മൂന്നാർ ∙ കനത്ത മഴയെത്തുടർന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ റോഡ് ഇടിഞ്ഞുവീണു. റോഡ് ഇടിഞ്ഞു വീണതിന്റെ താഴ്ഭാഗത്തുള്ള വീട്ടുകാരെ അപകടഭീഷണിയെത്തുടർന്ന് രാത്രി മാറ്റിപ്പാർപ്പിച്ചു.
അപകടാവസ്ഥയിലായ പാതയിലൂടെ ഒരു നിരയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പള്ളിവാസൽ മൂലക്കടയിലാണ് തിങ്കളാഴ്ച രാത്രി 10.30ന് റോഡ് തകർന്നു വീണത്.
ദേശീയപാതയുടെ വീതികൂട്ടലിന്റെ ഭാഗമായി റോഡിന്റെ വശത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിന് പത്തടി താഴ്ചയിൽ മണ്ണു മാറ്റിയിരുന്നു. കോൺക്രീറ്റ് വാർക്കുന്നതിന് കമ്പികളും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്.
രാത്രി ഇതുവഴി വാഹനങ്ങൾ കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ചൊവ്വാ രാവിലെ മുതൽ ഈ ഭാഗം ബലപ്പെടുത്തുന്നതിനുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്.
മൂന്നാർ, പള്ളിവാസൽ മേഖലകളിൽ തിങ്കളാഴ്ച രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്.
ഇടുക്കി ജില്ലയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
തൊടുപുഴ ∙ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 29നും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
28ന് രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 32.56 മില്ലിമീറ്റർ മഴയാണ്. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ പകൽ പലയിടങ്ങളിലും മഴയെത്തി.
കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഇടവിട്ടുള്ള ശക്തമായ മഴ ആശങ്ക വിതയ്ക്കുകയാണ്. ശനിയാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായ അടിമാലിയിലെ ലക്ഷം വീട് നഗറിലടക്കം ആശങ്ക നിലനിൽക്കുന്നുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്. ദേവികുളം താലൂക്കിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കൊഴികെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് കലക്ടർ ഉത്തരവിറക്കി.
റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
തൊടുപുഴ ∙ മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കൃഷി നാശം സംബന്ധിച്ചതിന്റെ കണക്കെടുക്കാനും എഡിഎം ഷൈജു പി.ജേക്കബിന്റെ അധ്യക്ഷതയിൽ ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം നിർദേശിച്ചു. പല സ്ഥലത്തും റോഡുകളുടെ അരിക് ഇടിഞ്ഞു പോയിട്ടുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ അപകട
സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും യോഗം നിർദേശിച്ചു.
മണ്ണുനീക്കാനെത്തിയവരെ ദുരിതബാധിതർ തടഞ്ഞു
അടിമാലി ∙ ദേശീയപാതയിൽ അടിമാലിക്കു സമീപം ദുരന്തം ഉണ്ടായ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാനെത്തിയ കരാർ കമ്പനി പ്രതിനിധികളെ ദുരിത ബാധിതർ തടഞ്ഞു. ദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകിയതിനു ശേഷം നിർമാണ ജോലികൾ നടത്താൻ അനുവദിക്കുകയുള്ളുവെന്ന് ദുരിതാശ്വാസ ക്യാംപിൽ നിന്ന് എത്തിയ യുവാക്കൾ ആവശ്യപ്പെട്ടു.
പാതയിലേക്ക് വീണു കിടക്കുന്ന മൺകൂന നീക്കം ചെയ്യുന്നതിന് മണ്ണുമാന്തി യന്ത്രവുമായാണ് തൊഴിലാളികൾ എത്തിയത്. വിവരം അറിഞ്ഞ് ക്യാംപിൽ നിന്ന് യുവാക്കളുടെ സംഘം എത്തുകയായിരുന്നു.
ഇതോടെ പണികൾ അവസാനിപ്പിച്ച് തൊഴിലാളികൾ മടങ്ങി.
ദേവികുളം താലൂക്കിൽ മണ്ണെടുപ്പ് നിരോധിച്ചു
ചെറുതോണി ∙ ജില്ലയിൽ കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദേവികുളം താലൂക്കിലെ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിരോധിച്ച് കലക്ടർ ഉത്തരവായി. താലൂക്കിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്ക് ഒഴികെയുള്ള എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു. ദേവികുളം തഹസിൽദാരുടെ ശുപാർശ പ്രകാരമാണ് നടപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

