അധികൃതരുടെ ഒരു പിഴവ് ഒരു മനുഷ്യന്റെ ജീവിതം എത്രമേൽ മാറ്റിമറിക്കും എന്നതിന്റെ തെളിവാണ് താജുദ്ദീന്റെ കഥ. കള്ളക്കേസിൽ ജയിലിലായതു മാത്രമല്ല അദ്ദേഹത്തിന്റെ നഷ്ടങ്ങൾ.
പൊലീസിന്റെ ആ പിഴവിൽ ഈ മനുഷ്യന്റെ ജീവിതമാകെ കീഴ്മേൽ മറിഞ്ഞു…
കണ്ണൂർ ∙ ‘കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടന്ന 54 ദിവസം എനിക്കുണ്ടാക്കിയ നഷ്ടം ആരു നികത്തും? ഖത്തറിലെ ബിസിനസ് തകർന്ന് 4 കോടി രൂപയുടെ നഷ്ടം. ഖത്തറിലെ ജയിൽവാസം.
മാനസികസംഘർഷം കൂടി പക്ഷാഘാതം. മകന്റെ നഷ്ടപ്പെട്ട
വിദ്യാഭ്യാസം. ഇതിനൊക്കെ ആരു സമാധാനം പറയും? കള്ളനല്ലെന്നു പൊലീസിനോടു ഞാനും കുടുംബവും കരഞ്ഞുപറഞ്ഞു.
ആ കണ്ണീരിനു വിലയുണ്ടായില്ല…’. കള്ളക്കേസിൽ കുടുങ്ങി 54 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന തലശ്ശേരി കതിരൂർ സ്വദേശി വി.കെ.താജുദ്ദീന്റെ പോരാട്ടം 14 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ തീരുന്നില്ല. ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരത്തിനു സിവിൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
തന്റെയും കുടുംബത്തിന്റെയും കണ്ണീരിനു വില കൽപിക്കാതെ, എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ച പൊലീസുകാരിൽനിന്നു 1.4 കോടി രൂപയുടെ നഷ്ടപരിഹാരം നേടിയെടുക്കുംവരെ വ്യവഹാരം തുടരുമെന്നു താജുദ്ദീൻ (50) പറഞ്ഞു.
ബിസിനസ് പൊളിഞ്ഞു
മകളുടെ വിവാഹത്തിനു ഖത്തറിൽനിന്ന് 2018 ജൂൺ 25ന് ആണ് താജുദ്ദീൻ നാട്ടിലെത്തിയത്. ജൂലൈ 8ന് ആയിരുന്നു നിക്കാഹ്.
11നു പുലർച്ചെയാണു മോഷണക്കുറ്റം ആരോപിച്ച് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. 5നു ചോരക്കളം എന്ന സ്ഥലത്തു സ്കൂട്ടറിലെത്തി സ്ത്രീയുടെ അഞ്ചരപ്പവൻ മാല പൊട്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ള ആളെന്നു പറഞ്ഞായിരുന്നു അറസ്റ്റ്.
ഹൈക്കോടതിയിൽനിന്നു ജാമ്യം കിട്ടി നവംബർ 26നു ഖത്തറിൽ തിരിച്ചെത്തിയ താജുദ്ദീനെ അവിടെ കാത്തിരുന്നതും ജയിൽമുറിയായിരുന്നു. അതെപ്പറ്റി താജുദ്ദീൻ വിവരിക്കുന്നു:
‘ഖത്തറിൽ അൽ ഔസജ് എന്ന റെന്റ് എ കാർ സ്ഥാപനം നടത്തുകയായിരുന്നു ഞാൻ.
2013 ൽ തുടങ്ങിയതാണ്. പല പ്രമുഖ കമ്പനികൾക്കും പ്രീമിയം കാർ വാടകയ്ക്കു നൽകിയിരുന്നു.
2018 ൽ ഞാനും സ്പോൺസറും ചൈനയിൽനിന്ന് അലങ്കാരവിളക്കുകൾ ഇറക്കുമതി ചെയ്യുന്ന ബിസിനസ് കൂടി തുടങ്ങി. 3 കോടി രൂപയുടെ ബിസിനസിൽ 1.5 കോടി രൂപ ആദ്യം സ്പോൺസർ നിക്ഷേപിച്ചു.
