പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലത്തിലെ തകർച്ച പരിഹരിക്കാനുള്ള പണി തുടങ്ങിയതോടെ പാപ്പിനിശ്ശേരിയിൽ യാത്രാദുരിതം. പഴയങ്ങാടി താവം റെയിൽവേ മേൽപാലം അറ്റകുറ്റപ്പണിക്കായി 14 മുതൽ അടച്ചിടുമെന്ന് എം.വിജിൻ എംഎൽഎ അറിയിച്ചു.
ജില്ലയിലെ പ്രധാന റോഡിലെ 2 പാലങ്ങൾ അടച്ചിടുമ്പോൾ ആവശ്യമായ മുൻകരുതലുകളോ, വഴിതിരിച്ചുവിടുന്നതിനുള്ള നിർദേശങ്ങളോ ജില്ലാഭരണകൂടം നൽകിയിട്ടില്ല. ഇരിണാവ് റെയിൽവേ ഗേറ്റ്– കോലത്തുവയൽ ചുങ്കം റോഡ് വഴിയാണ് ബസുകൾ ഇന്നലെമുതൽ സർവീസ് നടത്തുന്നത്.
ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചാൽ വാഹനക്കുരുക്ക് രൂക്ഷമാകുന്നു.
ചുങ്കം ലിജിമ ജംക്ഷനിൽ റോഡിനു വീതി കുറവ് കാരണം ബസുകൾക്ക് കടന്നുപോകാൻ ഏറെ പ്രയാസം അനുഭവപ്പെടുന്നു. ഇതിനിടയിൽ ചരക്കുവാഹനങ്ങൾ കൂടി കടന്നുവരുന്നത് റോഡിൽ കുരുക്ക് വർധിപ്പിക്കുന്നു.
കണ്ണൂർ–പയ്യന്നൂർ റൂട്ടിലെ ഭാരവാഹനങ്ങൾ ദേശീയപാത തളിപ്പറമ്പ് വഴി കടന്നുപോകണമെന്ന നിർദേശം പാലിക്കുന്നില്ല. ബസ് യാത്രയ്ക്കായി പാപ്പിനിശ്ശേരി, കരിക്കൻകുളം നിവാസികൾക്ക് ഇരിണാവിലേക്ക് വരണം.
ബദൽ റോഡുകൾക്കു വീതി കുറവായതിനാൽ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും വേഗത്തിൽ കടന്നുപോകാൻ സാധിക്കില്ല.
മറ്റു വാഹനങ്ങളെ കണ്ണപുരം ചൈനാക്ലേ– അഞ്ചാംപീടിക റോഡ്, കീച്ചേരിയിൽ എത്തുന്ന നിലയിൽ കടത്തി വിടണമെന്നു ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് കാരണം ബസുകൾക്ക് കൃത്യസമയം പാലിക്കാൻ സാധിക്കുന്നില്ലെന്നു ജീവനക്കാർ പരാതിപ്പെട്ടു.
ഇന്ന് താവം മേൽപാലം അടച്ചിട്ടാൽ താവത്തു നിന്നും ബസുകൾ ഷട്ടിൽ സർവീസ് നടത്തേണ്ടി വരും. ചെറുവാഹനങ്ങൾ കടന്നുപോകുന്ന പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാതയിൽ എല്ലാ സമയവും കുരുക്കാണ്. വാഹനങ്ങളുടെ നീണ്ട
നിര ഇരുവശത്തും കാണാനാകും.
ടാറിങ് പൂർണമായും ഇളക്കി
പാപ്പിനിശ്ശേരി മേൽപാലത്തിലെ ടാറിങ് പൂർണമായും ഇളക്കി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് രണ്ടാം ദിവസമായ ഇന്നലെയും നടന്നത്. പിന്നീട് സ്ലാബിലെ കോൺക്രീറ്റിലെ തകർച്ച പരിഹരിക്കും. ഇതു മൈക്രോ കോൺക്രീറ്റ് ജോലി ചെയ്യുന്ന വിദഗ്ധരുടെ നേതൃത്വത്തിൽ ചെയ്യുമെന്നു കരാറുകാരായ കെഎംടി കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചു.
പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിൽ ഉണ്ടായ തകർച്ച കൂടി പരിഹരിക്കാനുണ്ട്.
ഇതിനിടയിൽ കെഎസ്ടിപി റോഡ് ടാറിങ് കൂടി നടക്കും. 2024 ഡിസംബറിൽ ഒരു മാസം പാലം അടച്ചിട്ടു ഇതേ രീതിയിൽ പ്രവൃത്തി നടന്നിരുന്നു. എന്നാൽ മൈക്രോ കോൺക്രീറ്റ് ചെയ്ത ഭാഗം മാസങ്ങൾക്കകം തകർന്നു. തുടർന്നു കെഎസ്ടിപി ഡയറക്ടർ നേരിട്ടെത്തി പാലം പരിശോധിച്ചു ശാശ്വത പരിഹാരം കാണണമെന്നു നിർദേശിച്ചതിനു ശേഷമാണ് നിലവിലെ അറ്റകുറ്റപ്പണി നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

