കണ്ണൂർ∙ ജൂലൈ മാസത്തിൽ ആരംഭിച്ച ഇൻഡേൻ പാചക വാതക ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. ഒരു പരിധി വരെ വിതരണം നടക്കുന്നത് ടൗണുകളിൽ മാത്രമായി ചുരുങ്ങി.
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കൃത്യമായ രീതിയിലുള്ള വിതരണം മുടങ്ങിയിട്ട് രണ്ടര മാസമായി. പരിഹാരമില്ലാതെ പ്രതിസന്ധി തുടരുകയാണ്. ഏജൻസികൾ കൈ മലർത്തുമ്പോൾ ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികാരികൾ ടൗണിലെ വിതരണം കൃത്യമായി നടക്കുന്നതിന്റെ വിവരം പറഞ്ഞ് ഉപഭോക്താക്കളുടെ പരാതിയെ അവഗണിക്കുന്നു.
ജൂലൈയിൽ പ്രോഡക്ട് ലിങ്കിങ് പ്ലാന്റ് സംവിധാനത്തിൽ മാറ്റം വരുത്തിയപ്പോൾ തുടങ്ങിയതാണ് പ്രതിസന്ധി.
കണ്ണൂർ ജില്ലയിലെ ഏജൻസികൾക്ക് മംഗലാപുരത്തെ പ്ലാന്റിൽ നിന്നും മൈസൂരുവിലെ പ്ലാന്റിൽ നിന്നുമായിരുന്നു ഏതാനും വർഷങ്ങളായി സിലിണ്ടർ വിതരണത്തിന് എത്തിച്ചിരുന്നത്. ഏജൻസികൾക്ക് മുന്നറിയിപ്പ് ഒന്നും നൽകാതെ സംസ്ഥാനത്തിന് പുറത്തുള്ള പ്ലാന്റുകളുമായുള്ള ബന്ധം ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസാനിപ്പിച്ചു. പകരം ചേളാരിയിൽ നിന്ന് സിലിണ്ടർ എത്തിക്കാൻ സൗകര്യമൊരുക്കിയതായി അറിയിപ്പും വന്നു.
പക്ഷേ സിലിണ്ടറും പാചക വാതകവും ഏജൻസികൾക്ക് കൃത്യമായി മുൻപുണ്ടായിരുന്നതു പോലെ നൽകാൻ സൗകര്യമൊരുക്കിയില്ല.
ആദ്യം പ്രതിസന്ധി ഉണ്ടായപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള പ്ലാന്റുകളിൽ നിന്ന് സിലിണ്ടർ ലഭിച്ചിരുന്ന പഴയ രീതി തന്നെ തുടരാമെന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും പൂർണമായി നടപ്പാക്കിയില്ല. മുൻ കാലങ്ങളിൽ ആഴ്ചയിൽ നാലുമുതൽ ആറ് ലോഡ് വരെ സിലിണ്ടറുകളാണ് മലയോരത്തെ ഏജൻസികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ചേളാരി പ്ലാന്റിൽ നിന്ന് 110 ലോഡ് സിലിണ്ടർ മാത്രമാണ് പ്രതിദിനം വിതരണത്തിനായി പുറത്തു വിടുന്നത്. ഇത് വീതം വച്ച് പോകുന്നതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് കണ്ണൂരിലെ മലയോരത്തെ ഏജൻസികൾക്ക് ലഭിക്കുന്നത്.
ഇതോടെ വിതരണം താളം തെറ്റി.
കണ്ണൂർ ജില്ലയിലെ 18 ഏജൻസികളിൽ 9 ഏജൻസികളും അവരെ ആശ്രയിക്കുന്ന ഉപഭോക്താക്കളുമാണ് ദുരിതം നേരിടുന്നത്.തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ ഉപഭോക്താക്കളും ഏജൻസികളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. വിതരണത്തിന് ഏജൻസികളുടെ വാഹനം കാത്ത് ജനങ്ങൾ റോഡരികിൽ സിലിണ്ടറുമായി കാത്തു നിൽക്കുന്ന കാഴ്ച പതിവായിരിക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഇടപെടലുകൾ ഉണ്ടാകുന്നില്ല.
പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ മേഖലകളിൽ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]