സാധനങ്ങൾ എത്തുമ്പോൾ എന്റെ വിഹിതമായ 1.5 കോടി നൽകണം. ഈ സമയത്താണു മകൾ ഫാത്തിമത്ത് തസ്ലീനയുടെ വിവാഹത്തിനായി 15 ദിവസത്തേക്കു നാട്ടിലെത്തുന്നത്.
മകൻ മുഹമ്മദ് തെസീൻ ജമീലിനെ ബെംഗളൂരുവിൽ ജേണലിസം കോഴ്സിനു ചേർത്ത ശേഷം ജൂലൈ 10നു മടങ്ങാനായിരുന്നു തീരുമാനം. ജൂലൈ 5നു നടക്കേണ്ട
നിക്കാഹ് ബന്ധുവിന്റെ മരണത്തെത്തുടർന്ന് 8ന് ആണു നടത്തിയത്. 11ന് ആണ് പൊലീസ് പിടികൂടിയത്.
എന്റെ ഫോണും പാസ്പോർട്ടും കോടതിയിലായിരുന്നു. സ്പോൺസർക്ക് എന്നെ വിളിച്ചിട്ടു കിട്ടാതായി.
കാർ വാടകയ്ക്കു നൽകിയിരുന്ന കമ്പനികളിൽനിന്നുള്ള ഇ മെയിലിനു മറുപടി നൽകാൻ ആരുമുണ്ടായില്ല. ബിസിനസെല്ലാം ഞാൻ മാത്രമായിരുന്നു നോക്കിയിരുന്നത്.
ചൈനയിൽ നിന്നെത്തിയ സാധനങ്ങൾക്ക് എന്റെ വിഹിതമായ 1.5 കോടി രൂപ അടയ്ക്കണം. ഇത്രയായപ്പോഴേക്കും സ്പോൺസർക്കു വിശ്വാസം നഷ്ടപ്പെട്ടു.
ജയിലിൽനിന്നിറങ്ങി എനിക്കു ഫോണും പാസ്പോർട്ടും ലഭിച്ചത് നവംബർ ആദ്യമായിരുന്നു. 26ന് ഖത്തറിൽ തിരിച്ചെത്തി.
അന്നു രാത്രി സ്പോൺസറെ ചെന്നു കണ്ടു. ബിസിനസ് നിർത്താമെന്നു മാത്രം അദ്ദേഹം പറഞ്ഞു.
റെന്റ് എ കാർ ബിസിനസിൽ എന്റെ വാഹനമെല്ലാം വിറ്റ് ആ പണം അദ്ദേഹമെടുത്തു. എന്റെ നിരപരാധിത്വം പറഞ്ഞിട്ടൊന്നും വിശ്വാസമായില്ല.
പൊലീസ് തിരയുന്ന പ്രതിയെന്ന പേരിൽ 2019 ജനുവരി 21നു ഖത്തർ പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. 21 ദിവസം ജയിലിലായി.
സ്പോൺസർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഖത്തർ കോടതിയിൽ എന്റെ നിരപരാധിത്വം തെളിയിക്കാനായി.
ഉടൻ ഖത്തർ വിട്ടുപോകണമെന്നും മറ്റൊരു വീസയിൽ തിരിച്ചുവരാമെന്നും കോടതി ഉത്തരവിട്ടു. 4 കോടിയോളം രൂപയാണ് ബിസിനസ് തകർന്നതോടെ എനിക്കു നഷ്ടം വന്നത്–താജുദ്ദീൻ പറഞ്ഞു.
അതിജീവനത്തിന്റെ വഴി നാട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസത്തിനു ശേഷം മടങ്ങാമെന്നു കരുതി. അപ്പോഴേക്കും റെന്റ് എ കാർ ബിസിനസിൽ നൽകിയ ചെക്ക് മടങ്ങിയതും പ്രശ്നമായി.
പിന്നെ തിരിച്ചുപോകാനായില്ല. നാട്ടിൽ വീടു വാങ്ങാൻ 12 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു.
