തളിപ്പറമ്പ്∙ ഗോത്ര കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന നരബലിയുടെ പ്രതീകമായി ഉച്ചബലി തെയ്യക്കോലങ്ങൾ കെട്ടിയാടി. ദേഹത്തുണ്ടാക്കിയ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്ന രക്തവുമായി കരാഗണങ്ങൾക്കൊപ്പം ഉറഞ്ഞാടിയ തെയ്യക്കോലങ്ങൾ പുതുതലമുറകൾക്ക് വിസ്മയമായി.
തളിപ്പറമ്പിന് സമീപം രാജരാജേശ്വര ക്ഷേത്രം തന്ത്രി കുടുംബമായ തലോറ ഇടവലത്ത് പുടയൂർ മനയിൽ 29 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മലയറാട്ടിന് തുടക്കം കുറിച്ചാണ് 2 ഉച്ചബലി തെയ്യങ്ങൾ ഒരേ സമയം കെട്ടിയാടിയത്. മന്ത്രമൂർത്തി ഉപാസനയുള്ള ബ്രാഹ്മണ ഇല്ലങ്ങളിലെ കളിയാട്ടങ്ങളുടെ ഭാഗമായാണ് അപൂർവമായി ഉച്ചബലി തെയ്യങ്ങൾ കെട്ടിയാടുന്നത്.
പഴയ ഗോത്രകാലഘട്ടത്തിൽ നിലനിന്നിരുന്ന നരബലിയുടെ രൂപമാണ് ഉച്ചബലി തെയ്യം.
കോലധാരിയുടെ കയ്യിൽ ഓലയുടെ പാന്തം വരിഞ്ഞുകെട്ടി രക്തം കെട്ടിനിർത്തിയ ശേഷം മുറിവുണ്ടാക്കി പുറത്തേക്കൊഴുക്കിയാണ് തെയ്യം പുറത്തിറങ്ങുന്നത്.ഉച്ചബലി തെയ്യക്കോലത്തിനൊപ്പം കുട്ടികൾ കെട്ടിയാടുന്ന 8 കരാഗണങ്ങളും ഇതിന്റെ പ്രത്യേകതയാണ്. പ്രതീകാത്മക നരബലിക്കു ശേഷം വെള്ളത്തുണി കൊണ്ട് പുതപ്പിക്കുന്ന ശരീരങ്ങൾ അടുത്തുള്ള ജലാശയത്തിലോ പുഴയിലോ എത്തിച്ച് ദേഹശുദ്ധി വരുത്തുന്നതോടെയാണ് ഉച്ചബലി സമാപിക്കുന്നത്.
രാഗേഷ് പണിക്കർ കുറ്റ്യേരി, അഭിലാഷ് പണിക്കർ വട്ടക്കൂൽ എന്നിവരാണ് തലോറയിൽ ഉച്ചബലി കെട്ടിയാടിയത്.
ഉച്ചബലി തെയ്യത്തിന് മുൻപായി കണ്ണേറുപാട്ടും അരങ്ങേറി.അപൂർവമായി നടക്കുന്ന തെയ്യക്കോലമായതിനാൽ വിദേശങ്ങളിൽ നിന്നുള്ളവർ പോലും മലയറാട്ടിൽ പങ്കെടുക്കാൻ തലോറയിലെത്തിയിരുന്നു. തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും നടന്നു.
ഇന്നു പുലർച്ചെ അന്തിക്കുട്ടി ശാസ്തൻ, ഭൈരവൻ തെയ്യങ്ങൾക്കു ശേഷം തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും നടക്കും. നാളെ പുലർച്ചെ 2 മുതൽ മലകിടാരൻ, ഊർപഴശ്ശി, വേട്ടയ്ക്കൊരുമകൻ തെയ്യങ്ങൾക്ക് ശേഷം ഇല്ലത്തിന്റെ പരദേവതയായ കൂവച്ചാൽ ഭഗവതിയുടെ തുടർന്ന തായ്പരദേവതയും കെട്ടിയാടുന്നതോടെ മലയറാട്ടിന് സമാപനമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

