
തുടരും, കണ്ണൂർക്കരുത്ത്; കെ.സുധാകരൻ പടിയിറങ്ങുമ്പോഴും കണ്ണൂരിന്റെ രാഷ്ട്രീയ പ്രതാപം മങ്ങില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് കെ.സുധാകരൻ പടിയിറങ്ങുമ്പോഴും കണ്ണൂരിന്റെ രാഷ്ട്രീയ പ്രതാപം മങ്ങുന്നില്ല. സുധാകരന്റെ തുടർച്ച കണ്ണൂരുകാരനായ സണ്ണി ജോസഫിലൂടെയാകുമ്പോൾ കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്ത് വീണ്ടും അംഗീകരിക്കപ്പെടുന്നു. ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ സ്വദേശിയായ സണ്ണി പയറ്റിത്തെളിഞ്ഞത് കണ്ണൂർ രാഷ്ട്രീയത്തിലാണ്. കോൺഗ്രസിനെ നയിക്കാൻ മുൻപും കണ്ണൂരിൽ ആളുണ്ടായിരുന്നു– തലശ്ശേരിക്കാരനായ സി.കെ.ഗോവിന്ദൻ നായർ. 1950ൽ കെ.കേളപ്പനെ തോൽപിച്ച് അധ്യക്ഷനായി. അതിനു മുൻപ് മലബാർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1960ലും 1963ലും സി.കെ.ഗോവിന്ദൻ നായർ കോൺഗ്രസിനെ നയിച്ചു. കെപിസിസി പ്രസിഡന്റായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കണ്ണൂരുകാരനല്ലെങ്കിലും പഴയ കണ്ണൂർ ഒന്ന് മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച, കേരളത്തിന്റെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറും ഈ നാടിന്റെ അഭിമാനമാണ്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ കണ്ണൂർ ചിറക്കൽ സ്വദേശിയാണ്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളിൽ മുൻനിരക്കാരനായ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ തട്ടകവും കണ്ണൂരാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ മാത്രമല്ല, സിപിഎമ്മിന്റെ കടിഞ്ഞാണും കണ്ണൂരിൽ ഭദ്രം.
ഭരണനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുമ്പോൾ അതിനു പിന്തുണയുമായി പാർട്ടിയെ നയിക്കുന്ന എം.വി.ഗോവിന്ദനും കണ്ണൂരുകാരനാണ്. സിപിഎം അനുബന്ധ സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നവരിൽ ഏറെയും ഈ നാട്ടുകാർ തന്നെ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്, കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ, മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് എ.നിഷാന്ത് എന്നിവരും കണ്ണൂരിൽ നിന്നുതന്നെ.
മന്ത്രിയും കോൺഗ്രസ് (എസ്) അധ്യക്ഷനുമായ രാമചന്ദ്രൻ കടന്നപ്പള്ളിയും എൻസിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രനും ഇവിടെ പയറ്റിത്തെളിഞ്ഞവരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനുമുണ്ട് കണ്ണൂർ ബന്ധം. അദ്ദേഹത്തിന്റെ ഭാര്യ കണ്ണൂരുകാരിയാണ്. എകെജിയും കേരളം ഭരിച്ച ഇ.കെ.നായനാരും കണ്ണൂരിന്റെ സംഭാവനയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും ചടയൻ ഗോവിന്ദനും ഇപ്പോഴും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട്. രാഷ്ട്രീയ നേതൃരംഗത്ത് കണ്ണൂരിനു തുടർച്ചകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.