
കേളകം ∙ വ്യവസ്ഥ പ്രകാരം അറ്റകുറ്റപ്പണികളുടെ കാലാവധി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ പോലും പണി തീരാതെ കൊട്ടിയൂർ സമാന്തരപാതയുടെ നിർമാണം. ഒരു വർഷം കൊണ്ട് പണികൾ പൂർത്തിയാക്കും എന്ന പ്രഖ്യാപനവുമായി 2023 സെപ്റ്റംബറിൽ പണികൾ ആരംഭിച്ച റോഡിന്റെ നിർമാണം ഇനിയും ഒരിടത്തും എത്തിയില്ല.
കൊട്ടിയൂരിലെ മന്ദംചേരിയിൽ നിന്ന് ആരംഭിച്ച് കേളകം പഞ്ചായത്തിലെ വളയംചാലിൽ അവസാനിക്കുന്ന റോഡിന്റെ ആകെ നീളം 11.670 കിലോമീറ്ററാണ്. ജില്ലാ പഞ്ചായത്തിന് ഗ്രാമവികസന മന്ത്രാലയം 10,96,39,196 രൂപയാണ് പദ്ധതി നടത്തിപ്പിനായി അനുവദിച്ചത്.
അഞ്ച് വർഷത്തെ അറ്റകുറ്റ പണികൾക്കായി 98,67,529 രൂപയും അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ കാലാവധി 2024 സെപ്റ്റംബറിൽ ആരംഭിച്ചിട്ടും റോഡിന്റെ പണികൾ പൂർത്തിയാക്കിയില്ല എന്ന തമാശയും റോഡ് പണിയിൽ അരങ്ങേറിയിരിക്കുകയാണ്.
റോഡിന്റെ നിർമാണം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു എങ്കിലും ഒരു പരിഹാരവും കാണാതെയാണ് ഇഴഞ്ഞു നീങ്ങാൻ പോലും കഴിയാത്ത വിധം പണികൾ മുടങ്ങി കിടക്കുന്നത്.
ഒരു വിധം ഭാഗികമായി ടാറിങ് നടത്തി റോഡ് കൊട്ടിയൂർ ഉത്സവ കാലത്ത് തുറന്നു കൊടുത്തു എങ്കിലും പലയിടത്തും കലുങ്കുകളുടെയും അപ്രോച്ച് റോഡുകളുടെയും പണികളും ബാക്കിയാണ്.
പലയിടത്തും ടാറിങ് തകർന്നു. ഡ്രെയ്നേജുകളുടെ പണിയും ബാക്കിയാണ്.
എട്ട് മീറ്റർ വീതിയിൽ ആണ് റോഡ് നിർമിക്കുന്നത്. 1996 ലെ കൊട്ടിയൂർ ഉത്സവ കാലത്ത് ഉണ്ടായ മണിക്കൂറുകൾ നീണ്ട
ഗതാഗതക്കുരുക്കിന് പരിഹാരം തേടിയതിന്റെ ഭാഗമായാണ് കൊട്ടിയൂർ മലയോര ഹൈവേയ്ക്ക് സമാന്തരമായി ബാവലി പുഴയുടെ മറു വശത്തു കൂടി ഒരു റോഡ് നിർമിക്കുന്നതിന് പദ്ധതി രൂപകൽപന ചെയ്തത്. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ കൂട്ടിയിണക്കിയാണ് സമാന്തര പാത വിഭാവനം ചെയ്തത്. റോഡില്ലാത്ത ഭാഗങ്ങളിൽ പുതിയ റോഡുകൾ നിർമിച്ച് കൂട്ടിയിണക്കി.
പിന്നീട് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി റോഡ് പണികൾ ആരംഭിച്ചു എങ്കിലും 20 വർഷം മുൻപുണ്ടായ ഉരുൾ പൊട്ടലിൽ റോഡ് പലയിടത്തും തകർന്നു. 7 വർഷം മുൻപാണ് പുതിയ പദ്ധതിയായി റോഡിനെ മാറ്റിയെടുത്തത്.
എന്നാൽ പിന്നീടും പണികൾ ആരംഭിക്കാതെ നീണ്ടു പോയി.
എന്നാൽ മെയിന്റനൻസ് കാലാവധി ആരംഭിച്ച് ഒരു വർഷമാകുമ്പോഴും പദ്ധതി പ്രകാരമുള്ള റോഡ് പണികൾ പൂർത്തിയാകാതെ കിടപ്പാണ്. ഈ വൈശാഖ ഉത്സവ കാലത്തും താൽക്കാലിക ആശ്വാസമായി എന്നതൊഴിച്ചാൽ കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും വിധം റോഡ് ഉപകാരപ്പെട്ടില്ല എന്ന ആക്ഷേപവും ഉയർന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]