
മുണ്ടക്കയം ∙ റബർത്തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെ കർഷകനെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിക്കൊന്നു. തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമൻ (64) ആണ് ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ മതമ്പയിൽ ഇന്നലെ രാവിലെ 10.45ന് ആനയുടെ ആക്രമണത്തിന് ഇരയായത്.
മകൻ രാഹുലിന്റെ കൺമുന്നിലാണ് സംഭവം. പുരുഷോത്തമൻ പാട്ടത്തിനെടുത്ത തോട്ടമാണ്.
അടുത്തുള്ള കാട്ടിൽനിന്ന് ആന ഓടിയെത്തുന്നതു കണ്ട രാഹുൽ മുന്നറിയിപ്പു നൽകിയെങ്കിലും സമീപത്തെ തോട്ടിലെ ഒഴുക്കിന്റെ ശബ്ദം മൂലം പുരുഷോത്തമൻ കേട്ടില്ല.
പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട് പുരുഷോത്തമനെ തട്ടിയിട്ടു.
സമീപത്തുണ്ടായിരുന്ന തടിവെട്ടു തൊഴിലാളികൾ ജീപ്പുമായി എത്തി മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 12നു തമ്പലക്കാട്ടെ വീട്ടുവളപ്പിൽ.
ഭാര്യ: ഇന്ദിര. പ്രശാന്ത് ആണു മറ്റൊരു മകൻ.
മരുമക്കൾ: ഹരിത, അനുമോൾ. പുരുഷോത്തമന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എച്ച്.അനീസ് എത്തി 10 ലക്ഷം രൂപ നൽകുമെന്നു ബന്ധുക്കളെ അറിയിച്ചതിനു പുറമേ മകൻ രാഹുലിനെ ഫോണിൽ വിളിച്ചു മന്ത്രി വി.എൻ.വാസവൻ മന്ത്രിസഭ സഹായധനം പ്രഖ്യാപിക്കുമെന്ന് അറിയിക്കുക കൂടി ചെയ്തതോടെയാണു പ്രതിഷേധം അയഞ്ഞത്. ആശുപത്രി മോർച്ചറിക്കു മുന്നിൽ സിപിഎം– ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പുരുഷോത്തമന്റ മരണം ആനയുടെ ആക്രമണം മൂലമാണെന്നു സ്ഥിരീകരിച്ചതായി എരുമേലി റേഞ്ച് ഓഫിസർ കെ.ഹരിലാൽ അറിയിച്ചു.
ഒരേ വാർഡിൽ 5 മാസത്തിനിടെ രണ്ടാമത്തെ മരണം
പെരുവന്താനം പഞ്ചായത്തിലെ ഏഴാം വാർഡായ വെള്ളാനിയിൽ 5 മാസത്തിനിടെ രണ്ടാമത്തെയാളാണു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ഫെബ്രുവരി 11നു കൊമ്പൻപാറയിൽ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയ (45) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവിടെനിന്ന് 5 കിലോമീറ്റർ അകലെയാണ് ഇന്നലെ കാട്ടാനയാക്രമണം ഉണ്ടായ റബർത്തോട്ടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]