കണ്ണൂർ ∙ മുനിസിപ്പൽ സ്റ്റേഡിയവും പഴയ ബസ് സ്റ്റാൻഡും ബന്ധിപ്പിച്ചുള്ള സ്പോർട്സ്–വ്യാപാര സമുച്ചയം വരുന്നതോടെ കണ്ണൂർ കോർപറേഷന്റെ മുഖഛായ മാറുമെന്ന് മേയർ പി.ഇന്ദിര പറഞ്ഞു. സ്റ്റേഡിയത്തെയും ബസ് സ്റ്റാൻഡിനെയും അണ്ടർഗ്രൗണ്ടിലൂടെ ബന്ധിപ്പിച്ചുള്ള പ്ലാനാണ് തയാറാക്കുന്നത്.
നിലവിലുള്ള വ്യാപാരികളെ കുടിയിറക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും ഇതു യാഥാർഥ്യമാകുന്നതോടെ കണ്ണൂരിന്റെ വികസനത്തിനു വൻ കുതിപ്പാകുമെന്നും ഇന്ദിര പറഞ്ഞു. കോർപറേഷന്റെ വികസനവുമായി ബന്ധപ്പെട്ട് മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ. ഭരണ–പ്രതിപക്ഷ ഐക്യം ഇതിൽ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്ലാൻ തയാറാക്കാൻ ആഗോള ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല.
വീണ്ടും ടെൻഡർ വിളിക്കും. കെ.സുധാകരൻ എംപിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി.
സ്റ്റേഡിയവും പഴയ ബസ് സ്റ്റാൻഡും പൂർണമായും പൊളിച്ച് പുതുക്കിപ്പണിയണം. വാഹന പാർക്കിങ്, മൾട്ടിപ്ലക്സ്, ഫുഡ്കോർട്ട് എന്നിവയെല്ലാമായി ടൂറിസ്റ്റുകളെ ആകർഷിക്കുന്നരീതിയിലാണ് പ്ലാൻ ചെയ്യുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിലെ വ്യാപാരികളുമായുള്ള ചർച്ച 20ന് നടക്കും.
കോർപറേഷൻ ഓഫിസിൽ സ്ത്രീകൾക്കായി ഹെൽപ്ഡെസ്ക് സ്ഥാപിക്കണം.
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സൗകര്യങ്ങളുമില്ല. ശുചിമുറി തേടിയലയേണ്ട
ഗതികേടാണ്. ജീവിതശൈലീ രോഗങ്ങൾ കൂടുകയാണ്.
ആരോഗ്യ ബോധവൽക്കരണവും ശക്തമാക്കണം. അതിന് കോർപറേഷൻ മുൻകയ്യെടുക്കണം.
മുതിർന്നപൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കു വേണ്ട ക്ഷേമമാര്യങ്ങളിലും ശ്രദ്ധകൊടുക്കണം.
ഡോ.മേരി ഉമ്മൻ (സാമൂഹികപ്രവർത്തക)
നഗരവികസന രൂപരേഖ തയാറാക്കാൻ പല മേഖലകളിലെ വിദഗ്ധരുടെ സംഘം രൂപീകരിക്കും.
വികസനത്തിന് പണം തരാൻ പല കമ്പനികളും തയാറാണ്. അത് ഏതെല്ലാം മേഖലകളിൽ ഉപയോഗപ്പെടുത്തണമെന്ന് വിദഗ്ധസംഘത്തിന്റെ ഉപദേശം തേടും. നോർത്ത് മലബാർ േചംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി.അനിൽകുമാർ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.എം.സുഗുണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ.വി.സലീം, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, പി.എം.അഖിൽ, റസിഡൻസ് അസോസിയേഷൻ കേരള സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ.അനിൽകുമാർ, കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.വി.ഹാരിസ്, സാമൂഹികപ്രവർത്തക ഡോ.മേരി ഉമ്മൻ, റിട്ട.
ട്രാഫിക് എസ്ഐ പി.വിനോദ്കുമാർ എന്നിവരാണ് ആശയങ്ങൾ പങ്കുവച്ചത്.
ചേംബർ ഹാൾ മുതൽ കാൾടെക്സ് വരെയുള്ള റോഡ് വീതികൂട്ടിയാൽ നഗരത്തിലെ തിരക്ക് കുറയ്ക്കാനാകും. എൻഎസ് ടാക്കീസിനു മുൻപിലുള്ള ബസ് സ്റ്റോപ് ശ്രീദേവി ഹോട്ടൽ പരിസരത്തേക്കു മാറ്റിയാൽ തിരക്കു കുറയ്ക്കാം.
