കണ്ണപുരം ∙ ഉത്സവത്തിനും ആഘോഷങ്ങൾക്കുമുള്ള പടക്ക നിർമാണത്തിനായാണു സ്ഫോടക വസ്തുക്കൾ ശേഖരിച്ചതെന്നു കീഴറയിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്ക് (പി.അനൂപ്കുമാർ – 55) പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിലായ അനൂപ് മാലിക്ക് പൊലീസ് ചോദ്യംചെയ്യലിലാണു വെളിപ്പെടുത്തൽ നടത്തിയത്.
ഉത്സവ സീസണു മുൻപേ സ്ഫോടക വസ്തുക്കൾ ശേഖരിച്ചു പടക്കം തയാറാക്കുന്നതാണു തന്റെ രീതിയെന്നും ലാഭമുള്ള കച്ചവടമായതിനാലാണു നേരത്തെ സ്ഫോടനവും പൊലീസ് കേസുകളുമുണ്ടായിട്ടും സ്ഫോടക വസ്തുക്കൾ ശേഖരിച്ചതെന്നും ഇയാൾ സമ്മതിച്ചു.
മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതിരിക്കാനാണ് ഒറ്റപ്പെട്ടയിടങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തു രാത്രിയിൽ നിർമാണം നടത്തുന്നത്. സ്ഫോടക നിർമാണ വസ്തുക്കൾ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കുന്നതെന്നും പൊലീസിനു മൊഴി നൽകി.
ജില്ലാ നർകോട്ടിക് സെൽ എസിപി പി.രാജേഷ്, കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിൽ 3 മണിക്കൂറിലധികം ചോദ്യം ചെയ്തു. സ്ഫോടകവസ്തു നിയമത്തിലെ 3, 5 സെക്ഷൻ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തത്. ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന സ്ഫോടനം നടത്തുന്നതിനെതിരെയും അനധികൃത സ്ഫോടകവസ്തു നിർമാണവും ശേഖരണവും നടത്തുന്നതിനെതിരെയും കഠിനശിക്ഷ ലഭിക്കുന്ന വകുപ്പുകളാണിവ.
പ്രതിയെ സഹായിച്ചവരെക്കുറിച്ചും സ്ഫോടക വസ്തുക്കളെത്തിച്ച വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടത്തും.
കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്കുശേഷം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പിന്നീടു കസ്റ്റഡിയിൽ വാങ്ങും.
30നു പുലർച്ചെ കീഴറ വേന്തിയിൽ നടന്ന സ്ഫോടനത്തിൽ വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന അനൂപിന്റെ ഭാര്യാസഹോദരൻ ചാലാട് സ്വദേശി മുഹമ്മദ് അഹ്സം(54) മരിച്ചിരുന്നു. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]