ഇരിട്ടി∙ ഇതുവരെ ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരിതഭൂമിയിൽ ജീവിച്ചിരുന്ന ആറളം 13ാം ബ്ലോക്ക് 55ലെ 44 ആദിവാസി കുടുംബങ്ങൾ ഇന്നലെ കണ്ടത് ഉദ്യോഗസ്ഥരുടെയും ഉദാരമനസ്കരുടെയും വലിയൊരു സംഘത്തെ. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ഇതും കേരളം’ എന്ന വാർത്ത കണ്ട് അറുപതോളം പേർക്ക് കൈനിറയെ സഹായവുമായിട്ടാണ് എത്തിയത്.
വിയറ്റ്നാം പുഴയോരത്ത് അവർ അനുഭവിക്കുന്ന ജീവിതം എല്ലാവരും നേരിട്ടു കണ്ട് ബോധ്യപ്പെട്ടു.
സംഭവത്തിൽ മന്ത്രി ഒ.ആർ.കേളു അടിയന്തര റിപ്പോർട്ട് തേടി. ഇവരിൽ ഭൂമി ഇല്ലാത്തവരുണ്ടെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കാനാവശ്യമായ നിർദേശങ്ങളുമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കലക്ടർ ആവശ്യപ്പെട്ടതനുസരിച്ച് ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.പി.നിധീഷ്കുമാർ രാവിലെതന്നെ സ്ഥലത്തെത്തി ഇവരുടെ വിവരങ്ങൾ ശേഖരിച്ചു.
ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡവലപ്മെന്റ് മിഷൻ(ടിആർഡിഎം) ഡപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം പുനരധിവാസ മേഖലയുടെ ചുമതലയുള്ള സൈറ്റ് മാനേജർ സി.ഷൈജുവും തൊട്ടുപിന്നാലെയെത്തി.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെംബർ സെക്രട്ടറിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാന്റെയും നിർദേശപ്രകാരം ജില്ലാ സെക്രട്ടറി പി.മഞ്ജുവിന്റെ നേതൃത്വത്തിൽ പാരാലീഗൽ വൊളന്റിയർമാരായ ഇ.കെ.ഷൈനി, ഇ.സത്യൻ, എൻ.സുരേഷ്ബാബു എന്നിവർ റിപ്പോർട്ട് തയാറാക്കാനെത്തി.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, സ്ഥിരസമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി, വാർഡംഗം എ.ഷഹീർ, സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരിൽ നിന്നും സംഘം റിപ്പോർട്ട് തേടി. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, ജില്ലാ കോഓർഡിനേറ്റർ സത്യൻ കൊമ്മേരി, മണ്ഡലം പ്രസിഡന്റ് സി.രജീഷ്, എം.ആർ.സുധീപ്, സജീവൻ കൊയിലത്ത്, വി.ജിനീഷ്, വി.എം.പ്രശോഭ് എന്നിവരും സന്ദർശിച്ചു.
സംഭവം കേരളത്തിലെ പിണറായിസത്തിന്റെ തുറന്ന് കാട്ടലാണെന്നു ബിജു ഏളക്കുഴി ആരോപിച്ചു.
കയറിക്കിടക്കാൻ ഇടമില്ലാതെ ആയിരങ്ങൾ പെരുവഴിയിൽ കിടക്കുമ്പോഴാണ് കേരളത്തിൽ അതി ദരിദ്രരില്ലെന്ന പിണറായിയുടെ വെറും വാക്ക്. സർക്കാർ അടിയന്തര ഇടപെടൽ നടത്തി കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
ആറളം പുനരധിവാസമേഖലയിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടികൾ വിവിധ തലങ്ങളിലായി നടന്നുവരികയാണെന്നും കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫിസർ അറിയിച്ചു.ഫാമിൽ മാതാപിതാക്കൾക്ക് ഭൂമി ലഭിച്ചവരുടെ ഉപകുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടി സർക്കാരിന്റെ അംഗീകാരത്തോടെ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.
ഇതോടൊപ്പം പ്ലോട്ട് മാറി താമസിക്കുന്ന 113 കുടുംബങ്ങൾക്ക് പ്ലോട്ട് മാറ്റി അനുവദിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ഇവിടെ കഴിയുന്ന കുടുംബങ്ങൾ മീൻപിടിക്കാനെത്തി കഴിയുന്നവരെന്നാണ് ഐടിഡിപി പ്രൊജക്ട് ഓഫിസറുടെ പത്രക്കുറിപ്പ്.
ചതിരൂർ 110 ഉന്നതിയിലെ കുടുംബങ്ങൾ മഴക്കാലം കഴിഞ്ഞാൽ മീൻപിടിക്കാൻ പുഴയോരത്ത് താമസിക്കാറുണ്ടെന്നും അങ്ങനെയുള്ളവരാണ് ഇവിടെ താമസിക്കുന്നതെന്നുമാണ് പത്രക്കുറിപ്പിലുള്ളത്. എന്നാൽ മഴക്കാലം കഴിയുമ്പോൾ തന്നെ വെള്ളംവറ്റുന്ന പുഴയിൽനിന്ന് ഇത്രയധികം കുടുംബങ്ങൾ മീൻപിടിച്ചു ജീവിക്കുന്നുവെന്നത് സംഭവത്തെ നിസ്സാരവൽക്കരിക്കുകയാണ്.
തണൽ ദയാ റിഹാബിലിറ്റേഷൻ ട്രസ്റ്റ് അധികൃതർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹായത്തോടെ 300 നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി.
ഈ കുടുംബങ്ങൾക്ക് ആവശ്യമായ കൂടുതൽ സഹായം എത്തിക്കുമെന്ന് ചെയർമാൻ എം.പി.അഹമ്മദ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

