കണ്ണൂർ ∙ കഠിനാധ്വാനം ചെയ്തുണ്ടാക്കിയതെല്ലാം കൺമുന്നിൽ കത്തിയമർന്നിന്റെ ഞെട്ടലിൽനിന്ന് ഇപ്പോഴും തളിപ്പറമ്പിലെ വ്യാപാരികൾ മുക്തരായിട്ടില്ല. ഏകദേശം 520 കുടുംബങ്ങളുടെ ജീവിതങ്ങളിലേക്കാണു തളിപ്പറമ്പ് കെ.വി.കോംപ്ലക്സിലെ തീനാളങ്ങൾ പടർന്നുകയറിയത്.
അഞ്ചു മണിക്കൂറിനുള്ളിൽ എല്ലാം ചാരമായപ്പോൾ ഒട്ടേറെ ചോദ്യങ്ങളുമുയർന്നു. ചെറിയ തോതിൽ ആരംഭിച്ച തീപിടിത്തം അതിവേഗം കത്തിപ്പടരുംമുൻപ് നിയന്ത്രിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ട്? അഗ്നിരക്ഷാസേനയ്ക്കുമുന്നിലെ പ്രതിസന്ധികൾ എന്തൊക്കെയായിരുന്നു? ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യണം?
അഗ്നിരക്ഷാസേന കുടുങ്ങി, വലഞ്ഞു…
നിമിഷങ്ങൾക്കുള്ളിലാണു കെട്ടിടങ്ങളുടെ മുൻവശം മുഴുവൻ തീപടർന്നു പിടിച്ചത്.
തീകെടുത്താനുള്ള മികച്ച സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ തളിപ്പറമ്പ് അഗ്നിരക്ഷാസേന അധികൃതർ ഉടൻതന്നെ മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. എന്നാൽ, ഇവ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ തീ കത്തിപ്പടർന്നു.
തളിപ്പറമ്പിലെ കുടിവെള്ള വിതരണ ടാങ്കറുകൾ മാത്രമായിരുന്നു അപ്പോൾ ആശ്രയം. പൊലീസിന്റെ സഹായത്തോടെയാണ് 6.20ന് പയ്യന്നൂർ, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള രക്ഷാവാഹനങ്ങൾക്കു തളിപ്പറമ്പിൽ എത്താനായത്.
അപ്പോഴേക്കും ജില്ല കണ്ട ഏറ്റവും വലിയ അഗ്നിദുരന്തത്തിനു തളിപ്പറമ്പ് സാക്ഷിയായിക്കഴിഞ്ഞിരുന്നു.
നഗരത്തിലെ അഗ്നിരക്ഷാസേനാ വാഹനങ്ങൾക്കു വെള്ളം ശേഖരിക്കാനുള്ള വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്നു വർഷങ്ങൾക്ക് മുൻപേ നിർദേശമുയർന്നിരുന്നു.
വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പുകളിൽ പ്രത്യേക വാൽവുകൾ ഘടിപ്പിച്ച് അഗ്നിരക്ഷാസേനയ്ക്ക് വെള്ളം എടുക്കാൻ സാധിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ ദിവസത്തെ അഗ്നിബാധ അവലോകന യോഗത്തിൽ ജില്ലാ ഫയർ ഓഫിസറുടെ അഭ്യർഥനയിൽ ഇവ തളിപ്പറമ്പിൽ സ്ഥാപിക്കാൻ എം.വി.ഗോവിന്ദൻ എംഎൽഎ 14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
തളിപ്പറമ്പ് നഗരത്തിൽ കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപത്തും നഗരസഭ ഓഫിസ് പരിസരത്തുമാണ് ഇതു സ്ഥാപിക്കുക. ഇവ മുൻപേ സ്ഥാപിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ തീപിടിത്തം തന്നെ ഒഴിവാകുമായിരുന്നു.
എമർജൻസി ടെൻഡർ ഒന്നുമാത്രം
തളിപ്പറമ്പ് അഗ്നിരക്ഷാകേന്ദ്രത്തിൽ തീ കെടുത്താൻ ആകെയുള്ളത് 4500 ലീറ്റർ ശേഷിയുള്ള ഒരു എമർജൻസി ടെൻഡർ(അഗ്നിരക്ഷാസേന വാഹനം) മാത്രം.
2 മാസം മുൻപ് വരെ ഇത്തരത്തിലുള്ള തീകെടുത്തുന്ന 3 ടെൻഡറുകൾ ഉണ്ടായിരുന്നെങ്കിലും പുതിയ വാഹന നിയമപ്രകാരം 15 വർഷ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഇവ കണ്ടം ചെയ്യാനായി തിരിച്ചയച്ചു. ഇതിനു പകരമായി ലഭിച്ചത് ടെൻഡറുകൾക്ക് വെള്ളം കൊണ്ടുചെന്നു കൊടുക്കുന്ന 9000 ലീറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണ്. ഈ ലോറിയിൽ നിന്ന് തീയിലേക്ക് വെള്ളം പമ്പ് ചെയ്യാൻ സാധിക്കില്ല.
