
അവധിക്കുരുക്കിൽ മുഴപ്പിലങ്ങാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഴപ്പിലങ്ങാട് ∙ അവധിദിനമെന്നു കേട്ടാൽ മുഴപ്പിലങ്ങാടിന് ആധിയാണ്. ഞായർ അടക്കമുള്ള അവധി ദിനങ്ങളിൽ മുഴപ്പിലങ്ങാട് മേഖലയിലെ റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണു പ്രദേശവാസികൾക്ക്. ധർമടം–മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന്റെ സമഗ്രവികസന പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണത്തിന്റെ ഭാഗമായി എടക്കാട് മുതൽ മുഴപ്പിലങ്ങാട് തെറിമ്മൽ ഭാഗം വരെ ഒരു കിലോമീറ്ററിൽ നിർമിച്ച നടപ്പാത തുറന്നു കൊടുത്തതോടെയാണു ബീച്ചിൽ സന്ദർശകരുടെ തിരക്കേറിയത്.
നാലു റോഡും ഇടറോഡ്
ദേശീയപാതയിൽനിന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കെത്താൻ നാലു റോഡുകളുണ്ട്. മുഴപ്പിലങ്ങാട് യൂത്ത്, മഠം, കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽനിന്നുള്ള റോഡുകളെല്ലാം ഇടുങ്ങിയതാണ്. ഇതിനുപുറമേയാണു റോഡുകളിലെ റെയിൽവേ ഗേറ്റുകൾ. ബീച്ച് റോഡിലെ ഗതാഗതക്കുരുക്ക് കാരണമുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ടനിര ദേശീയപാതയുടെ സർവീസ് റോഡിലും എത്തുന്നതിനാൽ ദേശീയപാതയിലും ഗതാഗതക്കുരുക്കാണപ ഫലം. റെയിൽവേ ഗേറ്റ് അടച്ചാൽ സ്ഥിതി രൂക്ഷമാകും. അടുത്ത മാസം സ്കൂൾ തുറക്കുന്നതോടെ, വൈകിട്ട് കുട്ടികൾ വീടുകളിലേക്ക് എത്താൻ വിഷമിക്കുമെന്ന ആശങ്കയുമുണ്ട്.
നാണക്കേടെന്ന് ജനം
ഡ്രൈവ് ഇൻ ബീച്ചിനെ ലോകനിലവാരത്തിൽ എത്തിക്കാൻ 300 കോടിയുടെ പദ്ധതിയാണു നടപ്പിലാക്കുന്നത്. ഇതിൽ 79.5 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികളാണു പൂർത്തീകരിച്ചത്. നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ശുചിമുറികൾ, കിയോസ്കുകൾ, ലാൻഡ് സ്കേപ്പിങ്, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ, വിളക്കുമാടം എന്നിവയുടെ നിർമാണമാണു പൂർത്തിയായത്. ഇത്രയൊക്കെയായിട്ടും ബീച്ചിലേക്കുള്ള റോഡുകൾ പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ലാത്ത ഇടറോഡുകളായി നിലകൊള്ളുന്നതു ജില്ലയുടെ ടൂറിസം മേഖലയ്ക്കു നാണക്കേടാണെന്നു ജനം പറയുന്നു.