
പടർന്നുകയറുന്ന പച്ചപ്പ്
ഇരിട്ടി ∙ ശാസ്ത്രീയമായ പരിചരണം, കൃത്യമായ വളപ്രയോഗം, ചെടികൾക്കിടയിലെ അകലം മുതൽ താങ്ങുകാൽ വരെ അളന്നുമുറിച്ചൊരുക്കിയ കൃഷി രീതി. ഇരിട്ടി കല്ലുവയലിലെ തെക്കേടത്ത് ഫ്രാൻസിസിന്റെ കുരുമുളക് തോട്ടത്തിൽ 35ഓളം ഇനങ്ങളിലുള്ള 1300ഓളം കുരുമുളക് തൈകൾ ശാസ്ത്രീയ പരിചരണമേറ്റ് വളരുകയാണ്.
ഒറ്റവിള കൃഷിരീതിയിലാണ് തോട്ടം. തനിനാടൻ ഇനം മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് സെന്റർ അവസാനമായി പുറത്തിറക്കിയ ചന്ദ്രയും തെക്കൻ–2 ഇനവും വരെ തോട്ടത്തിൽ ഇടവിട്ട് വളരുന്നു.
തൊമ്മൻ കൊടിയന്റെയും നീലമുണ്ടിയുടെയും സങ്കര ഇനമാണ് ചന്ദ്ര എന്ന പുതിയ ഇനം.
പ്ലാറ്റ്ഫോമുകൾക്കിടയിൽ 10 അടി മുതൽ 8 അടി വരെ അകലത്തിൽ വളരുന്ന കുരുമുളക് ചെടികൾ 25 അടി ഉയരത്തിൽ വളർത്തിയ പ്ലാവുകളിലാണ് പടർന്നു കയറുന്നത്. പ്ലാവിന്റെ ഉയരം 25 അടിയിൽ കൃത്യമായി നില നിർത്തുകയും ചെയ്യുന്നു.
വർഷത്തിൽ 3 തവണ ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, വെല്ലം എന്നിവ ചേർത്തുണ്ടാക്കുന്ന സ്ലറി നേർപ്പിച്ച് കൃത്യമായ അനുപാതത്തിൽ നൽകുന്നു.
മണ്ണ് പരിശോധിച്ച് മണ്ണിൽ കുറവുള്ള മൂലകങ്ങൾ ലഭിക്കുന്നതിന് രാസവളപ്രയോഗവും നടത്തുന്നു. കെവികെ ഡയറക്ടറായിരുന്ന പി.ജയരാജിന്റെയും സയന്റിസ്റ്റ് കെ.പി.മഞ്ജുവിന്റെയും നിർദേശനുസരണമാണ് മണ്ണ് പരിശോധനയും വള പ്രയോഗവും നടത്തുന്നത്.
കയ്യിൽ കിട്ടുന്ന നാടൻ ഇനങ്ങൾ കൈവിട്ട് പോകാതിരിക്കാൻ കുരുമുളക് തൈകൾ, ബ്രസീലിയൻ തിപ്പല്ലിയിൽ സ്വന്തമായി ഡ്രാഫ്റ്റ് ചെയ്താണ് തോട്ടത്തിൽ വളർത്തുന്നത്. തിപ്പല്ലിയിൽ ഡ്രാഫ്റ്റ് ചെയ്യുന്നത് തൈകൾ കരുത്തോടെ വളരാൻ സഹായിക്കുന്നെന്നും കീടബാധ ഏൽക്കില്ലെന്നുമാണ് ഫ്രാൻസിസ് പറയുന്നത്.
കുടിശികയായി പെൻഷൻ
കൂത്തുപറമ്പ് ∙ കാർഷിക–മൃഗസംരക്ഷണ മേഖലയിൽ ഒരു ലക്ഷം പേർക്ക് തൊഴിലവസരം വാഗ്ദാനം ചെയ്ത പദ്ധതിയിൽ അംഗമായവർക്ക് അവഗണനയെന്നു പരാതി.
1991-1995 കാലയളവിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന പി.പി.ജോർജ് നടപ്പാക്കിയ ‘ഒരു ലക്ഷം യുവാക്കൾക്ക് കാർഷിക മേഖലയിൽ തൊഴിലവസരം’ പദ്ധതിയിൽ അംഗമായ പലർക്കും 30 മാസത്തിലേറെക്കാലം പെൻഷൻ കുടിശികയാണ്. പദ്ധതിയിൽ അംഗമാകാൻ കൃഷിഭവനുകളിൽ ആയിരം രൂപ അടച്ച് അപേക്ഷ സമർപ്പിക്കണമായിരുന്നു.
അംഗങ്ങൾക്ക് കാർഷിക – മൃഗസംരക്ഷണ മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കാൻ പരിശീലനവും സംരംഭം തുടങ്ങാൻ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയും ലഭ്യമാക്കുമെന്ന ഉറപ്പും നൽകിയിരുന്നു.
60 വയസ്സ് തികഞ്ഞാൽ ഗ്രാറ്റുവിറ്റിയും പ്രതിമാസം ആയിരം രൂപ പെൻഷനും നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. സർക്കാർ ക്ഷേമപെൻഷൻ നൽകുന്ന പ്രാധാന്യം ഈ പദ്ധതിയിലെ അംഗങ്ങളോട് കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.
കർഷക ദിനത്തിലെങ്കിലും പദ്ധതിയിൽ വർഷങ്ങൾക്ക് മുൻപ് ആയിരം രൂപ അടച്ച് ചേർന്നവരെ ഓർക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.
ഓണം പൊലിപ്പിക്കാൻ കുടുംബശ്രീ
കണ്ണൂർ ∙ കാർഷിക ഉപജീവന മേഖലാ പദ്ധതികളുടെ ഭാഗമായി ഓണം സമൃദ്ധമാക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ വിഷരഹിത പച്ചക്കറികളും കാർഷിക സംരംഭകരുടെ ഉൽപന്നങ്ങളും ഓണം വിപണിയിൽ എത്തിക്കും. ജില്ലയിലെ 81 സിഡിഎസിലും ഓണം വിപണന മേളകൾ സംഘടിപ്പിക്കും.ഓണക്കാലത്തു പച്ചക്കറി ഉറപ്പാക്കാൻ ആരംഭിച്ച് ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി 847.24 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തു.486.3 ഏക്കർ സ്ഥലത്ത് പയർ, പച്ചമുളക്, വെണ്ട, കക്കിരി, പാവൽ, പടവലം മുതലായവ കൃഷി ചെയ്തു.
കൂടാതെ വാഴ 607.5 ഏക്കർ, ചേന 420 ഏക്കർ, ചേമ്പ് 221.5 ഏക്കർ, ഇഞ്ചി 155.8 ഏക്കർ, ചെണ്ടുമല്ലിപൂവ് 202.5 ഏക്കർ എന്നിവയും കൃഷി ചെയ്തു. കാർഷികസംരംഭകരുടെ കൺസോർഷ്യത്തിന്റെ ഭാഗമായി ചിപ്സ്, ശർക്കര വരട്ടി ഉൽപന്നങ്ങൾ കുടുംബശ്രീ ഫ്രഷ് ബൈറ്റ് ബ്രാൻഡിൽ വിപണിയിൽ ലഭ്യമാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]