ഇരിട്ടി ∙ ഉത്രാടത്തലേന്നും മലയോരത്തെ ദുരിതത്തിലാക്കി കനത്ത മഴ. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴ ഇന്നലെ പകലും തുടർന്നതോടെ ജനജീവിതം ദുസ്സഹമായി.
ആറളം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലപ്പുഴ പാലം മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. മലയോര ഹൈവേയിൽ അയ്യപ്പൻകാവിൽ മണ്ണിടിച്ചിൽ ഉണ്ടായി.
കീഴൂർ- വികാസ് നഗർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ചീങ്കണ്ണിപ്പുഴയിൽ വെള്ളം ഉയർന്നു പാലപ്പുഴ പാലം കരകവിഞ്ഞൊഴുകിയതോടെ ആറളം ഫാമിലേക്ക് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കാക്കയങ്ങാട് -പാലപ്പുഴ -ആറളം ഫാം -കീഴ്പ്പള്ളി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കീഴൂർ – വികാസ് നഗർ റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വൈദ്യുതി തൂണുകളും തകർന്നു. പ്രദേശത്തെ ഫാത്തിമ മൻസിലിൽ അസ്മയുടെ വീട് മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
വീടിന്റെ പിൻവശത്തുള്ള കുന്ന് വീണ്ടും ഇടിഞ്ഞതോടെ കുടുംബം ഭീതിയിലായി. 2018ൽ ഉണ്ടായ മണ്ണിടിച്ചിൽ വീടിന്റെ അടുക്കള ഭാഗം വരെ മണ്ണ് എത്തിയിരുന്നു.
ഇന്നലെ ഉണ്ടായ മണ്ണിടിച്ചിൽ അസ്മയുടെ വീടിനോടു ചേർന്നുള്ള കിണറിന്റെ ആൾമറ പൊക്കത്തിൽ മണ്ണും കല്ലും നിറഞ്ഞു. കിണർ തകർച്ച ഭീഷണിയിലാണ്.
കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശത്തെ റോഡും ചെളിക്കുളമായി.
എടൂർ – മണത്തണ മലയോര ഹൈവേയുടെ ഭാഗമായ ആറളം പാലത്തിനും പാലപ്പുഴയ്ക്കും ഇടയിൽ അയ്യപ്പൻകാവിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുന്നിടിഞ്ഞു റോഡിലേക്ക് പതിച്ചു. റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന ഇവിടെ കൂടുതൽ മണ്ണ് ഇടിയാനുള്ള സാധ്യതയും ആശങ്ക ഉയർത്തുന്നുണ്ട്.
മഴയിൽ കുതിർന്നു ഓണം വിപണി
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും തുടർന്ന് മഴ മലയോരത്തെ ഓണം വിപണിയും തളർത്തി. ഉത്രാടത്തലേന്ന് നഗരത്തിൽ ഉണ്ടാകേണ്ട
വലിയ തിരക്ക് മഴ കാരണം ഇല്ലാതായി. പൂക്കച്ചവടക്കാരും വഴിയോരക്കച്ചവടക്കാരും ആണു കൂടുതൽ പ്രതിസന്ധിയിലായത്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ പൂക്കൾ ഇറക്കി ഓണം വിപണി പൊടിപൊടിക്കാൻ നടത്തിയ ശ്രമത്തെ തകർക്കുന്ന രീതിയിൽ ആയിരുന്നു മഴ.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടു ഭീഷണി തീർത്തു. വ്യാപാര മേഖലയിൽ പ്രതീക്ഷിച്ചതിന്റെ പകുതി പോലും കച്ചവടം ലഭിച്ചില്ലെന്നും വ്യാപാരികൾ പറഞ്ഞു.
മലയോര മേഖലയിൽ വൻ നാശം
കേളകം ∙ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷം മലയോര മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ വൻ നാശം.
മലയോര ഹൈവേയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. ബാവലിപ്പുഴ, ചീങ്കണ്ണിപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവയിൽ വൻ കുത്തൊഴുക്ക് ഉണ്ടായി.
മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ വശങ്ങളിൽ കാനകൾ ഇല്ലാത്തതിനാൽ വശങ്ങളിലെ തോടുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളം റോഡിലൂടെ ഒഴുകിയതാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായത്. ചുങ്കക്കുന്ന് മൃഗാശുപത്രിയിൽ വെള്ളം കയറി.
കണിച്ചാർ ടൗണിലെ തോടും കര കവിഞ്ഞൊഴുകി.
കുണ്ടേരി റോഡിലെ പാലത്തിന് മുകളിൽ വെള്ളം കയറിയൊഴുകി. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പലക്കുന്നിലെ നെല്ലിരിക്കുംകാലായിൽ സിനിലിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു.
കേളകം പഞ്ചായത്തിലെ പൊയ്യമലയിൽ ചരുവിളപുത്തൻവീട്ടിൽ ജോസുകുട്ടിയുടെ കിണറും ഇടിഞ്ഞു താഴ്ന്നു. കണിച്ചാർ പഞ്ചായത്തിലെ നെല്ലിക്കുന്ന് കാക്കരമറ്റം മല റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു.
ഇവിടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം 25 ലക്ഷം രൂപ ചെലവിൽ റോഡ് നവീകരിച്ചിരുന്നു.
കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം തൊണ്ടിയിൽ റോഡിലുള്ള കിഴക്കേ മാവടയിലുള്ള വാക്കയിൽ ഫിൻസിന്റെ വീട്ടു മതിലും സംരക്ഷണഭിത്തിയും തകർന്നു വീണു. രാത്രി മുഴുവൻ കനത്ത മഴ തുടർന്നതോടെ മലയോര അപായ ഭീഷണിയിലായിരുന്നു.
എന്നാൽ രാവിലെ മുതൽ മഴ കുറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]