ആ കച്ചവടം ഒഴിഞ്ഞു. തിരിച്ചുകിട്ടിയ പണം കൊണ്ട് ഞാനും കുടുംബവും ബെംഗളൂരുവിലേക്കു പോയി.
അവിടെ കോളജിൽ കന്റീൻ കരാറെടുത്തു കുടുംബം കഴിയുമ്പോഴാണ് കോവിഡ് വരുന്നത്. അതോടെ അതും അടച്ചുപൂട്ടി.ഞാൻ ജയിലായതോടെ മകൻ പഠനം ഉപേക്ഷിച്ചു.
മകളുടെ നിക്കാഹ് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എല്ലാവരെയും ക്ഷണിച്ചുള്ള കല്യാണം വേണ്ടെന്നുവച്ചു.
മകളുടെ ഭർത്താവ് ബെംഗളൂരുവിൽ തുടങ്ങിയ വാട്ടർപ്ലാന്റിൽ ജോലിക്കു ചേർന്നു. പിന്നീടു ബെംഗളൂരുവിലും തൃശൂരിലും മാർക്കറ്റിങ് ജോലി ചെയ്തു.
അപ്പോഴേക്കും പലതരം അസുഖങ്ങൾ പിടികൂടി. പ്രമേഹം മൂർച്ഛിച്ച് കാൽവിരൽ മുറിച്ചു.
2024 ൽ പക്ഷാഘാതം വന്നു. മകൻ കർണാടക കെങ്കേരിയിൽ നടത്തുന്ന ലോൺട്രി ഷോപ്പിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
മകനും ഞാനും ബെംഗളൂരുവിലും ഭാര്യയും ചെറിയ മകനും നാട്ടിലും വാടകവീട്ടിൽ കഴിയുകയാണ്’– അദ്ദേഹം കൂട്ടിച്ചേർത്തു.
വിചിത്രമായ സാമ്യം
കണ്ണൂർ ∙ ചക്കരക്കൽ പൊലീസ് മോഷ്ടാവെന്നു പറഞ്ഞു പിടികൂടിയ താജുദ്ദീന്റെ നിരപരാധിത്വം തെളിയിച്ചത് അന്നത്തെ കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ ആയിരുന്നു. ചക്കരക്കൽ എസ്ഐ ആയിരുന്ന പി.ബിജുവാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്.
താജുദ്ദീൻ ജയിലിലായ സമയത്ത് ഭാര്യ വി.കെ.നസ്റീന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിവൈഎസ്പിയെ അന്വേഷണം ഏൽപിച്ചു.
ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചപ്പോൾ താജുദ്ദീൻ കൊണ്ടോട്ടി എംഎൽഎ ടി.വി.ഇബ്രാഹിം വഴി മുഖ്യമന്ത്രിക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും നിവേദനം നൽകി. കേസ് ഫയൽ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെ ഡിജിപി ചുമതലപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങളിൽ യഥാർഥ പ്രതിക്കും താജുദ്ദീനും പല സാമ്യങ്ങളുമുണ്ടായിരുന്നു. കഷണ്ടി, താടി, പ്രായം എന്നിവയൊക്കെ ഒരുപോലെയായിരുന്നു.
‘വിചിത്രമായ സാമ്യം’ എന്നാണ് സദാനന്ദൻ ഇതിനെ വിശേഷിപ്പിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ കയ്യിൽ സ്റ്റീൽ വള കണ്ടത്.
തലയിൽ കറുത്ത അടയാളവും. മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ചപ്പോൾ പ്രതി താജുദ്ദീനല്ലെന്നു കണ്ടെത്തി റിപ്പോർട്ട് നൽകി.
ഡിവൈഎസ്പിയുടെ കണ്ടെത്തൽ ശരിയാണെന്നു ഐജിയും റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങൾ എല്ലാ ക്രൈം സ്ക്വാഡിനും കൈമാറിയപ്പോഴാണ് യഥാർഥ പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് സർവീസിൽനിന്നു വിരമിച്ച സദാനന്ദൻ പറഞ്ഞു.
മാഹി അഴിയൂർ സ്വദേശി ആയിരുന്നു യഥാർഥ പ്രതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

