തലശ്ശേരി ∙ പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിധി വരുന്നത് അഞ്ചു വർഷത്തിനു ശേഷം. കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പോസിക്യൂഷനും കുട്ടിയുടെ മാതാവും വിടാതെ കേസിനു പിന്നാലെ നിന്നു.
അവസാന സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ അന്വേഷണ ടീം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കു അയച്ചിരുന്നു.
ഈ പരിശോധന ഫലത്തിലാണ് ടൈലുകളിൽ രക്തക്കറ കണ്ടെത്തിയത്. കോവിഡ് കാലത്ത് അന്വേഷണം മുന്നോട്ട് പോവുന്നില്ലെന്നു പറഞ്ഞ് കുട്ടിയുടെ മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.
കേസിൽ പ്രാദേശിക ബിജെപി നേതാവും സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജൻ (49) കുറ്റക്കാരനെന്ന് അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽവച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നൽകിയത്.
തുടർന്ന് പോക്സോ ചുമത്തി കേസെടുത്തു. ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു.
ക്രൈംബ്രാഞ്ചടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം നൽകിയത്. ക്രൈംബ്രാഞ്ച് പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയത് വിവാദമായിരുന്നു.
ഇതിനിടെ പ്രതിക്ക് ജാമ്യവും ലഭിച്ചു.
കുറ്റപത്രം തള്ളണമെന്നും വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്തും ഹർജി നൽകുകയും കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി എഎസ്പി രീഷ്മ രമേശൻ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി പുതിയ സംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.
മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് 2020 ഒക്ടോബർ 20ന് ഹൈക്കോടതി പൊലീസ് മേധാവിക്കു നിർദേശം നൽകി.
തുടർന്ന് എഡിജിപി ജയരാജന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ടി.കെ.
ത്നകുമാർ ഉൾപ്പെടെ 7 അംഗ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. പോക്സോ വകുപ്പ് ചേർത്ത് 49 സാക്ഷികൾ ഉൾപ്പെടെ കുറ്റപത്രം നൽകി.
പ്രതിസ്ഥാനത്തുള്ള അധ്യാപകനെതിരെ ശാസ്ത്രീയ തെളിവു ലഭിച്ചതായി 2023 മേയിൽ കണ്ടെത്തിയ സംഘം തലശ്ശേരി പോക്സോ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇപ്പോൾ വിധി വന്നത്. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കുമെന്നതിന് അടിവരയിടുന്നതാണ് കോടതി വിധിയെന്ന് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ പി.എം.ഭാസുരി പറഞ്ഞു.
കേസന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദമുണ്ടായതായി പ്രതിഭാഗം അഭിഭാഷകൻ അഡ്വ.പി.പ്രേമരാജൻ പറഞ്ഞു. ഒടുവിൽ കേസന്വേഷിച്ച ഡിവൈഎസ്പി രത്നകുമാർ ശ്രീകണ്ഠപുരം നഗരസഭയിലേക്കുള്ള സിപിഎം സ്ഥാനാർഥിയാണെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

