
കാറ്റിലും മഴയിലും വ്യാപക നാശം; പുതിയങ്ങാടിയിൽ മഴക്കെടുതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി ∙ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തലായി, ടെംപിൾഗേറ്റ്, കോടിയേരി ഈങ്ങയിൽപ്പീടിക, കുട്ടിമാക്കൂൽ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടം നേരിട്ടു. മരം പൊട്ടി വീണ് ഒട്ടേറെ വീടുകൾക്ക് കേടുപറ്റി. ആറ്റുപുറം വയലിൽ വാഴക്കൃഷി നശിച്ചു. മാക്കൂട്ടത്ത് തെക്കെ താഴയിൽ ശൈലജയുടെ വീടിനു മേൽ മഞ്ചാടി മരവും തെങ്ങും കടപുഴകി വീണു അടുക്കള ഭാഗം പൂർണമായും കേടു പറ്റി. കോപ്പാലം കൃഷ്ണ വീട്ടിൽ ദിനേശ്ബാബുവിന്റെയും ചക്യത്ത് മുക്കിൽ വൈദ്യരവിട നബീസയുടെയും വീടിനു മേൽ മരം വീണു കേടുപറ്റി. കുറിച്ചിക്കരന്റവിട പ്രശാന്തിന്റെയും ബംഗാളി വീട്ടിൽ സത്യന്റെയും സോപാനത്തിൽ ഷീലയുടെയും വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പാറിപ്പോയി. ലക്ഷ്മണ നിവാസിൽ ബാബുവിന്റെ വീടിന് മേൽ മരം പൊട്ടിവീണു.
വീണനിലയിൽ.
കല്ലങ്കണ്ടി ദിനേശന്റെ പറമ്പിലെ മരം കടപുഴകി അയൽവീട്ടിലെ മതിലിൽ വീണു. പുളിക്കൂൽ ഹരിദാസന്റെ വീടിന് മേൽ മരം വീണു ജനാലയ്ക്ക് കേടുപറ്റി. കുറിച്ചിക്കാരൻ വത്സലയുടെ വീടിനുമേൽ മരംവീണു. ചേത്തന്റവിട കാർത്തികേയൻ, പുളിക്കൂൽ പ്രേമൻ, മദമ്മൽ ഹൗസിൽ ശ്രീജിത്ത് എന്നിവരുടെ വീടുകൾക്കും മരം വീണ് കേടുപറ്റി. ടെംപിൾ വാർഡിൽ ഫിഷർമെൻ കോളനിയിൽ തെങ്ങു കടപുഴകി വീണ് 4 വൈദ്യുതി തൂണുകൾ തകർന്നു. ദത്താത്രേയ മഠം പരിസരത്ത് 2 ദിവസം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
കോടിയേരി ഈങ്ങയിൽപീടിക കൊപ്പരക്കളത്ത് ഇ.പി.സുധീഷിന്റെ വീടിനു മേൽ പ്ലാവ് പൊട്ടിവീണ് കാർ പോർച്ചിന്റെ ഷീറ്റ് തകർന്നു. കൈവരിക്കും കേടുപറ്റി. കുട്ടിമാക്കൂൽ ആറ്റുപുറം വയലിൽ നൂറുകണക്കിനു വാഴകൾ നശിച്ചു. റോഡിൽ മാവ് പൊട്ടിവീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ടി.പി.ഭാസ്കരന്റെ വീടിന് മേൽ തെങ്ങ് പൊട്ടി വീണു ഭാഗികമായി കേടുപറ്റി. നന്മ വീട്ടിൽ വത്സന്റെ വീടിനോട് ചേർന്നുള്ള മുറിയിൽ തെങ്ങു വീണു.
2.കോപ്പാലം കൃഷ്ണവീട്ടിൽ ദിനേശ്ബാബുവിന്റെ വീടിനു മുകളിൽ തെങ്ങ് വീണ നിലയിൽ.
ചെറുപുഴ ∙ മലയോര മേഖലയിൽ നാശം വിതച്ചു വീണ്ടും ശക്തമായ കാറ്റും മഴയും. ഇന്നലെ വൈകിട്ട് അഞ്ചോടെ ആഞ്ഞടിച്ച കാറ്റിലും മഴയും വീടിനും കൃഷികൾക്കും ഉൾപ്പെടെ വ്യാപകമായ നാശമാണ് ഉണ്ടായത്. പുളിങ്ങോം പാലാംതടത്തിലെ മുണ്ടക്കുണ്ടിൽ റംലയുടെ വീട് തെങ്ങ് വീണു പൂർണമായും തകർന്നു. വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. താബോറിലെ പുറവക്കാട്ടിൽ ജോയിയുടെ വീടിനു മുകളിൽ തെങ്ങ് വീണു. ശക്തമായ കാറ്റിൽ താബോറിൽ 10 വൈദ്യുതത്തൂണുകൾ നിലംപൊത്തി. കെട്ടിടങ്ങളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി.
പല റോഡുകളിലും മരം വീണു ഗതാഗതം മുടങ്ങി. പുളിങ്ങോം-പാലാവയൽ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങോം അഗ്നിരക്ഷാസേനയാണു മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. കുണിയൻകല്ലിലെ കെ.സി.തങ്കച്ചന്റെ തെങ്ങും കമുകും കാറ്റിൽ നശിച്ചു. താബോറിലും സമീപപ്രദേശങ്ങളിലും കാറ്റ് വ്യാപക നാശം വിതച്ചു. കാറ്റിനെ തുടർന്നു മലയോര മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായി.
പുതിയങ്ങാടിയിൽ മഴക്കെടുതി
പുതിയങ്ങാടി∙ ബീച്ച് റോഡിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് പൊട്ടിവീണ് വൈദ്യുത ബന്ധം തകരാറിലായി. ഇന്നലെ വൈകിട്ട് 6 ഓടെയാണ് സംഭവം. തെങ്ങ് റോഡിന് കുറുകെ പൊട്ടിവീണത് കൊണ്ട് ഏറെ നേരം ഗതാഗത തടസ്സത്തിനും കാരണമായി.പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ ചെളിവെള്ളം നിറഞ്ഞ് വാഹനയാത്രയും ദുഷ്കരമായി.