ഉപ്പുതറ ∙ കാൽനൂറ്റാണ്ടായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി തുറക്കാനുള്ള സാധ്യതകൾക്ക് നേരിയ പ്രതീക്ഷ. തോട്ടം ഉടമയുടെ അഭ്യർഥന പ്രകാരം തൊഴിലാളി യൂണിയൻ പ്രതിനിധികളും മാനേജ്മെന്റുമായി ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ നടത്തിയ ചർച്ചയാണ് ശുഭപ്രതീക്ഷയേകുന്നത്.
2000 ഡിസംബർ 13നാണ് പീരുമേട് ടീ കമ്പനി അടച്ചുപൂട്ടിയത്.
ഉടമ കമ്പനി ഉപേക്ഷിക്കുമ്പോൾ 1330 സ്ഥിരം തൊഴിലാളികളും അത്രയും താൽക്കാലിക തൊഴിലാളികളുമാണ് തോട്ടത്തിൽ ജോലി ചെയ്തിരുന്നത്. ആ സമയത്ത് 3 വർഷത്തെ ബോണസ്, 8 മാസത്തെ ശമ്പള കുടിശിക ഉൾപ്പെടെ പതിനായിരക്കണക്കിനു രൂപ തൊഴിലാളികൾക്കു ലഭിക്കാൻ ഉണ്ടായിരുന്നു.
അന്നുണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ പെൻഷൻ പ്രായം കഴിയുകയും പലരും മരിക്കുകയും ചെയ്തു.
അടച്ചുപൂട്ടിയശേഷം മുഖ്യമന്ത്രി, തൊഴിൽ – വ്യവസായ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ 150ൽ അധികം തവണ ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. അടുത്തിടെ ഉടമ തോട്ടം തുറക്കാനുള്ള സന്നദ്ധത അറിയിച്ചതാണ് വീണ്ടും പ്രതീക്ഷയേകുന്നത്.
തൊഴിലാളി യൂണിയനുകളും തോട്ടം ഉടമയും മുൻപോട്ടുവച്ച നിർദേശങ്ങൾക്ക് അനുഭാവപൂർവമായ നിലപാടാണ് ഇരുവിഭാഗവും കൈക്കൊണ്ടത്. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ കമ്പനി നൽകണമെന്നാണ് യൂണിയനുകൾ നിർദേശിച്ചത്.
തോട്ടവുമായി ബന്ധമില്ലാത്തവർ എസ്റ്റേറ്റ് ഭൂമി കൈവശപ്പെടുത്തിയത് ഒഴിപ്പിക്കാൻ യൂണിയനുകൾ സഹകരിക്കണമെന്നാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഇതിന് അനുകൂലമായ നിലപാട് ഇരുവിഭാഗവും കൈക്കൊണ്ടിട്ടുണ്ട്.
തുടർചർച്ചകൾക്കു ശേഷമേ തോട്ടം തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെങ്കിലും ആദ്യഘട്ട
ചർച്ച ഫലം കണ്ടത് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നു.ഫാക്ടറികളിലെ ഉപകരണങ്ങളെല്ലാം നശിച്ചിരുന്നു. ഒട്ടേറെ ഉപകരണങ്ങൾ മോഷണം പോകുകയും ചെയ്തു.
ഇതേതുടർന്ന് ലോൺട്രി, ചീന്തലാർ ഫാക്ടറികൾ കഴിഞ്ഞവർഷം മാനേജ്മെന്റ് പൊളിച്ചുവിറ്റിരുന്നു. തോട്ടം തുറക്കണമെങ്കിൽ പുതിയ ഫാക്ടറി ഉൾപ്പെടെ നിർമിക്കേണ്ടിവരും.
ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ കെ.എസ്.ബിജുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മാനേജിങ് ഡയറക്ടർ ശിവരാമകൃഷ്ണ ശർമ, മാനേജർ ജോർജ് പി.ജേക്കബ്, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.ടി.ബിനു, എം.ജെ.വാവച്ചൻ, കെ.സുരേന്ദ്രൻ, സിറിയക് തോമസ്, പി.നിക്സൻ, അച്ചൻകുഞ്ഞ്, പി.ടി.തോമസ്, എം.ആന്റണി, ആർ.വിനോദ്, പി.അർജുനൻ, പി.മോഹനൻ,ആർ.ബാലചന്ദ്രൻ, ജില്ലാ ലേബർ ഓഫിസർ ജി.പത്മ ഗിരീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

