കണ്ണൂർ ∙ പിടയ്ക്കുന്ന മത്തിയുമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ ആയിക്കരയിൽനിന്നു കടലിൽപോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് ഒഴിഞ്ഞ വള്ളങ്ങളുമായി. വടകര ചോമ്പാൽ കടപ്പുറത്തുണ്ടായ മത്തിച്ചാകരയിൽ പ്രതീക്ഷയർപ്പിച്ചാണ് നൂറുകണക്കിനു വള്ളങ്ങൾ കടലിലിറങ്ങിയത്.
വിരലിലെണ്ണാവുന്ന വള്ളങ്ങൾക്കു മാത്രമേ മീൻ കിട്ടിയുള്ളൂ. കുട്ടയിലായ മത്തിക്കു നല്ല വിലയും ലഭിച്ചു.
15 കിലോഗ്രാം മത്തിയുള്ള കുട്ട 5,500 രൂപയ്ക്കാണു ലേലത്തിൽ വിറ്റത്.
എങ്കിലും മത്തി വാങ്ങാൻ ആയിക്കരയിൽ വൻതിരക്കായിരുന്നു. അയല 4500, കിളിമീൻ 5000 എന്നിങ്ങനെയായിരുന്നു ലേല വില.
കടലിലെ വെള്ളംവലിവും കാറ്റുമാണു മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയായത്. വല ചുരുണ്ടുപോകുന്നതിനാൽ മീൻ കുടുങ്ങില്ല.
ഇതോടെ വള്ളങ്ങളെല്ലാം തിരിച്ചുപോരുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. ഈ ആഴ്ച തുടക്കം മുതൽ മത്തിയും അയലയും നന്നായി ലഭിച്ചിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു.
ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ പരമ്പരാഗത ബോട്ടുകൾക്കു മാത്രമേ കടലിൽപോകാൻ അനുമതിയുള്ളൂ.
മഴ നേരത്തേ; മീൻ കൂടും
∙ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപുതന്നെ മത്സ്യത്തിന്റെ ലഭ്യതക്കുറവിനെത്തുടർന്നു തീരമേഖല വറുതിയിലായിരുന്നു. സാധാരണ കൂടുതൽ കിട്ടുന്ന മത്തിയുടെയും അയലയുടെയും ലഭ്യത വളരെ കുറവായിരുന്നു.
എന്നാൽ മേയ് പകുതി മുതൽ മഴ പെയ്തത് മത്സ്യലഭ്യത കൂടാൻ കാരണമാകുമെന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎഎഫ്ആർഐ) കോഴിക്കോട് ഓഫിസിലെ ശാസ്ത്രജ്ഞൻ അഖിലേഷ് പറഞ്ഞു. അതിന്റെ തെളിവായിരുന്നു ചോമ്പാലിൽ കണ്ടത്.
എന്നാൽ കടലിലെ വെള്ളംവലിവും കാറ്റും തൊഴിലാളികൾക്കു തിരിച്ചടിയായി.
മത്തി വലുതായി; രുചി കൂടി
∙ മത്തിയുടെ വലുപ്പത്തെക്കുറിച്ചുള്ള ആശങ്ക ഇനി വറചട്ടിക്കു പുറത്തുവയ്ക്കാം. മത്തി വലുതായി.
ഇപ്പോൾ ലഭിക്കുന്നതാകട്ടെ മുട്ടയുള്ള വലിയ മത്തിയും. കിലോഗ്രാമിന് 250 രൂപയിൽ കൂടുതൽ കൊടുക്കേണ്ടി വരുമെങ്കിലും രുചിയുള്ള മത്തിതന്നെ കഴിക്കാം.
കടലിലെ ചൂടുകാരണം മത്തിയുടെ വലുപ്പം കുറഞ്ഞിരുന്നു. മേയ് മുതൽ മഴ ലഭിച്ചത് കടലിലെ ചൂടുകുറയാനും മത്തി കഴിക്കുന്ന സസ്യ പ്ലവകങ്ങളുടെ അളവു കൂടാനും കാരണമായി.
ഇപ്പോൾ ലഭിക്കുന്ന മുട്ടയുള്ള മത്തിക്കെല്ലാം നല്ല രുചിയാണെന്നു ആയിരക്കയിലെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]