
ഇരിട്ടി ∙ ആറളം പഞ്ചായത്തിൽ ചെടിക്കുളത്ത് കടുവയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെത്തിയതായി കർഷകൻ. സെവി തേക്കേക്കരയുടെ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ 5 മീറ്റർ അകലെ ജീവിയെ കണ്ടതായാണ് പറയുന്നത്.
മേഖലയിലെ ലോട്ടറി വിൽപനക്കരനായ മറ്റൊരാളും പശുവിന്റെ വലിപ്പം തോന്നിക്കുന്ന ഏതോ ഒരു ജീവി കൃഷിയിടത്തിലെ മതിൽ ചാടിക്കടന്നു ഓടുന്നതായി കണ്ടതായും പറയുന്നുണ്ട്.
കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനം വകുപ്പ് മേഖലയിൽ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കനത്ത മഴയായതിനാൽ കാൽപാടുകൾ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ജീവി ഏതെന്നു സ്ഥിരീകരിച്ചില്ലെങ്കിലും പ്രദേശവാസികളോടു ജാഗ്രത പാലിക്കണമെന്നു വനം വകുപ്പ് നിർദേശിച്ചു. ഒറ്റയ്ക്ക് കൃഷിയിടത്തിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയതായി പ്രദേശവാസികൾ പറഞ്ഞു.
വീടിനോട് ചേർന്നുള്ള തെങ്ങിൻ തോപ്പിൽ വീണു കിടക്കുന്ന തേങ്ങ പെറുക്കാൻ കഴിഞ്ഞ ദിവസം പറമ്പിൽ പോയതായിരുന്നു സെവി.
വഴിയരികിൽ ഒടിഞ്ഞു കിടക്കുന്ന വാഴക്കുല മാറ്റുന്നതിനായി നീങ്ങുമ്പോൾ കുറ്റിയിൽ തടഞ്ഞു സെവി വീണപ്പോൾ സമീപത്തെ ചെറിയ കാട്ടിനുളളിൽ നിന്നും മുരൾച്ചയോടെ വലിയ ജീവി തലയുയർത്തി തന്നെ നോക്കി അൽപ നേരം നിൽക്കുകയും പിന്നീട് മാറി പോവുകയും ആണു ചെയ്തതെന്ന് സെവി പറഞ്ഞു.
ചെടിക്കുളം – കല്ലറ റോഡിനും ചെടിക്കുളം – വീർപ്പാട് റോഡിനും ഇടയിലുള്ള പ്രദേശമാണിത്. ഇവിടെ റോഡിനോടു ചേർന്നുള്ള ഭാഗം ഒഴിച്ചു കശുമാവും റബറും ഉള്ള കൃഷിയിടമാണ്.
ഇവിടങ്ങളിൽ താമസക്കാരും കുറവാണ്. മേഖലയിൽ കാട്ടുപന്നിയുടേയും കുരങ്ങിന്റെയും മയിലിന്റെയും ശല്യം രൂക്ഷമാണ്.
ഇവയുടെ സാന്നിധ്യമാണ് വന്യമൃഗങ്ങളെ ജവാസമേഖലയിലേക്കും കൃഷിയിടത്തിലേക്കും ആകർഷിക്കുന്നതെന്നാണു നാട്ടുകാർ പറയുന്നത്.
മേഖലയിൽ ഒന്നും കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണെന്നു കർഷകനും പ്രദേശവാസിയുമായ ബിനു പന്നിക്കോട്ടിൽ പറഞ്ഞു. 7 മാസം മുൻപ് ആറളം പഞ്ചായത്തിലെ ചതിരൂരിൽ കടുവയെ കണ്ടെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]