
സർക്കാർഭൂമി കയ്യേറി ഖനനം തുടരുന്നു; കണ്ണടച്ച് അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ അനധികൃത പാറഖനനത്തിനു കർശന നിയന്ത്രണമേർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെയും റവന്യു വകുപ്പിന്റെയും നടപടികൾക്കു പുല്ലുവില കൽപിച്ചു ജില്ലാ ആസ്ഥാന മേഖലയോടു ചേർന്നു കിടക്കുന്ന പ്രദേശത്തെ പാറമടകൾ വീണ്ടും സജീവമായി. അവധിദിനത്തോട് അനുബന്ധിച്ചാണു ഖനനം വീണ്ടും സജീവമായത്. ഉപ്പുതോട് വില്ലേജിൽ പാണ്ടിപ്പാറയ്ക്കു സമീപമുള്ള പാറമടയിലും തങ്കമണി വില്ലേജിൽ മരിയാപുരപുരത്തുള്ള രണ്ടു പാറമടകളിലുമാണ് അവധിദിനങ്ങളോടനുബന്ധിച്ചു കഴിഞ്ഞ രണ്ടു ദിവസമായി ഖനനം ഊർജിതമായത്.
രാത്രികാലങ്ങളിലാണു പാറ പൊട്ടിക്കലും കടത്തും തകൃതിയാകുന്നതെന്നു നാട്ടുകാർ പറയുന്നു. പുലർച്ചെയോടെ അവസാനിപ്പിക്കും. അവധിദിനങ്ങളിൽ പകലും പാറക്കടത്ത് സജീവമാണ്. തങ്കമണി, ഉപ്പുതോട് വില്ലേജുകളിലായി റവന്യു ഭൂമിയിൽ നിന്നും പട്ടയ സ്ഥലങ്ങളിൽ നിന്നും പുറമ്പോക്കിൽ നിന്നും അനധികൃതമായി ലക്ഷക്കണക്കിനു ടൺ പാറ പൊട്ടിച്ചുകടത്തിയതു വിവാദമായിരുന്നു.
ഇതുസംബന്ധിച്ച നടപടികൾ മുന്നോട്ടു പോകുന്നതിനിടെയാണു വീണ്ടും പാറ മാഫിയ നിയന്ത്രണമൊന്നുമില്ലാതെ അനധികൃത ഖനനം ആരംഭിച്ചത്.പ്രവൃത്തിദിവസങ്ങളിലും അവധിദിനങ്ങളിലും അനധികൃത ഖനനം തടയുന്നതിനു കലക്ടർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.ഇവരുടെ മൂക്കിനു കീഴിലൂടെയാണ് ഇപ്പോൾ പാറയുമായി ലോറികൾ ഓടുന്നത്.ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞ ഒക്ടോബറിൽ സമ്പൂർണ പാറഖനന നിരോധനത്തിനായി ശുപാർശ ചെയ്ത ഉപ്പുതോട്, തങ്കമണി വില്ലേജുകളിൽ തന്നെയാണു മാഫിയ വീണ്ടും ശക്തമായിരിക്കുന്നത്.മാഫിയകളെ ഭയന്നാണു പരാതി പറയാൻ നാട്ടുകാർ മടിക്കുന്നതെന്നും ആക്ഷേപമുണ്ട്.