‘ആരാണ് ആ പൊലീസ് ഉദ്യോഗസ്ഥ?’ മന്ത്രി വീണാ ജോർജിനു നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ മന്ത്രിക്കു സുരക്ഷാകവചമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥ ആരാണെന്നറിയാനുള്ള ചോദ്യങ്ങളായിരുന്നു കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറയെ. ഇത് വി.വി.ദീപ്തി, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ.
2018ൽ ചുമതലയേറ്റ കേരളത്തിലെ ആദ്യ ജൻഡർ ന്യൂട്രൽ സബ് ഇൻസ്പെക്ടർ ബാച്ചിലെ കണ്ണൂർ സ്വദേശി.
കണ്ണൂർ ടൗൺ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ പോസ്റ്റിലെത്തിയ ആദ്യ വനിതയാണ് ദീപ്തി. അതുവരെ പുരുഷന്മാർ ചെയ്തിരുന്ന ജോലി ഒരു സ്ത്രീ ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യമാണ് ആരാണ് ആ സ്ത്രീയെന്നത്.
ഗോവിന്ദച്ചാമി ജയിൽചാടി മണിക്കൂറുകൾക്കം പിടികൂടിയപ്പോഴും കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി സമരം അക്രമാസക്തമായപ്പോൾ ലാത്തിച്ചാർജ് നടത്തിയപ്പോഴും ഇതേ ചോദ്യം കേട്ടു. പൊലീസ് കുടുംബം
എസ്ഐ ആയിരുന്ന നടാൽ സ്വദേശി വി.വി.ഹരിദാസന്റെയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്നു വിരമിച്ച എൻ.കെ.സരസുവിന്റെയും മകളായ ദീപ്തി കുടുംബത്തിലെ മൂന്നു പൊലീസുകാരെ കണ്ടാണു വളർന്നത്.
അമ്മയുടെ അച്ഛൻ കണ്ണനും അച്ഛന്റെ സഹോദരൻ വിജയനും അച്ഛനും പൊലീസുകാരായിരുന്നു. ആദ്യമായി സർക്കാർ ജോലി ലഭിച്ചത് പൊലീസിലായിരുന്നു.
പക്ഷേ, അത് മിനിസ്റ്റീരിയൽ സ്റ്റാഫ്. 10 വർഷം കണ്ണൂരിൽ ജോലി ചെയ്തു.
വനിതകളെ പൊലീസിൽ നേരിട്ട് എസ്ഐ ആയി നിയമിക്കാനുള്ള പിഎസ്സി വിജ്ഞാപനം വന്നപ്പോൾ അയച്ചു. 2018ൽ ആണ് നിയമനം.
വിവിധ ജില്ലകളിൽ ജോലി ചെയ്തു. രണ്ടു കൊല്ലം മുൻപാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയത്.
ദീപ്തിയുടെ കൂടെ സർവീസിൽ പ്രവേശിച്ച ധന്യ കൃഷ്ണൻ വനിതാ സ്റ്റേഷനിൽ ഇൻസ്പെക്ടറാണ്.
‘‘ധൈര്യശാലിയായിട്ടാണ് അച്ഛൻ എന്നെ വളർത്തിയത്. ആൺ പെൺ വ്യത്യാസമില്ലാതെ മക്കളെ പഠിപ്പിച്ചു.
ചെറുപ്പത്തിലേ കരാട്ടെ പഠിച്ചു. നീന്താനും സൈക്കിളോടിക്കാനുമൊക്കെ പഠിപ്പിച്ചത് അച്ഛനായിരുന്നു.എന്നെ ആൺകുട്ടിയെപോലെയാണ് വളർത്തുന്നതെന്ന് ബന്ധുക്കളിൽനിന്നും കൂട്ടുകാരിൽനിന്നും അച്ഛൻ എത്രയോ തവണ പരാതി കേട്ടിരുന്നു.
പക്ഷേ, അച്ഛൻ തന്ന ആ ധൈര്യമാണ് ഈ സീറ്റിലിരിക്കുമ്പോൾ എനിക്കുള്ളത്’’– ദീപ്തി പറഞ്ഞു.
ഗോവിന്ദച്ചാമിയെ പിടികൂടുന്നു
കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മിക്കദിവസവും സമരവും ധർണയുമുണ്ടായും. ക്രമസമാധാനച്ചുമതല പ്രിൻസിപ്പൽ എസ്ഐക്ക് ആയതിനാൽ എല്ലായിടത്തും ആദ്യമെത്തണം.
കൊലയാളി ഗോവിന്ദച്ചാമി ജയിൽചാടിയപ്പോൾ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥ ദീപ്തിയായിരുന്നു.
മാധ്യമങ്ങളുടെ ക്യാമറ കാണുമ്പോൾ ഓടിവരുന്നു എന്ന് സമൂഹമാധ്യമങ്ങളിലൊക്കെ അന്ന് പലരും കളിയാക്കിയിരുന്നു. വാസ്തവം അവർക്കറിയില്ലായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ചുമതലയാണ് ചെയ്തത്. അവിടെ ക്യാമറയൊന്നും നോക്കിയിരുന്നില്ല.
പിന്നെ കളിയാക്കലൊന്നും കാര്യമാക്കിയില്ല.
