തളിപ്പറമ്പ് ∙ തങ്ങളുടെ ജീവിത മാർഗമായിരുന്ന സ്ഥാപനങ്ങളിൽ അഗ്നിനാളങ്ങൾ ബാക്കിയാക്കിയ അവശേഷിപ്പുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ വ്യാപാരികൾ നീക്കിത്തുടങ്ങി. കത്തിക്കരിഞ്ഞതും അല്ലാത്തതുമായ കറൻസി നോട്ടുകളും, 5 ദിവസത്തോളം നീക്കം ചെയ്യാതെ കിടന്നതിനെ തുടർന്ന് നശിച്ച ഭക്ഷ്യവസ്തുക്കളും വെള്ളം കയറി നശിച്ച വിലയേറിയ തുണിത്തരങ്ങളുമെല്ലാമായിരുന്നു കത്തിയെരിഞ്ഞ കടകളിൽ അവരെ കാത്തിരുന്നത്.
9ന് വൈകിട്ടുണ്ടായ അഗ്നിബാധയിൽ നശിച്ച കെ.വി.കോംപ്ലക്സിലെ കടകളിൽ 4 ദിവസത്തിന് ശേഷമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചത്. ഇത് വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു.
സാങ്കേതികത്വങ്ങൾ പറഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ താമസിപ്പിച്ചത് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നാശനഷ്ടം സംഭവിച്ച കടകളിൽ വ്യാപാരികളുടെ നേതൃത്വത്തിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഇത് പൂർത്തിയായ ശേഷം കോംപ്ലക്സിൽ നഗരസഭയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് ശുചീകരണം നടത്താനും തീരുമാനമായത്. ഇന്നലെ ആർഡിഒ കെ.വി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും തീരുമാനം അംഗീകരിച്ചിരുന്നു.
ഇന്നലെ പുലർച്ചെ മുതലാണ് വ്യാപാരികളുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചത്. പകുതി കത്തിയ കറൻസികൾ ഉൾപ്പെടെ ചില കടകളിൽ നിന്ന് ലഭിച്ചപ്പോൾ തീപിടിക്കാത്ത നിലയിൽ 10000 രൂപയോളം ലഭിച്ചു.
സൂപ്പർ മാർക്കറ്റിലെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ തീ കെടുത്താൻ ഉപയോഗിച്ച വെള്ളം കയറിയും മറ്റും നശിച്ച് അഴുകിയ നിലയിലാണ്. 24 മുറികളിൽ പ്രവർത്തിച്ചിരുന്ന ഷാലിമാർ സ്റ്റോറിൽ നിന്ന് ലോറികളിൽ ലോഡ് കണക്കിനാണ് കത്തിനശിച്ച പാത്രങ്ങളും മറ്റ് സാധനങ്ങളും നീക്കം ചെയ്തത്.
കമ്പികളും മറ്റും മുറിക്കാനായി തളിപ്പറമ്പിലെ ആഡ്സ്റ്റാർ എന്ന സ്ഥാപനം തങ്ങളുടെ 10 ഓളം ജീവനക്കാരെയും ഇരുമ്പ് മുറിക്കാനുള്ള കട്ടറുകളും സൗജന്യമായി വിട്ടുനൽകുകയായിരുന്നു.
പ്രത്യേകമായി ഗോഡൗണുകൾ വാടകയ്ക്ക് എടുത്താണ് കത്തിയെരിഞ്ഞ സാധനങ്ങൾ മാറ്റുന്നത്. വൻ വിലയുള്ള പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പിന്നീട് ആക്രി വിലയ്ക്ക് വിൽക്കേണ്ടി വരുമെന്ന് വ്യാപാരികൾ പറഞ്ഞു.
വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീൻ, ടി.ജയരാജൻ, പ്രദീപ്കുമാർ, മനോഹരൻ, എന്നിവർ നേതൃത്വം നൽകി. കെട്ടിടത്തിന് പുറത്ത് ബോർഡുകളും മറ്റും സ്ഥാപിച്ച നിരവധി ഇരുമ്പ് കമ്പികളും മുറിച്ച് നീക്കേണ്ടതിനാൽ ഇവ നീക്കം ചെയ്യുന്നത് ഏറെ ദുഷ്കരമാണ്.
വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്ററുകൾ എത്തിച്ചാണ് ഇരുമ്പ് കമ്പികളും മറ്റും മുറിച്ചുമാറ്റുന്നത്. ശുചീകരണ പ്രവൃത്തികൾ ഇന്നും തുടരും.
വ്യാപാരികളുടെ യോഗം വിളിച്ച് അഗ്നിരക്ഷാ കേന്ദ്രം
തളിപ്പറമ്പ്∙ അഗ്നിബാധ തടയാൻ സ്ഥാപനങ്ങളിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിക്കണമെന്ന ബോധവൽക്കരണവുമായി അഗ്നിരക്ഷാ സേനയും രംഗത്ത്.
ഇതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തളിപ്പറമ്പിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗം ഇന്ന് 2ന് തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിൽ വിളിച്ചുചേർത്തതായി സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് പറഞ്ഞു. ഒരു ഫയർ എക്സ്റ്റിങ്ഗ്യൂഷറെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ തളിപ്പറമ്പിൽ ഉണ്ടായ വൻ അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു എന്ന് ഇന്നലെ മെട്രോ മനോരമ ചൂണ്ടി കാട്ടിയിരുന്നു.
ഇതിന്റെയും പശ്ചാത്തലത്തിലാണ് അഗ്നിരക്ഷാ സേന അധികൃതർ തന്നെ യോഗം വിളിച്ചുചേർത്തത്.
മെട്രോ മനോരമ വാർത്ത വന്നതിന് ശേഷം ഇന്നലെ തന്നെ തളിപ്പറമ്പിലെ ഫയർ എക്സ്റ്റിങ്ഗ്യൂഷർ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് 50 ഓളം വ്യാപാരികൾ ഇത് വാങ്ങിയിട്ടുണ്ട്. തളിപ്പറമ്പിലെ ഏറ്റവും പ്രമുഖ ഹോട്ടൽ ശൃംഖലയും ഇന്നലെയാണ് ഫയർ എക്സ്റ്റിങ്ഗ്യൂഷർ വാങ്ങിയത്.
വ്യാപാരി സംഘടനകളുടെ 3 വീതം പ്രതിനിധികളെയാണ് യോഗത്തിലേക്ക് വിളിച്ചത്.
അഗ്നിബാധയുണ്ടായ കെട്ടിടത്തിൽ സ്ഥാപനങ്ങൾ പുനരാരംഭിക്കുമ്പോൾ കെട്ടിടത്തിന്റെയും ഇലക്ട്രിക്കൽ വയറിങ്ങിന്റെയും സുരക്ഷ സംബന്ധിച്ച കാര്യങ്ങളും ഷോർട്ട് സർക്കീറ്റുകളും മറ്റും ഒഴിവാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് ഒരു മാസത്തിനുള്ളിൽ തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിച്ചിട്ടുണ്ടോയെന്നും ഇലക്ട്രിക്കൽ വയറിങ് സംബന്ധിച്ചും പരിശോധനയും നടത്തുമെന്നും അഗ്നിരക്ഷാ കേന്ദ്രം അധികൃതർ പറഞ്ഞു.
ഇന്നലെ അഗ്നിരക്ഷാ കേന്ദ്രം ജീവനക്കാരുടെ യോഗം ചേർന്നും നടപടികൾ ചർച്ച ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]