുപ്പ് ഉദ്യോഗസ്ഥർ ഓരോ തവണയും പുതിയ ആവശ്യങ്ങൾ ഉയർത്തി ഇവരെ മടക്കുകയാണ്.
താലൂക്ക് സർവേയറെ കൊണ്ടു അളവ് നടത്തി പഴശ്ശി സ്ഥലം കയ്യേറിയില്ലെന്നു സാക്ഷ്യപത്രം വേണമെന്നായിരുന്നു ആദ്യ നിർദേശം. ഇതുവാങ്ങി നൽകി.ജില്ലയിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് പ്രതിനിധികൾ ഉൾപ്പെടെയുള്ള 7 പേരുടെ ഒരു കമ്മിറ്റി അനുമതി നൽകണമെന്നായിരുന്നു അടുത്ത ആവശ്യം എന്നു സുരേഷ്കുമാറും മഹേഷും പറഞ്ഞു.ഈ കമ്മിറ്റി പിന്നീട് ചേർന്നു നിരാക്ഷേപ പത്രം നൽകാൻ തടസ്സമില്ലെന്നു തീരുമാനം എടുത്തതിന്റെ കോപ്പിയും എക്സിക്യൂട്ടീവ് എൻജിനീയർ ഇവർക്ക് നൽകി.
ഈ തീരുമാനം ഉൾപ്പെടെ കോഴിക്കോട് ചീഫ് എൻജിനീയർ ഓഫിസിലേക്കു ഫയൽ അയച്ചെന്ന മറുപടിയാണ് ലഭിച്ചത്.
പഴശ്ശി അണക്കെട്ടിൽ പരമാവധി റിസർവോയർ ലെവലിൽ വെള്ളം എത്തിയാൽ തീരത്ത് നിന്ന് അപേക്ഷകരുടെ വീട്ടിലേക്ക് എത്ര ദൂരം ഉണ്ടെന്നും പഴശ്ശിയുടെ റോഡാണോ ഇവർ ഉപയോഗിക്കുന്നതെന്നും ഉള്ള വിവരം നൽകാൻ കോഴിക്കോട് നിന്നു നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ അപേക്ഷകരോടു പറഞ്ഞിട്ടുള്ളത്. പുതിയ നിർദേശം ബഫർസോൺ ഉത്തരവിന്റെ ഭാഗം അല്ലെന്നും 2023ലെ സ്റ്റേറ്റ് ഡാം സേഫ്റ്റി ഓർഗനൈസേഷന്റെ നിബന്ധനകൾ പ്രകാരം ഉള്ളതാണെന്നുമാണു ഔദ്യോഗിക ഭാഷ്യം. സുരേഷ്കുമാറിനും മഹേഷിനും പുറമേ സമാനമായി വീടുകളുടെയും സ്ഥാപനങ്ങളുടെയും നിർമാണം തടസ്സപ്പെട്ടു കഴിയുന്നവർ വേറെയും ഉണ്ട്.
കടുത്ത പ്രതിഷേധത്തിലാണ് സംഭരണി തീരത്തുള്ള ജനങ്ങൾ.
താലൂക്ക് സഭാ നിർദേശവും ഗൗനിച്ചില്ല
ഇരിട്ടി താലൂക്ക് വികസന സമിതിയുടെ കഴിഞ്ഞ യോഗത്തിൽ ബഫർസോൺ ഉത്തരവ് മരവിപ്പിച്ചതായും അതിന്റെ പേരിൽ ഒരു കുടുംബത്തെയും കഷ്ടപ്പെടുത്തരുതെന്നും എംഎൽഎയും മറ്റു ജനപ്രതിനിധികളും പഴശ്ശി ജലസേചന വിഭാഗത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഉദ്യോഗസ്ഥന് നിർദേശം നൽകിയിരുന്നു. പിൻവലിച്ചുള്ള ഉത്തരവിന്റെ കോപ്പിയും കൊടുത്തു.
ഇതൊന്നും പരിഗണനയിൽ എടുക്കാതെയാണു ജലസേചന വിഭാഗം ഓഫിസ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
21 മുതൽ സമരമെന്ന് കുടുംബങ്ങൾ
എം.സുരേഷ്കുമാർ ഒരു വർഷം ആയി മാസം 8000 രൂപ വീതം നൽകിയും മഹേഷ് 2 വർഷം ആയി മാസം 5000 രൂപ വീതം നൽകിയും വാടക വീടുകളിലാണ് കഴിയുന്നത്.സുരേഷ്കുമാർ പെരുമ്പറമ്പ് അളപ്രയിൽ കോൺക്രീറ്റ് നടത്തി വാസയോഗ്യമാക്കിയ പുതിയ വീട്ടിലേക്കു വാടകവീട്ടിൽ നിന്നും താമസം മാറാനായി പഞ്ചായത്തിൽ അപേക്ഷയുമായി എത്തിയപ്പോഴാണ് ബഫർസോൺ നിയമം പാരയാകുന്നത്.വീട് നിർമാണം വേഗം പൂർത്തിയാക്കി വാടക വീട്ടിൽ നിന്നു മാറാൻ പെർമിറ്റ് തേടി എത്തിയപ്പോഴാണ് മഹേഷും പ്രതിസന്ധി അറിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]