അതുപോലെയാണ് കണ്ണൂർ സർവകലാശാലയിലെ ലാത്തിച്ചാർജും. മന്ത്രി വീണാ ജോർജിനു നേരെ കരിങ്കൊടി പ്രയോഗമുണ്ടായപ്പോഴും അതു തന്നെയാണുണ്ടായത്.
ആദ്യം എകെജി ആശുപത്രിക്കു സമീപം വച്ചാണ് സമരക്കാർ മന്ത്രിയെ തടയാൻ ശ്രമിച്ചത്. അവരെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നു.
പിന്നീട് റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ തടയാൻ ശ്രമിച്ചു. റെയിൽവേ സ്റ്റേഷന്റെ അകം ടൗൺ സ്റ്റേഷൻ നിയമപരിധിയിലല്ലെങ്കിലും ദീപ്തി മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.
തടയാൻ വന്നവരെ പിടികൂടി മാറ്റേണ്ടത് പൊലീസുകാരുടെ ചുമതലയായിരുന്നു. സംഭവമൊക്കെ ചാനലുകളിൽ ലൈവ് ആയപ്പോൾ ദീപ്തിയും ശ്രദ്ധിക്കപ്പെട്ടു.
കേസുകൾക്ക് പിന്നാലെ
വയനാട്ടിൽ ജോലി ചെയ്യുമ്പോൾ പനമരം ഇരട്ടക്കൊലപാതകകേസ് അന്വേഷണ സംഘത്തിൽ ദീപ്തിയുമുണ്ടായിരുന്നു.
കൊല്ലപ്പെട്ടത് റിട്ട. അധ്യാപക ദമ്പതികളായിരുന്നു.
അയൽവാസിയായ പ്രതിയെക്കുറിച്ച് ആദ്യദിനം തന്നെ ജില്ലാ പൊലീസ് മേധാവിയോടു സംശയം പറഞ്ഞിരുന്നു. ഒടുവിൽ അന്വേഷണം എത്തിയതും ആ പ്രതിയിൽതന്നെ.
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതും ശ്രദ്ധിക്കപ്പെട്ടു. ചെറിയൊരു സംശയത്തിൽന്നാണ് വലിയ സംഘത്തെ പിടികൂടിയത്.
കഴിഞ്ഞദിവസം ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ കേൾക്കുന്നത് പതിനഞ്ചുവയസ്സുകാരിയുടെ മരണമാണ്.
അന്നു രാത്രി ജോലി കഴിഞ്ഞിറങ്ങാൻ നേരത്ത് ഒരമ്മ രണ്ട് കൈക്കുഞ്ഞുങ്ങളെയും എടുത്ത് കരഞ്ഞുകൊണ്ടു വന്നു. ഭർതൃപീഡനമായിരുന്നു പരാതി.
ഇങ്ങനെ പലതരം ആളുകൾ. പലതരം പരാതികൾ.
അതെല്ലാം കേൾക്കണം, പരിഹാരം കാണണം. അടുത്ത ദിവസം പുതിയ പരാതികൾ… ഇതാണ് പൊലീസുകാരുടെ ജീവിതം.
ഒരുവിഭാഗത്തിന് നീതി ലഭ്യമാക്കിക്കൊടുക്കുമ്പോൾ ഒട്ടേറെപേർ ശത്രുക്കളുടെ പട്ടികയിൽ ഇടം പിടിക്കും. ഒരുദിവസം തന്നെ ഒന്നിലേറെ ഇൻക്വസ്റ്റ് തയാറാക്കേണ്ടിവരും.
കുഞ്ഞുങ്ങളുടെ ഇൻക്വസ്റ്റ് നടത്തുമ്പോൾ എപ്പോഴും നെഞ്ചുപിടയും’-
വി.വി.ദീപ്തി
ആ സല്യൂട്ടിനായി കാത്തിരിക്കുന്നു
ട്രെയിനിങ് കഴിഞ്ഞു സമയത്ത് സുഹൃത്തായ ഒരു മേലുദ്യോസ്ഥൻ തമാശയായി പറഞ്ഞു, വനിതാ എസ്ഐമാരെ പ്രധാന സ്റ്റേഷനുകളിൽ നിയമിക്കില്ലെന്ന്. അപ്പോൾ ദീപ്തി ചോദിച്ചു, കണ്ണൂർ ടൗൺ സ്റ്റേഷനിൽ എസ്ഐ ആയി വന്നാലോയെന്ന്.
എങ്കിൽ, സ്റ്റേഷനിൽവന്നു സല്യൂട്ട് ചെയ്യുമെന്ന് അദ്ദേഹം പന്തയം വച്ചു. ‘‘ഞാനിവിടെ പ്രിൻസിപ്പൽ എസ്ഐ ആയി എത്തി.
അദ്ദേഹത്തിന്റെ സല്യൂട്ടിനായി ഞാൻ കാത്തിരിക്കുകയാണ്..’’– ദീപ്തി പറഞ്ഞു. റെയിൽവേയിൽ ട്രെയിൻ മാനേജരായ റോഷ് ആണ് ഭർത്താവ്.
പ്ലസ് ടു വിദ്യാർഥി ഇഷാൻ റോഷ് മകനും. ഓസ്ട്രേലിയയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീബിന്ദ് ആണ് സഹോദരൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

