
തലശ്ശേരി∙ പാറാൽ പൊതുവാച്ചേരിയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ കൂറ്റൻ ജലസംഭരണിക്കു കീഴെ ഭീതിയോടെ കുറച്ചു വീട്ടുകാർ. കനത്ത മഴയിൽ ജൂൺ 6നാണു പൊതുവാച്ചേരിയിലെ ജലസംഭരണി സ്ഥിതി ചെയ്യുന്നിടത്തെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായത്.
ഇതോടെ അഞ്ചോളം വീട്ടുകാരും, പൊതുവാച്ചേരി വെസ്റ്റ് എൽപി സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ ഭീഷണിയിലാണ്.
5 വർഷം മുൻപാണ് 20,000 ലീറ്റർ വെള്ളം ഉൾക്കൊള്ളുന്ന കൂറ്റൻ ജലസംഭരണി നഗരസഭ പൊതുവാച്ചേരിയിൽ പണിതത്. സമീപത്തെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു ഇത്.
കനത്തമഴയിൽ ഇക്കഴിഞ്ഞ ജൂൺ 6 നാണ് ‘ഇന്ദ്രാസി’ൽ വി. രശ്മിയുടെ വീടിന്റെ സൺഷേഡിലേക്ക് ഉൾപ്പെടെ ടാങ്ക് സ്ഥിതി ചെയ്യുന്നിടത്തെ മണ്ണിടിഞ്ഞ് വീണത്.
അന്ന് നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ച് വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശിച്ചു.
അന്നുമുതൽ പാനൂരിലെ കുടുംബവീട്ടിൽ മാറി താമസിക്കുകയാണ് രശ്മിയും മക്കളും പ്രായമുള്ള രക്ഷിതാക്കളും. പാനൂരിൽ നിന്നു സ്കൂളിലെത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണം പഴയ വീടിന്റെ തൊട്ടു താഴെ പൊതുവാച്ചേരി വെസ്റ്റ് എൽപി സ്കൂളിൽ പഠിക്കുന്ന രശ്മിയുടെ മകന് സ്കൂളിൽ പോകാനായിട്ടുമില്ല.
കൂറ്റൻ ജലസംഭരണി അപകടാവസ്ഥയിലായത് കാണിച്ചു രശ്മി ജില്ലാ കലക്ടർക്ക് നൽകിയ പരാതി പരിഗണിച്ച് ദുരന്തനിവാരണ നിയമം 33,34 വകുപ്പ് പ്രകാരം വീടിനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് ജൂലൈ 11ന് കലക്ടർ ഉത്തരവ് നൽകി.
എന്നാൽ ഈ ഉത്തരവിൻമേൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നു രശ്മി പറഞ്ഞു. അപകടാവസ്ഥയിലായ ജലസംഭരണി വീണാൽ 5 ഓളം വീട്ടുകാരെ സാരമായി ബാധിക്കും.
വീടുകളിൽ കിടപ്പു രോഗികളടക്കമുള്ളവർ ഉണ്ടെന്നും, എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് സമീപവാസികളായ വീട്ടുകാർ.
സംഭരണി അപകടാവസ്ഥയിലായതോടെ സമീപത്തുള്ള പൊതുവാച്ചേരി വെസ്റ്റ് എൽ പി സ്കൂളും ഭീതിയിലാണ്. സ്കൂളിന്റെ ശുചിമുറി സ്ഥിതി ചെയ്യുന്നതും ജലസംഭരണിക്കു സമീപത്തു തന്നെയാണ്. എത്രയും വേഗം സംഭരണി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും പരാതിയുമായി രംഗത്തുണ്ട്.
ഇത്രയും ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പണിയുമ്പോൾ മണ്ണുപരിശോധന നടത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]