
കാലാവസ്ഥാ വ്യതിയാനം മുൻപെങ്ങുമില്ലാത്ത വിധം മഴയളവിലെ വ്യത്യാസം: ആശങ്കയിൽ മലയോരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി ∙ മുൻപെങ്ങുമില്ലാത്ത വിധമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കയിലാണു മലയോരമേഖല. അടുത്തടുത്ത സ്ഥലങ്ങളിൽ പോലും പെയ്ത മഴയുടെ അളവിലുണ്ടായ വ്യത്യാസം കർഷകരുടെ നെഞ്ചിടിപ്പു കൂട്ടുന്നു.ലോറേഞ്ചിലും ഹൈറേഞ്ചിലുമുള്ള ചില മേഖലകളിലും 100 മില്ലിമീറ്ററിലധികം വേനൽമഴ ലഭിച്ചപ്പോൾ 2 മാസത്തിലധികമായി ഒരു തുള്ളി മഴ ലഭിക്കാത്ത പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്.കഴിഞ്ഞ വർഷം വേനൽക്കാലത്ത് ബൈസൺവാലി മേഖലയിൽ 4 മാസം വരെ മഴ പെയ്തിരുന്നില്ല. ഇതേ തുടർന്ന് ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിച്ചത്.ഇത്തവണ ബൈസൺവാലിയിലുൾപ്പെടെ വേനൽ മഴ ലഭിച്ചെങ്കിലും താെട്ടടുത്തുള്ള രാജകുമാരി പഞ്ചായത്തിൽ മഴ ലഭിച്ചില്ല.രാജാക്കാട്, വെള്ളത്തൂവൽ, അടിമാലി, മറയൂർ, മൂന്നാർ, വട്ടവട, കാന്തല്ലൂർ, കുമളി മേഖലകളിലും വേനൽ മഴ ലഭിച്ചിരുന്നു.താെടുപുഴ, ചെറുതോണി, കട്ടപ്പന, പീരുമേട് മേഖലകളിലും ശരാശരി വേനൽ മഴ ലഭിച്ചു.
എന്നാൽ സേനാപതി, ശാന്തൻപാറ, ഉടുമ്പൻചോല മേഖലയിൽ ഇതുവരെ വേനൽ മഴ ലഭിച്ചിട്ടില്ല. നെടുങ്കണ്ടം, കട്ടപ്പന മേഖലയിലും ശരാശരിയിലും താഴെയാണ് വേനൽ മഴ ലഭിച്ചത്.ആകാശത്ത് കാർമേഘങ്ങൾ മൂടുമെങ്കിലും മഴ പെയ്യില്ല എന്നതാണ് മഴക്കുറവുള്ള പ്രദേശങ്ങളിലെ അവസ്ഥ. കഴിഞ്ഞ വർഷം വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ സമാനമായ അവസ്ഥയായിരുന്നുവെന്ന് കർഷകർ പറയുന്നു. വേനൽ മഴ ലഭിക്കാത്തതിനാൽ മരച്ചീനി, കാച്ചിൽ, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയ കിഴങ്ങു വിളകൾ കൃഷി ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ് മഴ ലഭിക്കാത്ത സ്ഥലങ്ങളിലുള്ളവർ. വേനൽ മഴ ലഭിച്ചാൽ മാത്രമേ മണ്ണാെരുക്കി വിത്ത് നടാൻ കഴിയൂ.
ഇനി പ്രതീക്ഷ 3നു ശേഷമുള്ള മഴപ്രവചനത്തിൽ
∙ ഏപ്രിൽ 3നു ശേഷം വീണ്ടും വേനൽ മഴ ലഭിക്കുമെന്നാണു സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. മഴയുടെ സ്വഭാവം പ്രീമൺസൂൺ രൂപത്തിലേക്കു മാറുമെന്നും ഇടിയോടെയുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കിഴക്കൻ മേഖലയിൽ മലവെള്ളപ്പാച്ചിലിനു കാരണമായേക്കാവുന്ന ശക്തമായ മഴ പെയ്യുമെന്നും പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.