ചെറുപുഴ മേഖലയിൽ ചുഴലിക്കാറ്റിൽ കൃഷിനാശം സംഭവിച്ച കർഷകരുടെ എണ്ണം വർധിക്കുന്നു
ചെറുപുഴ ∙ ചുഴലിക്കാറ്റിൽ കൃഷിനാശം സംഭവിച്ച കർഷകരുടെ എണ്ണം വർധിക്കുന്നു. വീടുകൾക്കും കൃഷികൾക്കും പുറമേ ചുഴലിക്കാറ്റിനെ തുടർന്നു വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചെങ്കിലും കുണിയൻകല്ല്-താബോർ റോഡിലേക്കു വീണ കൂറ്റൻ കരിങ്കല്ലും മരത്തടികളും പൂർണമായി നീക്കിയിട്ടില്ല. ഇതുമൂലം ചെറുവാഹനങ്ങൾക്കു മാത്രമേ ഇതുവഴി കടന്നു പോകാനാകുന്നുള്ളൂ.
കുണിയൻകല്ല്, താബോർ, ചേനാട്ടുക്കൊല്ലി ഭാഗങ്ങളിലാണു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. മരം വീണതിനെ തുടർന്നു കുണിയൻകല്ല്-താബോർ റോഡിലൂടെ കടന്നുവരാൻ ബുദ്ധിമുട്ടുന്ന ഓട്ടോറിക്ഷ.
ജനവാസം കുറഞ്ഞ കൊട്ടത്തലച്ചിമലയുടെ അടിവാരത്തെ കുമ്പൻകുന്ന് ഭാഗത്തും ചുഴലിക്കാറ്റ് നാശം വിതച്ചു.
കുണിയൻകല്ലിലെ കുന്നത്തുപറമ്പിൽ ജയ്സന്റെ വീടിനു മുകളിൽ മരം വീണു ഷീറ്റുകൾ തകർന്നു.കുമ്പൻകുന്ന്, കുണിയൻകല്ല് പ്രദേശങ്ങളിലെ പാലയ്ക്കാമറ്റം ചന്ദ്രശേഖരൻ, പടിയാനി സൈമൺ, പുത്തൻപുരയ്ക്കൽ ജോളി, പാലയ്ക്കാമറ്റം ഗോപാലകൃഷ്ണൻ, കോമളവല്ലി, തോളൂർ വീട്ടിൽ പത്മിനി, ഇളയിടത്തുകുന്നേൽ സുഗത എന്നിവരുടെ തെങ്ങ്, മാവ്, കമുക്, പ്ലാവ്, ജാതി, കൊക്കോ തുടങ്ങിയ കൃഷികൾ കാറ്റിൽ നശിച്ചു.
പാലയ്ക്കാമറ്റം കോമളവല്ലിയുടെ റബർ കാറ്റിൽ മറിഞ്ഞു വീണ നിലയിൽ.
ഗതാഗത സൗകര്യമില്ലാത്തതിനാൽ പലർക്കും കൃഷിയിടങ്ങളിൽ എത്താനായിട്ടില്ല. അതിനാൽ പലർക്കും സംഭവിച്ച നഷ്ടങ്ങൾ ഇനിയും അറിയാനായിട്ടില്ല.
ഇതിനുപുറമെ റവന്യു വകുപ്പിനും കെഎസ്ഇബിക്കും വൻനഷ്ടമുണ്ടായി. വീടുകളും കൃഷികളും നശിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാണു കർഷകരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]