
മുങ്ങിമരിച്ച വിദ്യാർഥികൾക്ക് വിങ്ങലോടെ വിടയേകി നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഴയങ്ങാടി, പയ്യാവൂർ, തളിപ്പറമ്പ് ∙ ജില്ലയിൽ കഴിഞ്ഞദിവസം മൂന്നിടത്തായി മുങ്ങിമരിച്ച വിദ്യാർഥികൾക്ക് നാടിന്റെ യാത്രാമൊഴി. ചൂട്ടാട് പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ഫൈറൂസിന്റെ മൃതദേഹം ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു ഫൈറൂസ് പഠിച്ചിരുന്ന പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെത്തിച്ചത്. രണ്ടായിരത്തോളം വിദ്യാർഥികളും അധ്യാപകരും പ്രിയപ്പെട്ട ഫൈറൂസിനെ കാണാനെത്തി. തുടർന്ന്, ഏരിപ്രത്തെ ചൂട്ടാട് വെസ്റ്റ് എൽപി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാണു വീട്ടിലെത്തിച്ചത്. മകന്റെ ചേതനയറ്റ ശരീരം കണ്ടു വിങ്ങിപ്പൊട്ടിയ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണീരുകണ്ടു നാട് മുഴുവൻ കരഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെ മുട്ടം ജുമാ മസ്ജിദ് കബർസ്ഥാനിലായിരുന്നു കബറടക്കം. സ്കൂൾ മാനേജറും മാടായി പഞ്ചായത്ത് പ്രസിഡന്റുമായ സഹീദ് കായിക്കാരൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, കെ.കെ.ഗീത മണി, സ്കൂൾ പ്രിൻസിപ്പൽ സി.സി.ജ്യോതി, പ്രധാനാധ്യാപകൻ എസ്.സുബൈർ, റിട്ട.അധ്യാപകൻ വി.വി.പ്രകാശൻ, കെ.വി.മുഹമ്മദലി ഹാജി, എസ്.കെ.പി.സക്കരിയ്യ, എസ്.യു.റഫീഖ്, ഗഫൂർ മാട്ടൂൽ, സാദിഖ് മുട്ടം, എം.പവിത്രൻ, ജോയ് ചൂട്ടാട്, ഒ.ബഷീർ, ഒ.കെ.രതീഷ്, എ.വി.രാജേഷ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഡിവൈൻ മേഴ്സി പള്ളിയിലേക്കുള്ള അലീനയുടെ അവസാന യാത്രയായിരുന്നു ഇന്നലത്തേത്. വീടിനു സമീപത്തെ പുഴയിൽ സഹോദരനോടൊപ്പം കുളിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം പയ്യാവൂർ കോയിപ്രയിലെ വട്ടക്കുന്നേൽ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകൾ അലീന ഷാജീവ് (14) മരിച്ചത്. പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ചു. അവസാനനിമിഷം വരെ ഒപ്പമുണ്ടായിരുന്ന പ്രിയ അനുജത്തിക്ക് അന്ത്യചുംബനം നൽകുമ്പോൾ സഹോദരൻ ജോർജ് വിങ്ങിപ്പൊട്ടി.മകളുടെ ചലനമറ്റ മൃതദേഹം കണ്ടുകരഞ്ഞ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർ ബുദ്ധിമുട്ടി.
മാതാപിതാക്കളും ബന്ധുജനങ്ങളും കൂട്ടുകാരും മിഴിനീരോടെ മുഹമ്മദ് ഷാഹിദിനു വിട നൽകി. കഴിഞ്ഞ ദിവസം കൂവേരി തൂക്കുപാലത്തിനടിയിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ച നെല്ലിപ്പറമ്പ് പി.അബ്ദുലത്തീഫിന്റെയും എം.ശരീഫയുടെയും മകൻ എം. മുഹമ്മദ് ഷാഹിദിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. മുഹമ്മദ് ഷാഹിദിനെ അവസാനമായി കാണാൻ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിലേക്കു വൻ ജനാവലിയെത്തി.
മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനു ശേഷമായിരുന്നു പൊതുദർശനം. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, സിപിഎം ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവരുൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചു. പള്ളിയിലെ പൊതുദർശനത്തിനുശേഷം സമീപത്തുള്ള വീട്ടിൽ ബന്ധുജനങ്ങളും അവസാനമായി വിട ചൊല്ലിയ ശേഷമാണു മന്ന മഖാം കബർസ്ഥാനിൽ കബറടക്കം നടത്തിയത്.