
175 കോടി ഠിം; ഓൺലൈൻ തട്ടിപ്പുകാർ കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ. സിറ്റി, റൂറൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത 200 കേസുകളിലാണ് ഇത്രയും തുക നഷ്ടമായത്. മാനഹാനിയോർത്തു പരാതി നൽകാത്തവരുടെ നഷ്ടം കൂടി കണക്കാക്കുമ്പോൾ 250 കോടി രൂപയെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസിന്റെ അനുമാനം.
പണം നഷ്ടമാകുന്നവർതന്നെ ദിവസങ്ങൾ കഴിഞ്ഞ ശേഷമാണു പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തട്ടിപ്പിനിരയായി സൈബർ പൊലീസിന്റെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ പരാതിപ്പെട്ടാൽ പണം തിരിച്ചുപിടിക്കാൻ പൊലീസിനു സാധിക്കുമെന്നിരിക്കെ പലരും പരാതിപ്പെടാൻ തയാറാകുന്നില്ല.
ബാങ്ക് ഉദ്യോഗസ്ഥർ, ഐടി ജീവനക്കാർ, ഡോക്ടർമാർ, അധ്യാപകർ എന്നിങ്ങനെയുള്ളവരാണു തട്ടിപ്പിനിരയാകുന്നവരിൽ അധികവും. മാനഹാനിയോർത്ത് ഇവർ പരാതിപ്പെടാൻ തയാറാകാറില്ല.കഴിഞ്ഞ കൊല്ലം ഏറ്റവുമധികം തട്ടിപ്പു നടന്നത് എറണാകുളത്താണ്. സിറ്റിയിൽ 768 കോടിയും റൂറലിൽ 109 കോടിയും. തൊട്ടുപിന്നാലെയുള്ള കോഴിക്കോട് ജില്ലയിലെ സിറ്റിയിൽ 451, റൂറലിൽ 108 കോടി എന്നിങ്ങനെയാണു കണക്ക്.
പരാതികൾ കുറയുന്നു
സൈബർ തട്ടിപ്പുകളെക്കുറിച്ച് പൊലീസും മാധ്യമങ്ങളും നൽകുന്ന ബോധവൽക്കരണത്തെ തുടർന്ന് പരാതികളുടെ എണ്ണം കുറയുന്നതായി പൊലീസ് പറയുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പുകൾ കഴിഞ്ഞ കൊല്ലം കൂടുതൽ നടന്നിരുന്നെങ്കിൽ ഈ കൊല്ലം കണ്ണൂർ സിറ്റിയിൽ ഇത്തരത്തിലുള്ള മൂന്നു തട്ടിപ്പുമാത്രമാണ് നടന്നത്. എന്നിരുന്നാലും സിറ്റി, റൂറൽ സൈബർ പൊലീസിൽ നിത്യേന അഞ്ചു പരാതിയെങ്കിലും ലഭിക്കുന്നുണ്ട്.
ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യുന്നതിനു തട്ടിപ്പുകാർ നൽകിയ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച ചക്കരക്കൽ സ്വദേശിക്ക് 1,07,800 രൂപ നഷ്ടമായി. ഓൺലൈൻ ലോണെന്ന വാഗ്ദാനത്തിൽ വീണ കൂത്തുപറമ്പ് സ്വദേശിക്ക് 31,349 രൂപയും നഷ്ടമായി. വിദേശ ജോലി വാഗ്ദാനത്തിൽവീണു പിണറായി സ്വദേശിക്ക് 9,100 രൂപയും നഷ്ടമായി. ഇത്തരം തട്ടിപ്പുകൾക്കിരയായാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതിപ്പെടുകയോ ചെയ്യാം.
തിരിച്ചുകിട്ടുന്നത് അൽപം മാത്രം
∙ കഴിഞ്ഞകൊല്ലം കണ്ണൂർ സിറ്റി സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മാത്രം 116 കോടി രൂപയുടെ നഷ്ടമുണ്ട്. റൂറലിൽ 59 കോടി രൂപയും. നഷ്ടപ്പെടുന്നതിന്റെ ചെറിയൊരു അംശം മാത്രമേ പൊലീസിനു തിരിച്ചുപിടിക്കാൻ കഴിയുന്നുള്ളൂ. 88 ലക്ഷം രൂപ സിറ്റിയിലും 47 ലക്ഷം രൂപ റൂറൽ പൊലീസും തിരിച്ചുപിടിച്ചു.
800 കോടി രൂപയെങ്കിലും കഴിഞ്ഞ കൊല്ലം സംസ്ഥാനമാകെ തട്ടിപ്പുകാർ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇക്കൊല്ലം മാത്രം 180 കോടി രൂപയുടെ തട്ടിപ്പ് സംസ്ഥാനമാകെ നടന്നിട്ടുണ്ട്.