തോട്ടട ∙ എടക്കാട് മേഖലയിൽ സ്ഥലമെറ്റടുക്കലോ കുടിയൊഴിപ്പിക്കലോ ഇല്ലാതെ തീരദേശ ഹൈവേ യാഥാർഥ്യമാക്കാൻ പറ്റുമെങ്കിലും അധികൃതർ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് ആദികടലായി–കുറുവ–തോട്ടട–കിഴുന്ന–മുഴപ്പിലങ്ങാട് മേഖലയിലെ തീരദേശ സംരക്ഷണസമിതി പ്രവർത്തകർ.
ഉചിതമായ അലൈൻമെന്റ് ഉണ്ടായിട്ടും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൂടെയും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലും ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
കണ്ണൂർ നഗരത്തിലെ പ്രഭാത് ജംക്ഷനിൽ നിന്ന് തുടങ്ങി കുറുവയിൽ എത്തി വീണ്ടും കടൽത്തീരത്തൂടെ കുറുവ കുന്ന്–തോട്ടട–ഏഴര–എടക്കാട്–മുഴപ്പിലങ്ങാട് വഴിയാണ് തീരദേശ പാതയ്ക്കുള്ള അലൈൻമെന്റ് അധികൃതർ ഉദ്ദേശിക്കുന്നത്. എന്നാൽ കുറുവയിൽ നിന്ന് നിലവിലുള്ള ജെടിഎസ് റോഡ് വഴി പഴയ ദേശീയപാത 17 ൽ എത്തി തോട്ടട–നടാൽ വഴി മുഴപ്പിലങ്ങാട് ബീച്ചിലേക്ക് അലൈൻമെന്റ് നടപ്പിലാക്കിയാൽ തീരദേശപാതയ്ക്ക് എടക്കാട് മേഖലയിൽ പുതുതായി 6.8 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് പകരം 1.8 കിലോമീറ്റർ മാത്രം റോഡ് നിർമിച്ചാൽ മതിയാകും.
നടാലിൽ നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം റോഡ് നിർമിക്കുന്നുണ്ട്.
ഈ റോഡും തീരദേശ പാതയ്ക്ക് വേണ്ടി ഉപയോഗിച്ചാൽ കുടിയൊഴിക്കലോ പുതിയ സ്ഥലം ഏറ്റെടുക്കലോ ആവശ്യം വരില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കാത്ത, കുടിയൊഴിപ്പിക്കൽ വേണ്ടാത്ത അലൈൻമെന്റ് പദ്ധതിക്ക് ഉപയോഗിക്കണമെന്നു തീരദേശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കുറുവ–ആദികടലായി–തോട്ടട–കിഴുന്ന–മുഴപ്പിലങ്ങാട് തീരദേശ സംരക്ഷണ സമിതി ജനറൽബോഡി യോഗത്തിൽ ശ്രീധരൻ കടലായി അധ്യക്ഷത വഹിച്ചു.
തീരദേശ സംരക്ഷണ സമിതി ഓർഗനൈസിങ് സെക്രട്ടറി സി.കെ.സുരേന്ദ്രൻ, ഗിരീശൻ, മുസ്ലിഹ് മഠത്തിൽ, സിയാദ് തങ്ങൾ, കൗൺസിലർ റിജിൽ മാക്കുറ്റി, മഞ്ചു കാഞ്ഞിര, മിത്രൻ കുറുവ, ഫസ്ലിം ഏഴര, ജുജിന, ഹാരിസ് കുറുവ, റോയിസ്റ്റൺ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

