
മട്ടന്നൂർ ∙ കനത്ത മഴയെത്തുടർന്ന് വെള്ളം കയറി ഒട്ടേറെ സ്ഥലങ്ങളിൽ നാശനഷ്ടം. കീഴല്ലൂർ ചെക്ക് ഡാം പരിസരത്ത് പുഴ കരകവിഞ്ഞതിനെത്തുടർന്ന് റോഡിൽ വെള്ളം കയറി.
കീഴല്ലൂർ പാലയോട്ടെ കാരാത്താൻ സഹദേവന്റെ വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. കൃഷിനാശവും ഉണ്ടായി. കീഴല്ലൂർ ചെക്ക് ഡാമിന്റെ പരിസരത്ത് വെള്ളം കയറിയത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
ഇവിടെ വെള്ളം കരകവിഞ്ഞു ഒഴുകിയതിനെ തുടർന്ന് സമീപത്തെ റോഡിൽ വെള്ളം കയറിയ അവസ്ഥയിലാണ്. വേങ്ങാട് റോഡിൽ മാവിലകോവ്വൽ റോഡിലാണ് വെള്ളം കയറിയത്.
ഈ പരിസരത്തെ നിരവധി വീടുകൾക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
എല്ലാ മഴക്കാലവും വേങ്ങാട്, കീഴല്ലൂർ പഞ്ചായത്തിലെ ഈ മേഖലയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും റോഡിലുമൊക്കെ വെള്ളം കയറുന്നത് പതിവാണ്. മഴ ശക്തമായി തുടർന്നാൽ ഈ മേഖലകൾ വെള്ളത്തിനടിയിലാകും.
ഡാം കരകവിയുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ മതിൽ തകർന്നുവീണ് വീടിന് നാശനഷ്ടം. മട്ടന്നൂർ നഗരസഭയിലെ പരിയാരത്തെ ടി.കെ.മുനീറിന്റെ വീടിനാണ് നാശമുണ്ടായത്.
ചെങ്കല്ല് മതിൽ തകർന്നു വീട്ടുമുറ്റത്തേക്ക് വീണു. മതിൽ ഇടിയുമ്പോൾ വീട്ടുമുറ്റത്ത് ആരുമില്ലാത്തതിനാൽ ആളപായം ഉണ്ടായില്ല.മാലൂർ പറമ്പൽ, കുണ്ടിലേരി മേഖലയിൽ നാശനഷ്ടം ഉണ്ടായി.
കുണ്ടിലേരിയിലെ കോമത്ത് ബാലകൃഷ്ണന്റെ വീടിനോടു ചേർന്ന മതിൽ തകർന്നു. വീടിന്റെ പുറകുവശം അപകടാവസ്ഥയിലായി.
കിണർ ഇടിഞ്ഞുതാഴ്ന്നു
ഇരിട്ടി ∙ മേഖലയിൽ മഴ ശക്തം.
രാവിലെ ശമനം ഉണ്ടായെങ്കിലും പിന്നീട് കനത്ത മഴയാണ് ലഭിച്ചത്. ഇരട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നു.
കുടക് മേഖലയിലും ശക്തമായതിനാൽ ബാരാപോൾ പുഴയിലും ഒഴുക്ക് ശക്തമാണ്. കൊട്ടുകപ്പാറയിൽ വേളൂരാൻ റുഖിയയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു.
വീടിനോടു ചേർന്ന് 20 കോൽ താഴ്ചയുള്ള കിണറാണ് ആൾമറ ഉൾപ്പെടെ ഇടിഞ്ഞത്.കഴിഞ്ഞ രാത്രി ആണു സംഭവം. നേരം വെളുത്ത ശേഷമാണു കുടുംബം കിണർ ഇടിഞ്ഞുതാഴ്ന്നത് അറിയുന്നത്.
കിണർ ഇടിഞ്ഞതോടെ വീടും അപകടഭീഷണിയിലായി. കൂടുതൽ അപകടം ഒഴിവാക്കാൻ നാട്ടുകാരുടെ സഹായത്തോടെ കിണറിന്റെ ആൾമറ പൊളിച്ചുമാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]