
വീട് കുത്തിത്തുറന്ന് കവർച്ച: 17 വയസ്സുകാരൻ പിടിയിൽ; കവർന്നത് 8 പവൻ സ്വർണവും 18000 രൂപയും
ഇരിട്ടി ∙ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി മാറ്റാൻ പണം കണ്ടെത്താൻ വീടു കുത്തിത്തുറന്നു മോഷണം. കവർച്ച നടന്ന വീട്ടിൽനിന്ന് 15 കിലോമീറ്റർ അകലെ താമസിക്കുന്ന 17 വയസ്സുകാരൻ പിടിയിൽ.
സംസ്ഥാനന്തര പാതയിലെ വഴിയോരക്കടയിൽ ജോലി ചെയ്തിരുന്ന 17 വയസ്സുകാരൻ കടയ്ക്കു സമീപത്തെ വീട്ടിൽനിന്നാണ് പട്ടാപ്പകൽ 8 പവൻ സ്വർണവും 18000 രൂപയും കവർന്നത്. വീട്ടുകാർ പുറത്തുപോയ സമയം മനസ്സിലാക്കി രാവിലെ 7.30നും 1.30നും ഇടയിൽ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. 24 മണിക്കൂറിനകം കേസിനു തുമ്പുണ്ടാക്കിയ പൊലീസ് പ്രായത്തിന്റെ ഇളവിൽ കുട്ടിയെ ഗുണദോഷിച്ചു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി മാറ്റാനുള്ള പണം കണ്ടെത്താനാണു കവർച്ച നടത്തിയതെന്ന് 17 വയസ്സുകാരൻ അന്വേഷണസംഘത്തോടു പറഞ്ഞു. മോഷ്ടിച്ച പണവും സ്വർണവും പൊലീസ് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കുട്ടിക്കള്ളനെ കുടുക്കിയത്.
ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണൻ, എസ്ഐമാരായ കെ.ഷറഫുദ്ദീൻ, ടി.ജി.അശോകൻ, എഎസ്ഐ എൻ.എസ്.ബാബു, സിപിഒ പ്രവീൺ ഊരത്തൂർ, ഡിവൈഎസ്പി പി.കെ.ധനജ്ഞയബാബുവിന്റെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എ.എം.ഷിജോയ്, കെ.ജെ.ജയദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]