കണ്ണൂർ∙ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലേചൊവ്വ മേൽപാല നിർമാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്.
രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള ടെൻഡർ നടപടിയും ആരംഭിച്ചു.
ഏറ്റെടുത്തത് 205 സെന്റ് ഭൂമി
∙ പദ്ധതിക്കായി പുറമ്പോക്ക് ഉൾപ്പെടെ ഏറ്റെടുത്ത 205 സെന്റ് സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്.
ആദ്യത്തെ ഘട്ടത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി. ശേഷിക്കുന്നവ 2 മുതൽ 4 വരെയുള്ള ഘട്ടങ്ങളായി ടെൻഡർ ചെയ്ത് പൊളിച്ചു മാറ്റാനാണ് പദ്ധതി നിർവഹണം ഏറ്റെടുത്ത റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്്മെന്റ് കോർപറേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ശേഷിക്കുന്ന ടെൻഡറുകൾ ഒരുമിച്ച് ചെയ്യുന്നതിന് സബ്കലക്ടർ നിർദേശം നൽകി.
പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിക്കുന്നതിന് കണ്ണൂർ കോർപറേഷന്റെ ട്രീ കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്. മരത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
പദ്ധതിക്ക് 255.39 കോടി
∙ 2016 ലാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗത്ത് ബസാർ മേൽപാലം പ്രവൃത്തി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്െമന്റ് കോർപറേഷനെ ഏൽപിച്ചത്.
പദ്ധതിയുടെ പുതുക്കിയ ഭരണാനുമതി 255.39 കോടി രൂപയുടേതാണ്. കിഫ്ബി ധനസഹായം 130.87 കോടി രൂപയാണ്.
സ്ഥലം ഏറ്റെടുക്കലിന് 2019ൽ ഡിപിആർ ലഭിച്ചു. റവന്യു വകുപ്പിൽ നിന്ന് ഭരണാനുമതി 2020 ലാണ് ലഭിച്ചത്.
മേൽപാലം ഈവിധം
∙എകെജി ആശുപത്രി സ്റ്റോപ്പിന് ശേഷം കരിമ്പ് ഗവേഷണ കേന്ദ്രം മുതൽ ചേംബർ ഹാൾ വരെയാണ് മേൽപാലം നിർമിക്കുക. അപ്രോച്ച് എംബാങ്കുകൾ ഉൾപ്പെടെ 1092 മീറ്റർ ദൈർഘ്യമാണ് മേൽപാലത്തിനുള്ളത്.
മേൽപാലം 10.9 മീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയാണ്. മേൽപാലത്തിന്റെ താഴെ ഇരുവശത്തും രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയോടു കൂടിയ 7.5 മീറ്റർ കാര്യേജ് വേയും നിർമിക്കും. കാൾടെക്സ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് സൗത്ത് ബസാർ ഫ്ലൈഓവർ. സിറ്റി റോഡ്, മേലേചൊവ്വ മേൽപാലം, സൗത്ത് ബസാർ മേൽപാലം എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

