തളിപ്പറമ്പ്∙ മതനിരപേക്ഷതയുടെ തെളിനീരൊഴുകുന്ന കേരളത്തിൽ, ബിജെപി പിന്തുണയോടെ വർഗീയതയുടെ വിഷം കലക്കാനാണ് ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ. ജമാഅത്തെ ഇസ്ലാമിയും സമാനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.വി.ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വർഗീയ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയാൽ ഏതെങ്കിലും ഒരു വർഗീയ ശക്തി തോൽക്കുകയോ ഒന്ന് ജയിക്കുകയോ ചെയ്ത സംഭവം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തും കലാപമുണ്ടായിട്ടും കേരളത്തിൽ സമാധാന അന്തരീക്ഷം തുടർന്നത് ഇടതു സർക്കാരിന്റെ നിലപാട് കൊണ്ടാണ്.കേന്ദ്ര ബജറ്റിൽ കേരളത്തിന് ആമയും മുട്ടയും മാത്രമാണ് ഉള്ളത്. വികസനവുമായി ബന്ധപ്പെട്ട
ഒരു കാര്യവും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ 10 ബജറ്റിലും ഇത് തന്നെയായിരുന്നു അവസ്ഥ.
രാഷ്ട്രീയ പകപോക്കലാണ് ബിജെപി ചെയ്യുന്നത്.
എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് കേരളം മുന്നോട്ടുപോകും. ഈ മാർച്ചിൽ ട്രഷറി പൂട്ടില്ലെന്നും എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച ഒന്നും അവസാനിപ്പിക്കില്ലെന്നും എം.വി.ഗോവിന്ദൻ എംഎൽഎ പറഞ്ഞു.തളിപ്പറമ്പിൽ എത്തിയ ജാഥയെ ഒപ്പനയുടെയും തെയ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാണ് സമ്മേളന സ്ഥലമായ കാക്കത്തോട് ബസ് സ്റ്റാൻഡിലേക്ക് ആനയിച്ചത്.
സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സലിഖ, സിപിഎം ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
എം.വി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.സന്തോഷ് കുമാർ എംപി, ടി.വി.രാജേഷ്, ടി.കെ.ഗോവിന്ദൻ തുടങ്ങിയ നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു.
തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വീകരണത്തിന് ശേഷം ഇരിട്ടിയിൽ സമാപിച്ചു. ഇന്ന് 8.30ന് മട്ടന്നൂർ റാറാവീസ് റസ്റ്ററന്റ് ഹാളിൽ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും.
10ന് മട്ടന്നൂരിലും 3ന് അഴീക്കോട് മണ്ഡലത്തിലെ വൻകുളത്ത് വയലിലും 4ന് കണ്ണൂരിലും നടക്കുന്ന സ്വീകരണങ്ങൾക്ക് ശേഷം 5ന് തലശ്ശേരിയിൽ സമാപിക്കും.
സി.കെ.പി.പത്മനാഭൻ വേദിയിൽ മുൻനിരയിൽ
പഴയങ്ങാടി∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന എൽഎഡിഎഫ് വികസന മുന്നേറ്റജാഥയ്ക്ക് പഴയങ്ങാടിയിൽ നൽകിയ സ്വീകരണ സമ്മേളന വേദിയിൽ മുൻ എംഎൽഎയും കർഷകസംഘം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.കെ.പി.പത്മനാഭൻ സ്റ്റേജിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.
പാർട്ടിയുടെ മേൽഘടകങ്ങളിൽ നിന്നെല്ലാം മാറ്റിയ സികെപി കുഞ്ഞിമംഗലം ബ്രാഞ്ചിലാണ്. അടുത്തിടെ കെ.സുധാകരൻ എംപി സി.കെ.പിയെ കുഞ്ഞിമംഗലത്തെ വീട്ടിൽപോയി കണ്ടത് വലിയ ചർച്ചയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജനു സമീപമാണ് സി.കെ.പി ഇരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

