
പാപ്പിനിശ്ശേരി ∙ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡ് തകർന്നു പലയിടത്തും കുഴികൾ രൂപപ്പെട്ടു. വാഹനങ്ങൾ കുഴിയിൽ വീണു നിയന്ത്രണംവിട്ട് അപകടം പതിവായി. പാപ്പിനിശ്ശേരി കടവത്തുവയൽ, പുതിയകാവ്, കരിക്കൻകുളം, ഇരിണാവ്, കണ്ണപുരം, ചെറുകുന്ന്, കൊവ്വപ്പുറം എന്നിവിടങ്ങളിൽ റോഡ് തകർന്നു കുഴികളായി.
മഴ ശക്തിപ്പെട്ടതോടെ പലപ്പോഴും കുഴി അടയ്ക്കൽ ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.
പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ ഒരാഴ്ച മുൻപ് മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴികളടച്ച ഇടങ്ങളിലും തകർച്ച തുടങ്ങി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കെഎസ്ടിപി റോഡ് വഴിയാണ് ദീർഘദൂര ചരക്കുവാഹനമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. അമിതവേഗത്തിലാണ് ഭൂരിഭാഗം വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്.
കുഴികൾ പെട്ടെന്നു ശ്രദ്ധയിൽപെടാതെയാണ് അപകടങ്ങൾക്കിടയാക്കുന്നത്.
പലയിടങ്ങളിലും റോഡിന്റെ നടുക്ക് മീറ്ററുകളോളം വിള്ളൽ വന്നു തകർന്നാണു കുഴികൾ രൂപപ്പെട്ടത്. പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെയുള്ള 21 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ടാറിങ് നടത്താൻ നേരത്തേ ഫണ്ട് അനുവദിച്ചിരുന്നു.
എന്നാൽ ഇനി മഴ മാറാതെ ടാറിങ് നടത്താനാകില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കുഴികൾ കാരണം രാത്രിയിൽ ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
അപകടങ്ങൾ വർധിക്കുന്നതിനാൽ ഉടൻ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]