
പാനൂർ ∙ ഒരു തേങ്ങയുമായി ശ്രീധരന്റെ കടയിലെത്തിയാൽ പൊറോട്ടയും ചായയും ഉറപ്പാണ്. രണ്ടു തേങ്ങ നൽകിയാൽ പുഴുക്കും ചായയും കൂടെ പൊറോട്ടയും ലഭിക്കും.
പഴയ കാലത്തെ ‘ബാർട്ടർ സമ്പ്രദായത്തെ’ ഓർമപ്പെടുത്തുന്നതാണ് ശ്രീധരേട്ടന്റെ ചായക്കട. പതിറ്റാണ്ടുകളായി ഇതേ സമ്പ്രദായമാണ്.
പണം കൊടുത്തും അല്ലാത്തവർക്ക് അവർ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ കൈമാറിയും ശ്രീധരേട്ടന്റെ കടയിലെത്തി വിശപ്പകറ്റാം. ഇവയിൽ തേങ്ങയ്ക്കാണു പ്രിയം.
ഇന്നത്തെ വിലയിൽ ഒരു തേങ്ങയ്ക്ക് 20 മുതൽ 25 രൂപ വരെ ശ്രീധരേട്ടന്റെ കടയിൽ ലഭിക്കും.
ശ്രീധരേട്ടന്റെ രുചിക്കൂട്ട്
ശ്രീധരേട്ടന്റെ നാടൻ പുഴുക്കിന്റെയും നാടൻ പൊറോട്ടയുടെയും രുചി അറിഞ്ഞവർ ഇടയ്ക്കിടെ കടയിലെത്തും. കപ്പ, നാടൻ നേന്ത്രക്കായ, കടല എന്നിവ ചേർത്തുള്ള പുഴുക്കാണ് പാകം ചെയ്യുന്നത്.
ദിവസവും നൂറിലേറെ പുഴുക്ക് വിറ്റഴിയും. ശനി, ഞായർ ദിവസങ്ങളിൽ 200 കടക്കും.
എന്നും രാവിലെ ആറിനു കട തുറക്കും.
വൈകിട്ട് 5 വരെയാണു പ്രവർത്തന സമയം. രാവിലെ മുതൽ പുഴുക്കും പൊറോട്ടയും റെഡിയാണ്.
പ്രാതലിനായി എത്തുന്നവർക്കു പുട്ടും പപ്പടവും ലഭിക്കും. ‘കുറച്ചുപേർക്കുള്ളതേ കരുതൂ.
പ്രിയം പുഴുക്കിനായതുകൊണ്ട് പുഴുക്കാണ് കൂടുതലായി തയാറാക്കുക.
അതിനു കൂട്ടിക്കഴിക്കാൻ പൊറോട്ടയുമുണ്ടാകും. നാടൻ പാലുപയോഗിച്ചാണു ചായ തയാറാക്കുന്നത്.
കിഴക്കൻ പ്രദേശമായതിനാൽ, തൊഴിലാളികളും കർഷകരുമാണു കൂടുതൽ. അതുകൊണ്ട്, ഗ്ലാസ് നിറയെ നല്ല ചായ കൊടുക്കണം–അതൊരു വാശിയാണ്.
ശനി, ഞായർ ദിവസങ്ങളിൽ നാടൻ ഇറച്ചിക്കറിയും ലഭിക്കും’, ശ്രീധരൻ പറഞ്ഞു. ശ്രീധരന്റെ ചായക്കട തപ്പി അയൽജില്ലകളിൽ നിന്നുപോലും കുടുംബസമേതം ആളുകളെത്തുന്നുണ്ട്.
ശ്രീധരനൊപ്പം ഭാര്യ ശോഭയും ബന്ധു പ്രസീലയുമാണ് ചായക്കടയിലെ പാചകത്തിനും വിതരണത്തിനും കൂടെയുള്ളത്.
തേങ്ങ യഥേഷ്ടം
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കിഴക്കൻ പ്രദേശമാണ് കോഴിക്കോട് നാദാപുരം ചെക്യാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പൊയിലൂർ നാലാം വാർഡിലെ എരഞ്ഞാട് തിരുത്തി. വിശാലമായ തെങ്ങിൻതോപ്പുകൾ യഥേഷ്ടമുള്ള നാടാണിത്.
വിസ്തൃതമായ കൃഷിയിടം. വെള്ളച്ചാലുകളും മനോഹരമാണ്.
ശ്രീധരേട്ടന്റെ ചായക്കടയിലിരുന്ന് ചാലുകളിലൂടെയുള്ള വെള്ളപ്പാച്ചിൽ കാണാം. മഴക്കാലത്ത് ചൂടു പുഴുക്ക് കഴിച്ച്, കാഴ്ച കാണാനിരിക്കാൻ പ്രത്യേക വൈബാണ്. ‘വീണു കിടക്കുന്ന തേങ്ങ ആരെങ്കിലും എടുത്തെന്നു പറഞ്ഞു വലിയ പരാതിയൊന്നും ആരും പറയാറില്ല.
എന്നു കരുതി, തെങ്ങിൽക്കയറി തേങ്ങയിടരുതെന്നു മാത്രം. കട
പഴയതാണെങ്കിലും കടമുറിയിൽ തേങ്ങ ഉണക്കാൻ സംവിധാനമുണ്ട്. ഗ്യാസ് അടുപ്പില്ല.
കല്ലിന്റെ അടുപ്പിലാണ് പാചകം. തേങ്ങ ഉണങ്ങാനുള്ള പുകയും ഇതുവഴി ഉണ്ടാകും’, ശ്രീധരൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]