രക്ഷാപ്രവർത്തനം നടത്തുന്ന എമർജൻസി ടെൻഡറിനു വെള്ളം എത്തിച്ചു കൊടുക്കാൻ മാത്രമേ കഴിയൂ.
ഈ വാഹനമാണ് കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായപ്പോൾ വന്ന് തീയിലേക്ക് വെള്ളം പമ്പ് ചെയ്യാതെ വെറുതേ നിന്നു എന്ന തെറ്റിദ്ധാരണയുണ്ടാക്കിയത്. പിന്നീടുള്ളത് 1000 ലീറ്റർ ശേഷിയുള്ള വെള്ളത്തോടൊപ്പം പതയും ഉപയോഗിക്കുന്ന എഫ്ആർവി എന്ന ചെറിയ വാഹനങ്ങളാണ്. ഇവ വലിയ അഗ്നിബാധകൾക്ക് ഉപയോഗിക്കാനാവില്ല.
കണ്ണൂരിൽ നിന്ന് 12000 ലീറ്റർ ശേഷിയുള്ള ബ്രൗസർ വാഹനങ്ങൾ എത്തിയ ശേഷമാണു തളിപ്പറമ്പിലെ തീ കെടുത്താൻ സാധിച്ചത്. തളിപ്പറമ്പിൽ കണ്ടം ചെയ്യാൻ അയച്ച ടെൻഡറുകൾക്ക് പകരം ഇനി തീ കെടുത്തുന്ന വാഹനങ്ങൾ എപ്പോഴാണു കിട്ടുക എന്നതിനു തീരുമാനമായിട്ടില്ല.
വേനൽക്കാലങ്ങളിൽ ദിനംപ്രതി ആറോളം സഹായ വിളികൾ എത്തുന്ന സ്റ്റേഷനാണ് തളിപ്പറമ്പ്. അഗ്നിരക്ഷാസേനകൾക്കായി 40 പുതിയ ടെൻഡറുകളുടെ നിർമാണം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
4 മാസമെങ്കിലും കഴിഞ്ഞാലേ ഇവയുടെ നിർമാണം പൂർത്തിയാകൂ. ജോലിത്തിരക്ക് കുറഞ്ഞ ഏതെങ്കിലും സ്റ്റേഷനുകളിൽ നിന്നെങ്കിലും അടിയന്തരമായി എമർജൻസി ടെൻഡറുകൾ തളിപ്പറമ്പിൽ എത്തിച്ചാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഇനിയെങ്കിലും തടയാനാകൂ.
തീ ബാക്കിവച്ചത്…
കണ്ണൂർ, കാസർകോട് ജില്ലകളിലെ 14 യൂണിറ്റുകൾ ചേർന്ന് രാത്രി ഒൻപതോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.
ആളപായമില്ലെന്ന ആശ്വാസമുണ്ടെങ്കിലും പിറ്റേന്നു നേരം പുലർന്നപ്പോൾ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു ചുറ്റും. ഒരു ആയുഷ്കാലത്തെ സമ്പാദ്യം മുഴുവൻ മണിക്കൂറുകൾക്കുള്ളിൽ വെണ്ണീറായതുകണ്ട് വ്യാപാരികൾ വിതുമ്പി.
കെട്ടിടത്തിന്റെ രണ്ടു നിലകളിലായി 24 മുറികളിലായി പ്രവർത്തിച്ചിരുന്ന ഷാലിമോർ സ്റ്റോഴ്സ് കത്തിച്ചാമ്പലായിക്കഴിഞ്ഞിരുന്നു. കൂൾ ബാറുകളിൽ അവശേഷിച്ചതാകട്ടെ ചാരം മാത്രം. 2 ദിവസങ്ങൾക്കു മുൻപ് ഇറക്കിയ 2 ലക്ഷത്തിലധികം രൂപയുടെ പുതിയ സ്റ്റോക്ക് സാധനങ്ങൾ ഒന്നുതുറന്നു നോക്കാൻ പോലും സാധിക്കാതെ കരിഞ്ഞടങ്ങിയതു കണ്ടു നിൽക്കേണ്ടി വന്നു ഫൺ സിറ്റി ഉടമ ഷൗക്കത്തിന്.
ഇനി അതിജീവനത്തിന്റെ വഴികളാണ് ഇവർക്ക് വേണ്ടത്.
എം.വി.ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ചേർന്ന യോഗത്തിൽ ദുരന്തബാധിതർക്കെല്ലാം ആവശ്യമായ നഷ്ടപരിഹാരം നൽകാൻ അദ്ദേഹം ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി അടിയന്തര നഷ്ടപരിഹാരമായി 2 കോടി രൂപ നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട
ജീവനക്കാർക്കുള്ള പാക്കേജുകൾക്കും ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കും. ഇതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]