കലക്ടറേറ്റിനു മുൻവശം, എസ്ബിഐയുടെ മുൻവശം എന്നിവിടങ്ങളിൽ സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കണം. എകെജി ആശുപത്രിക്കു മുൻവശത്ത് ആംബുലൻസുകൾ റോഡിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി പാമ്പൻ മാധവൻ റോഡ് രണ്ട് വരിയായി വാഹനം പോകുന്നതിന് സൗകര്യമൊരുക്കണം.
മൾട്ടി കാർ പാർക്കിങ് പരിസരത്ത് കാറുകൾ പാർക്ക് ചെയ്യുന്നതു തടയണം.
പി.വിനോദ്കുമാർ (റിട്ട. ട്രാഫിക് എസ്ഐ)
ഒഡീഷ മാതൃകയിൽ ശുചിമുറി മാലിന്യ സംസ്കരണം
ഒഡീഷയിൽ വിജയകരമായി നടപ്പാക്കുന്ന ശുചിമുറി മാലിന്യ പ്ലാന്റ് കണ്ണൂരിലും ഒരുങ്ങുകയാണ്.
ശുചിമുറി മാലിന്യം യന്ത്രസംവിധാനത്തിലൂടെ വലിച്ചെടുത്ത് പ്ലാന്റിൽ കൊണ്ടുപോയി സംസ്കരിക്കുന്നതാണ് രീതി. ഇതിനായി 2 വാഹനം വാങ്ങി. പ്ലാന്റ് മാസങ്ങൾക്കകം ഉദ്ഘാടനം ചെയ്യും.
ഡയപ്പർ സംസ്കരണ പ്ലാന്റും നിർമാണം പൂർത്തിയാക്കുകയാണ്.
പടന്നത്തോട്ടിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) സംഭരണശേഷി കൂട്ടണം. തോട്ടിലേക്ക് ഒഴുകിയെത്തുന്ന എല്ലാ ഓടകളെയും പ്ലാന്റുമായി ബന്ധിപ്പിച്ചാലേ പൂർണതോതിൽ വിജയമാകൂ.
നഗരത്തിലെത്തുന്നവർക്ക് ഉപയോഗിക്കാൻ ഇപ്പോൾ ശുചിമുറികൾ കുറവാണ്. നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പൊതുശുചിമുറികൾ നിർമിക്കും.
ഇതിനായി കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തും.
വിദേശ ടൂറിസ്റ്റുകൾ ശാന്തമായ സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. രണ്ടാഴ്ചയോളം ശാന്തമായ സ്ഥലത്ത് താമസിക്കാനാണ് അവർ വരുന്നത്.
അത്തരക്കാർക്കുള്ള ഹോംസ്റ്റേകളാണ് ഇനി കൂടുതൽ വരേണ്ടത്. ഹോം സ്റ്റേകൾക്ക് സർക്കാർ പ്രോത്സാഹനപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ഉദ്യോഗസ്ഥർ നിസ്സാരകാരണങ്ങൾ പറഞ്ഞ് തടസ്സം നിൽക്കുകയാണ്.
ഈ മനോഭാവം മാറണം. ലൈസൻസ് തരാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
ഈ രീതി മാറണം.
ഇ.വി.ഹാരിസ് (കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)
അടിമുടി മാറും പയ്യാമ്പലം
പയ്യാമ്പലം ബീച്ച് റോഡിലെ തട്ടുകടകളെ ഒഴിപ്പിച്ച് ബീച്ച് വെൻഡിങ് സോൺ ഒരുങ്ങുന്നു. റോഡരികിലെ തട്ടുകടകൾ മാറ്റി ഇതിലൂടെ വൺവേ ഗതാഗതമാക്കും.
കോഴിക്കോട് ബീച്ച് മാതൃകയിലാണ് പയ്യാമ്പലത്തും വെൻഡിങ് സോൺ ഒരുങ്ങുന്നത്. ഇതിന്റെ എഐ മാതൃക കോർപറേഷൻ തയാറാക്കി. പയ്യാമ്പലത്തെത്തുന്ന ടൂറിസ്റ്റുകളെ ഇപ്പോൾ പിന്നാക്കം വലിക്കുന്നത് യാത്രാപ്രശ്നമാണ്.
റോഡരികിലെ കച്ചവടവും പാർക്കിങ്ങും കാരണം എപ്പോഴും ഗതാഗത തടസ്സമാണിവിടെ. പുതിയ രീതി വരുന്നതോടെ അതിനൊരു പരിഹാരമാകുമെന്ന് മേയർ പി.ഇന്ദിര പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

