തളിപ്പറമ്പ്∙ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവ ദിനങ്ങൾക്ക് തിരക്കേറുമ്പോൾ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന വിശേഷ ചടങ്ങായ മോതിരം വച്ച് തൊഴലിനു ഭക്തജനങ്ങളുടെ തിരക്ക്. ജ്യേഷ്ഠാനുജൻമാരായ ബലഭദ്ര സ്വാമിയും ശ്രീകൃഷ്ണനും പൂക്കോത്ത് നടയിലെ ആനന്ദ നൃത്തങ്ങൾക്കുശേഷം തിരിച്ച് ക്ഷേത്രത്തിൽ എത്തി ക്ഷീണം തീർക്കാനെന്ന പോലെ നീരൂക്കും തറയിൽ വിശ്രമിക്കുമ്പോഴാണ് ഉത്സവ ദിവസങ്ങളിലെ കുംഭം 25 മുതൽ മീനം രണ്ട് വരെ മോതിരം വച്ച് തൊഴൽ എന്ന ചടങ്ങ് നടക്കുന്നത്.
ജ്യേഷ്ഠന്റെയും അനുജന്റെയും മുൻപിൽ ഭക്തജനങ്ങൾ തൃഛംബരത്തെ വിശിഷ്ടമായ ഇലഞ്ഞി മരത്തിന്റെ ഇലയിൽ മോതിരം വച്ച് ഇഷ്ടകാര്യസിദ്ധിയ്ക്കായും മറ്റും പ്രാർഥിക്കുകയാണ് ചെയ്യുന്നത്.
കുട്ടികൾ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് അവരുടെ അരികിൽ നിന്ന് കാര്യസാധ്യം നടക്കുക എന്നത് തന്നെയാണ് ഈ ചടങ്ങിന്റെയും ഐതിഹ്യമെന്ന് രാജരാജേശ്വര ക്ഷേത്രം തന്ത്രി പുടയൂർ ജയനാരായണൻ നമ്പൂതിരി പറഞ്ഞു. കുട്ടികളെ കാണാൻ പോകുമ്പോൾ സമ്മാനങ്ങൾ കൊടുക്കുക എന്ന പതിവ് പ്രകാരം കളിച്ച് വന്നിരിക്കുന്ന ഭഗവാന്മാരെ കുട്ടികളായി കണ്ട് മോതിരം സമ്മാനമായി സമർപ്പിക്കുന്നതാണ് ഈ ചടങ്ങ് എന്നൊരു ഭാഷ്യം കൂടി ഉണ്ട്.
തൃച്ചംബരത്തപ്പന് മോതിരക്കുഴ മാലയും, മോതിര സമർപ്പണവും ഇഷ്ട വഴിപാടാണ്.
അതുകൊണ്ടു കൂടിയാണ് മോതിരം വച്ച് തൊഴുന്നത്.
പുലർച്ചെയാണ് ഈ ചടങ്ങ് നടക്കുക. ഉത്സവത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന കൂടിപ്പിരിയൽ ദിവസവും ഈ ചടങ്ങ് നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് മോതിരം വച്ചു തൊഴാൻ എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

