കണ്ണൂർ ∙ പഴയങ്ങാടി വാടിക്കൽക്കടവിൽ കൂട്ടുകാരുടെ തോണിയിൽ സഞ്ചരിക്കുമ്പോൾ റഫീഖ് ഏണ്ടിയിലും ആഗ്രഹിച്ചിരുന്നു അവരെപ്പോലെ തുഴച്ചിലുകാരനാകാൻ. എന്നാൽ ശാരീരിക വെല്ലുവിളിയുള്ള ഒരാൾക്കു പങ്കായം നൽകാൻ കൂടെയുള്ളവർക്കു പേടിയായിരുന്നു. പക്ഷേ, കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു.
ഇന്നലെ സുൽത്താൻതോട്ടിൽനിന്ന് പയ്യാമ്പലം വരെ 5 മണിക്കൂർ കൊണ്ട് 20 കിലോമീറ്റർ കയാക്കിങ് നടത്തി റഫീഖ് സ്വപ്നം യാഥാർഥ്യമാക്കി. ആഗ്രഹങ്ങൾക്കു മുന്നിൽ പരിമിതികൾ മാറിനിൽക്കുമെന്നൊരു സന്ദേശം നൽകിക്കൊണ്ടായിരുന്നു പ്രതികൂല കാലാവസ്ഥയിലും തുഴഞ്ഞുകൊണ്ട് റഫീഖ് ഫിനിഷിങ് പോയിന്റിലെത്തിയത്.
പഴയങ്ങാടി ഏണ്ടിയിൽ വീട്ടിൽ പരേതനായ കെ.യൂസുഫ്–ഫാത്തിമ ദമ്പതികളുടെ മകനായ റഫീഖിന് (55) ജന്മനാ കാലിനു ശേഷിക്കുറവുണ്ടായിരുന്നു.
ഒറ്റച്ചക്രത്തിൽ സൈക്കിൾ ഓടിച്ചാണ് റഫീഖ് ആദ്യം നാട്ടുകാരെ അമ്പരിപ്പിച്ചത്. പരിമിതികളിൽ തളച്ചിടേണ്ടതല്ല തന്റെ ജീവിതമെന്ന് ആദ്യമേ റഫീഖ് ഉറപ്പിച്ചിരുന്നു.
പിന്നീട് വാഹനമോടിച്ചു. ലൈസൻസ് എടുക്കാൻ പോയപ്പോൾ ഡോക്ടർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ഒടുവിൽ നിയമപരമായി നീങ്ങി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി 1996ൽ ലൈസൻസ് എടുത്തു.
ഓട്ടമൊബീൽ കോഴ്സ് കഴിഞ്ഞ് ഷാർജയിൽ 10 കൊല്ലം കാർ മെക്കാനിക് ആയി ജോലി ചെയ്തു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മലബാർ അഡ്വഞ്ചർ എന്നപേരിൽ കയാക്കിങ് പരിശീലന കേന്ദ്രം തുടങ്ങി. ഭിന്നശേഷിക്കാർക്ക് കയാക്കിങ് സ്ഥാപനം നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവു വന്നതോടെ സ്ഥാപനം പൂട്ടേണ്ടി വന്നുവെന്ന് റഫീഖ് പറഞ്ഞു.
എന്നാൽ മകൾ ഇ.സ്വാലിഹയെ നീന്തൽ–കയാക്കിങ് പരിശീലിപ്പിച്ചു. ദേശീയതലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് സ്വാലിഹയ്ക്ക്.
ഭിന്നശേഷിക്കാർക്കു മുന്നിൽ പരിമിതികളൊന്നുമില്ലെന്ന സന്ദേശം പകരാൻ വേണ്ടിയാണ് ഇന്നലെ 20 കിലോമീറ്റർ കയാക്കിങ് നടത്തിയത്.
സംവിധായകൻ പ്രകാശൻ വാടിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. പയ്യാമ്പലത്തു നടന്ന ചടങ്ങിൽ നീന്തൽ പരിശീലകൻ ചാൾസൺ ഏഴിമല, മൗത്ത് പെയ്ന്റർ സുനിത തൃപ്പാണിക്കര എന്നിവർ പയ്യാമ്പലത്ത് സ്വീകരിച്ചു. കെ.വി.ജാസ്മിൻ ആണ് ഭാര്യ.
ഇ.സമീഹ, മുഹമ്മദ് സ്വബാഹ് എന്നിവരാണു മറ്റു മക്കൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

