കേറിവാ മക്കളേ..: പ്ലസ് വൺ പ്രവേശനം: യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും കണ്ണൂർ ജില്ലയിൽ പ്രവേശനം ഉറപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക പോർട്ടൽ വഴി അപേക്ഷ ഇന്നലെ തുടങ്ങിയിരിക്കെ, തുടർപഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ജില്ലയിൽ പ്രവേശനം ഉറപ്പ്. ജില്ലയിൽ 35,331 വിദ്യാർഥികളാണ് പ്ലസ് വൺ പഠനത്തിനു യോഗ്യത നേടിയത്. ജില്ലയിലുള്ളത് 35,755 സീറ്റും. ഇഷ്ടപ്പെട്ട വിഷയത്തിൽ തന്നെ പഠിക്കാൻ ഭൂരിഭാഗം പേർക്കും അവസരം ലഭിക്കും. സിബിഎസ്ഇ മേഖലയിൽനിന്നു കേരള സിലബസിലേക്കു മാറുന്നവരുണ്ടെങ്കിലും സീറ്റിനു പ്രയാസമുണ്ടാകില്ല.
മെറിറ്റ്, മാനേജ്മെന്റ് സീറ്റ്
157 ഹയർസെക്കൻഡറി സ്കൂളുകളാണു ജില്ലയിൽ. സർക്കാർ – 81, എയ്ഡഡ് – 63, അൺ എയ്ഡഡ് – 13. ഇവിടെയെല്ലാമായുള്ള 35,755 സീറ്റിൽ 29,201എണ്ണം മെറിറ്റും 2,683 മാനേജ്മെന്റ് സീറ്റുമാണ്. 1,421 കമ്യൂണിറ്റി ക്വോട്ടയാണ്. ഇതുകൂടാതെ വിഎച്ച്എസ്ഇയിൽ 1,590 സീറ്റുകളുമുണ്ട്. ഐടിഐ, പോളിടെക്നിക് എന്നിവിടങ്ങളിലും സീറ്റുകളുണ്ട്.
അപേക്ഷ
ഏകജാലക പോർട്ടൽ വഴി പ്ലസ്വൺ പ്രവേശന അപേക്ഷ 20 വരെ നൽകാം. ഓൺലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കൽ. എല്ലാ സ്കൂളുകളിലും ഇതിനായി ഹെൽപ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കുമായി ഒറ്റ അപേക്ഷ മതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്വേയിലൂടെ സ്വന്തം നിലയ്ക്കോ സ്കൂളിലെ കംപ്യൂട്ടർ ലാബിലൂടെയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. https://hscap.kerala.gov.in/ എന്ന ലിങ്കിൽ കയറി ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ – എസ്ഡബ്ല്യുഎസ് എന്ന വിൻഡോയിൽ കയറി ആദ്യം ലോഗിൻ ചെയ്യണം.
രേഖകൾ
കാൻഡിഡേറ്റ് ലോഗിനിൽ അപ്ലൈ ഓൺലൈൻ എന്ന ഓപ്ഷനിലൂടെയാണു സ്വന്തം നിലയ്ക്കുള്ള അപേക്ഷ നൽകേണ്ടത്. സൈറ്റിൽനിന്നു ലഭിക്കുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കണം. ഇതുപയോഗിച്ചാണു തുടർനടപടികൾ. ഭിന്നശേഷി വിഭാഗക്കാരും ഇതരപഠന സ്കീമിലുള്ളവരും മാത്രമേ അപേക്ഷയ്ക്കൊപ്പം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുള്ളൂ. ബാക്കിയുള്ളവർ വിവരങ്ങൾ നൽകിയാൽ മതി, രേഖകൾ വേണ്ട.
അലോട്മെന്റ്
പ്രധാനമായും 3 അലോട്മെന്റാണ് ഉണ്ടാകുക. ആദ്യ അലോട്മെന്റിനു മുൻപായി 24നു ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താനും സബ്ജക്ട് കോംബിനേഷനിൽ മാറ്റം വരുത്താനുമുള്ള അവസരമാണിത്. ജൂൺ 2, 10, 16 തീയതികളിലാണ് ഒന്നും രണ്ടും മൂന്നും അലോട്മെന്റുകൾ. ക്ലാസ് 18നു തുടങ്ങും. ഇതിനകം പ്രവേശനം ലഭിക്കാത്തവർക്കു സപ്ലിമെന്ററി അലോട്മെന്റിലൂടെ പ്രവേശനം തേടാം. അത് 23നു പൂർത്തിയാകും.
വിഎച്ച്എസ്ഇകൾ
തളിപ്പറമ്പ്, കുറുമാത്തൂർ, അഴീക്കൽ, ചെറുകുന്ന്, തോട്ടട, കണ്ണൂർ, കല്യാശ്ശേരി, പരിയാരം, പയ്യന്നൂർ, കതിരൂർ, മാടായി, ചിറക്കര, പയ്യാമ്പലം, കൊടുവള്ളി, കടവത്തൂർ, എടയന്നൂർ, നെരുവമ്പ്രം, പുളിങ്ങോം, കാർത്തികപുരം എന്നിവിടങ്ങളിൽ.
ഓപ്ഷൻ
അഭിരുചിയനുസരിച്ചു വിവിധ വിഷയങ്ങൾ ചേർത്തു പഠിക്കാൻ അവസരമുണ്ടെന്നതാണു പ്ലസ്വൺ ഏകജാലക പ്രവേശനത്തിന്റെ അടിസ്ഥാനം. ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഓപ്ഷൻ. അഭിരുചിയനുസരിച്ച് വിഷയ കോംബിനേഷൻ വേർതിരിച്ചു പരിശോധിച്ചു വേണം കുട്ടികൾ ഓപ്ഷൻ തിരഞ്ഞെടുക്കാൻ. ഹയ സെക്കൻഡറിയുടെ വെബ്സൈറ്റിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെ കോഡും വിഷയ കോംബിനേഷനും കാണാം. 50 ഓപ്ഷനുകൾ വരെ അപേക്ഷയിൽ നൽകാം.
കോംബിനേഷൻ
സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ ഗ്രൂപ്പുകളിലായി 45 സബ്ജക്ട് കോംബിനേഷനുകളാണുള്ളത്. സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ മുഖ്യവിഷയങ്ങൾക്കൊപ്പം ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന കോംബിനേഷനുകൾ തിരഞ്ഞെടുക്കാം. ഹ്യുമാനിറ്റീസിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ മുഖ്യവിഷയങ്ങൾക്കൊപ്പം ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, ഭാഷാവിഷയങ്ങൾ, കംപ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയവ തിരഞ്ഞെടുക്കാം. കൊമേഴ്സിൽ ഇക്കണോമിക്സിനും അക്കൗണ്ടൻസിക്കുമൊപ്പം ബിസിനസ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഷയങ്ങളും തിരഞ്ഞെടുക്കാം.