ഒറ്റക്കറവയിൽ 20 ലീറ്റർ പാൽ ലഭിക്കുന്ന പശു..! പണി കിട്ടിയത് പാലുംവെള്ളത്തിൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ഒറ്റക്കറവയിൽ 20 ലീറ്റർ പാൽ ലഭിക്കുന്ന പശു..! സമൂഹമാധ്യമത്തിലെ ഈ ഓഫർ കണ്ടാണ് മയ്യിൽ സ്വദേശി ഇത്തരത്തിലുള്ള മൂന്നു പശുക്കൾക്ക് ഓർഡർ നൽകിയത്. അഴകും ആരോഗ്യവുമുള്ള പശുക്കളുടെ വിഡിയോയും ഫോട്ടോയും കണ്ടപ്പോൾ ഉറപ്പായി. ഇതോടൊപ്പം വിൽപനക്കാരുടെ ആധാർകാർഡ്, പാൻകാർഡ് എന്നിവയുടെ ഫോട്ടോയും അയച്ചുകൊടുത്തു. തട്ടിപ്പല്ല എന്നുറപ്പായപ്പോൾ ഗൂഗ്ൾപേ വഴിയും അക്കൗണ്ട് വഴിയും ഒരു ലക്ഷം രൂപ നൽകി. പുതിയ ഫാമിലേക്കുള്ള പശുക്കളെ വാഹനത്തിൽ കയറ്റുന്ന വിഡിയോയും സംഘം അയച്ചുകൊടുത്തു.
രാജസ്ഥാനിൽനിന്നു വാഹനത്തിൽ കയറ്റിവിട്ട പശുക്കൾ ദിവസങ്ങൾ കഴിഞ്ഞിട്ടും മയ്യിലെ ഫാമിലെത്താതിരുന്നപ്പോഴാണു തട്ടിപ്പാണെന്നു മനസ്സിലായത്. ഓൺലൈൻ തട്ടിപ്പുസംഘത്തിന്റെ പുതിയ കെണിയിൽവീണഫാം ഉടമയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. സമൂഹമാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഫലമായി തട്ടിപ്പു കുറയുമ്പോഴും പുതിയതട്ടിപ്പു രീതി സ്വീകരിക്കുകയാണ് സംഘങ്ങൾ.
ഇപ്പോൾ വ്യാജ മാട്രിമോണിയൽ തട്ടിപ്പാണു കൂടുതൽ നടക്കുന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു. പുനർവിവാഹത്തിനുള്ള പരസ്യം നൽകി ആളുകളെ കണ്ടെത്തും. ഇവരോടു സൗഹൃദം വളർത്തി ട്രേഡിങ്ങിലേക്കു ക്ഷണിക്കും. അങ്ങനെ നിക്ഷേപത്തിലേക്കെന്ന പേരിൽ പണം മുഴുവൻ കൈക്കലാക്കും. തട്ടിപ്പാണെന്നു മനസ്സിലാകുമ്പോഴേക്കും പണം നഷ്ടമായിരിക്കും. അത്തരത്തിലുള്ള പരാതികൾ കൂടി വരുന്നതായി പൊലീസ് പറഞ്ഞു.
കുരുങ്ങാതിരിക്കാം, കെണിയിൽ
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചു ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും പൂർണമായും ഇല്ലാതായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഓൺലൈൻ ട്രേഡിങ് വഴി 7,04,450 രൂപ നഷ്ടമായ താണ സ്വദേശി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ഇൻസ്റ്റഗ്രാം വഴിയാണ് തട്ടിപ്പുസംഘം ഇദ്ദേഹത്തിന്റെ പണം സ്വന്തമാക്കിയത്. പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് മട്ടന്നൂർ സ്വദേശിയിൽനിന്ന് 13,392 രൂപ മറ്റൊരു സംഘം തട്ടിയെടുത്തു. ഇത്തരം തട്ടിപ്പു ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി റജിസ്റ്റർ
ചെയ്യണം.
അങ്കണവാടി ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്
കണ്ണൂർ ∙ അങ്കണവാടിയിൽ ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ തട്ടിപ്പ്. അങ്കണവാടി ടീച്ചർ, ഹെൽപർ, ആയ എന്നിങ്ങനെ മൂന്ന് തസ്തികയിലാണു തട്ടിപ്പുകാരുടെ ‘നിയമനം’. പത്താം ക്ലാസ് പാസായവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. 30,000 രൂപ വരെ ശമ്പളവും ലഭിക്കും. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുന്നത്. തട്ടിപ്പാണെന്നു മനസ്സിലാക്കാതെ പ്രചാരണ കാർഡുകൾക്കും മെസേജിനും താഴെ പലരും കൂടുതൽ വിവരങ്ങൾ ചോദിക്കുന്നുണ്ട്. അങ്കണവാടിയിൽ നിയമനം നടത്തുന്നത് സർക്കാരാണെന്ന കാര്യം മറക്കരുത്. വനിതാ ശിശു വികസന വകുപ്പ്, അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസസ്(ഐസിഡിഎസ്) വഴി മാത്രമേ അങ്കണവാടിയിലെ ഒഴിവുകൾ, നിയമനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരം ലഭിക്കുകയുള്ളൂ.