ഇരിട്ടി ∙ കോടതി വിട്ടാൽ സവിത വക്കീലിന്റെ പ്രധാന വിനോദം ആറളം ശലഭസങ്കേതത്തിലെ പൂമ്പാറ്റകളുടെ നിറമഴകുകൾ ക്യാമറയിൽ പകർത്തുക എന്നതാണ്. പൂമ്പാറ്റകൾ ലോകം മുഴുവൻ സൗന്ദര്യം വിതറി കടന്നുപോകുമ്പോൾ സവിത വക്കീലാകട്ടെ അവയുടെ സൗന്ദര്യം ഒപ്പിയെടുത്ത് ചുമരിൽ ചിത്രങ്ങളാക്കി പ്രദർശനങ്ങൾ നടത്തുന്നു.
കണ്ണൂർ കോടതിയിലെ അഭിഭാഷകയായ സവിത സഹദേവനാണ് ചിത്രശലഭങ്ങളെ ഇത്രമേൽ ലോകത്തിനു പരിചയപ്പെടുത്തുന്നത്.
വനം–വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷനും മലബാർ അവെയർനസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് കൺസർവേഷനും (മാർക്ക്) ചേർന്ന് ഇരിട്ടി നഗരത്തിൽ നടത്തുന്ന ചിത്രശലഭ ഫോട്ടോ പ്രദർശനത്തിന്റെ മുഴുവൻ ഫോട്ടോകളും സവിതാ സഹദേവന്റെ ശേഖരത്തിൽ നിന്നുള്ളവയാണ്. ഇരിട്ടി നഗരത്തിലെ പ്രദർശനം 8ന് അവസാനിക്കും.
ഇവരുടെ യോഗശാല റോഡിലെ ഓഫിസിലും പൂമ്പാറ്റപ്പടങ്ങൾക്കു പഞ്ഞമില്ല.
ആറളം വന്യജീവി സങ്കേത്തിൽ കണ്ടുവരുന്ന 266 ഇനങ്ങളുടെ 4000 ഫോട്ടോകൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. വെറുതെ മൊബൈലിൽ പകർത്തുകയല്ല.
അവയുടെ സ്പീഷീസും ശാസ്ത്രീയ നാമവുമടക്കം ആലേഖനം ചെയ്ത് പ്രിന്റുകളാക്കി സൂക്ഷിക്കുകയും ചെയ്യുന്നു. കോടതി വ്യവഹാരങ്ങൾക്ക് ഇടവേള ലഭിക്കുമ്പോൾ മൊബൈൽ ഫോണുമായി ചിത്രശലഭങ്ങൾക്കു പിന്നാലെ നടന്ന് പകർത്തിയവയാണ് ഇവയെല്ലാം.
പറശ്ശിനിക്കടവിൽ താമസിക്കുന്ന സവിതാ സഹദേവൻ നാട്ടിലെ തൊടിയിലും പറമ്പിലും യഥേഷ്ടം കാണപ്പെടുന്ന പൂമ്പാറ്റകളുടെ ഫോട്ടോ എടുത്തായിരുന്നു തുടക്കം.
ആറളം ശലഭ സർവെയ്ക്ക് വിദഗ്ദരുടെ കൂടെ കൂടിയപ്പോൾ ശലഭങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുകയും അവയുടെ പിന്നാലെ കൂടുകയുമായിരുന്നു. ഫാർമ കമ്പനിയിൽ ആർബിഎം ആയ സഹദേവൻ ആണ് ഭർത്താവ്.
മക്കൾ സിദ്ധാർഥ്, പ്രണവ് എസ്.ദേവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]