കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ പലയിടത്തും സംഘർഷവും ഏറ്റുമുട്ടലും. വനിതാ സ്ഥാനാർഥിക്കുൾപ്പെടെ മർദനമേൽക്കുകയും ഏഴോം പഞ്ചായത്തിലെ സ്ഥാനാർഥിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വൈകിട്ട് 6.15ന് 75.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് സമയം തീർന്നിട്ടും നിരവധിപ്പേർ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നുണ്ട്.
2020ൽ 78.81 ശതമാനം ആയിരുന്നു പോളിങ്. മൊറാഴയിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിക്കുകയും പിണറായിയിൽ വോട്ടു ചെയ്യാൻ പോയ വയോധികയെ വാഹനം ഇടിക്കുകയും ചെയ്തു.
പലയിടത്തും പോളിങ് യന്ത്രം തകരാറിലായെങ്കിലും അധികം വൈകാതെ നന്നാക്കി പോളിങ് ആരംഭിച്ചു.
കണ്ണൂര്‍ കോര്പ്പറേഷന്: 68.36%, മുനിസിപ്പാലിറ്റികളായ തളിപ്പറമ്പ്: 75.51%, കൂത്തുപറമ്പ്: 78.32%, പയ്യന്നൂര്‍: 78.96%, തലശ്ശേരി: 71.59%, ശ്രീകണ്ഠപുരം: 73.96%, പാനൂര്‍: 68.61%, ഇരിട്ടി: 80.1%, ആന്തൂര്‍: 86.86% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.ഏഴോം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ബൂത്ത് കയ്യേറി ആക്രമണമുണ്ടായി. സാരമായി പരുക്കേറ്റ യുഡിഎഫ് സ്ഥാനാർഥി എം.പി.മുഹമ്മദ് കുഞ്ഞിയെ പരിയാരം ഗവ.
മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൈക്കോടതി സംരക്ഷണമേർപ്പെടുത്തിയ വാർഡിലെ യുഡിഎഫ് ബൂത്ത് ഏജന്റിനുൾപ്പെടെ മർദനമേറ്റു.
മണ്ടൂർ എഎൽപി സ്കൂളിലെ 16 ാം വാർഡ് ബൂത്ത് ഏജന്റും മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പി.വി. സുമേഷിനാണ് മർദനമേറ്റത്.
പയ്യന്നൂർ നഗരസഭ ഒന്നാം വാർഡ് യുഡിഎഫിന്റെ ഡമ്മി സ്ഥാനാർഥിയുടെ ഏജന്റിനെ ബൂത്തിൽ നിന്ന് തട്ടിക്കൊണ്ടു പോയെന്ന് ആരോപണമുണ്ടായി.
പൊലീസ് ഏജന്റിനെ കണ്ടെത്തി പോളിങ് തുടങ്ങും മുൻപ് ബൂത്തിൽ എത്തിച്ചു. പരിയാരം പഞ്ചായത്ത് 16ാം വാർഡിലെ 2 ബൂത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിയേയും ബൂത്ത് ഏജന്റുമാരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.
മാണിയൂര്‍ സെൻട്രൽ എൽപി സ്കൂളിൽ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ ബൂത്തിൽ കയറി ഒരു സംഘം മർദിച്ചു. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നാണ് ആരോപണം.
പാനൂർ നഗരസഭ 16 ാം വാർഡിലെ പുല്ലൂക്കര സെൻട്രൽ എംഎൽപി സ്കൂൾ പോളിങ് സ്റ്റേഷനിൽ യുഡിഎഫ് – എൽഡിഎഫ് സംഘർഷമുണ്ടായി. കണ്ണൂർ മാലൂർ പഞ്ചായത്തിൽ വനിത സ്ഥാനാർഥിക്ക് മർദനമേറ്റു.
യുഡിഎഫ് സ്ഥാനാർഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കാണ് മർദനമേറ്റത്. കണ്ണൂർ കതിരൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നേരെ അതിക്രമമുണ്ടായി.
പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ. ലതിക ബൂത്തിനകത്ത് അക്രമത്തിനിരയായി.
കണ്ണൂർ പരിയാരം പഞ്ചായത്തിൽ യുഡിഎഫ് പതിനാറാം വാർഡ് സ്ഥാനാർഥി പി.വി. സജീവന് മർദമേറ്റു.
ഉദയഗിരി പഞ്ചായത്തിലെ പതിനാലാം വാർഡായ എരുത്വാമടയിൽ വ്യാപകമായി ഓപ്പൺ വോട്ട് ചെയ്തതായി പരാതി ഉയർന്നു.
ഉച്ചവരെ ഇത്തരത്തിൽ മുപ്പതിലധികം വോട്ടുകൾ ചെയ്തുവെന്ന് ജില്ലാ പഞ്ചായത്ത് നടുവിൽ ഡിവിഷൻ സ്ഥാനാർഥി ജോജി വർഗീസ് വട്ടോളി പരാതി നൽകി. വാരത്ത് കള്ളവോട്ട് പരാതിയുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഓപ്പണ്‍ വോട്ടര്‍ അറിയാതെ മറ്റൊരാള്‍ വോട്ടുചെയ്തുവെന്നാണ് പരാതി.
മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.സുധാകരൻ, ഇ.പി. ജയരാജൻ, പി.
ജയരാജൻ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർഡിൽ സിപിഎം സ്ഥാനാർഥി ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല.2020ൽ കണ്ണൂർ കോർപ്പറേഷനിൽ 2020ൽ 72.49 ശതമാനവും നഗരസഭകളായ തളിപ്പറമ്പ്–75.6, കൂത്തുപറമ്പ്–80.4, തലശ്ശേരി–74.47, പയ്യന്നൂർ–83.81, ഇരിട്ടി–85.36, പാനൂർ–73.68, ശ്രീകണ്ഠപുരം–80.27 ആന്തൂർ–89.38 എന്നിങ്ങനെയുമായിരുന്നു പോളിങ് ശതമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

