
എടൂരിൽ പൊളിച്ചിട്ട ബസ് സ്റ്റോപ്പുകളും കാത്തിരിപ്പു കേന്ദ്രം തറയും നന്നാക്കിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടൂർ∙ മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായി എടൂരിൽ പൊളിച്ചിട്ട ബസ് സ്റ്റോപ്പുകളും കാത്തിരിപ്പു കേന്ദ്രം തറയും നന്നാക്കിയില്ല. കാത്തിരിപ്പ് കേന്ദ്രത്തിൽ കയറാനാകാതെ യാത്രക്കാർ ദുരിതത്തിലും അപകട ഭീഷണിയിലുമായി. വീതി കൂട്ടി ടാറിങ് നടത്തിയെങ്കിലും അവശേഷിച്ച ഭാഗം കോൺക്രീറ്റ് ചെയ്തോ, ഇന്റർലോക്ക് ചെയ്തോ നവീകരിക്കാത്തതിനെ തുടർന്നു വരമ്പുകളും രൂപപ്പെട്ടു.മലയോര ഹൈവേയുടെ വള്ളിത്തോട് – മണത്തണ റീച്ച് 9 മീറ്റർ വീതിയിലേക്കു ടാറിങ് നടത്തി സംസ്ഥാന പാത നിലവാരം വരുത്തുന്നതിനുള്ള നവീകരണ പ്രവൃത്തികളാണു അന്തിമഘട്ടത്തിൽ എത്തിയിട്ടുള്ളത്. എടൂർ ഭാഗത്ത് ആദ്യഘട്ട ടാറിങ്ങും നടത്തി. റോഡിന്റെ അലൈൻമെന്റ് ശാസ്ത്രീയമാക്കി പുനർനിർമിച്ചപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറയടക്കം മാന്തിയെടുത്ത നിലയിലാണ്. കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പ്രായമായവർക്കും കുട്ടികൾക്കും കയറാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ടൗൺ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ ബുദ്ധിമുട്ടാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പുനർനിർമിക്കണമെന്നും 2–ാം ഘട്ട ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും കോൺക്രീറ്റും പൂർത്തീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
എടൂർ ടൗണിൽ ഫുട്പാത്തും കൈവേലിയും വേണം
എടൂർ ടൗൺ നാൽക്കവല ജംക്ഷൻ കൂടിയാണ്. മലയോര ഹൈവേ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഇരുവശത്തും ഓവുചാൽ നിർമിച്ചു ഫുട്പാത്ത് സ്ഥാപിക്കണമെന്നും സുരക്ഷിതത്വം ഉറപ്പാക്കാൻ കൈവേലി നിർമിക്കണമെന്നും ആവശ്യം ശക്തമാണ്.വഴിവിളക്കുകളും സ്ഥാപിക്കണം. റോഡ് നവീകരണം നടക്കുന്നതിനൊടനബന്ധിച്ച് ബസ് സ്റ്റോപ്, മറ്റു വാഹനങ്ങളുടെ പാർക്കിങ് എന്നിവയ്ക്കും കൂടി ക്രമീകരണം ഉറപ്പാക്കുന്ന വിധത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കേണ്ടതും അത്യാവശ്യമാണ്.നിലവിൽ പൊളിച്ച റോഡിന്റെ ആദ്യഘട്ട ടാറിങ് കഴിഞ്ഞുള്ള ഭാഗത്തെ മണ്ണും കല്ലും നീക്കാതെ അവശേഷിപ്പിച്ചത് വൻ അപകടം വരുത്തിവയ്ക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി രംഗത്ത് ഇറങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു കൊച്ചുമല പറഞ്ഞു.