ചെറുതോണി ∙ പിന്നാക്ക ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് താങ്ങും തണലും ആകേണ്ട മെഡിക്കൽ കോളജ് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്ക് ഉത്തമ ഉദാഹരണമാണ് ആശുപത്രി വളപ്പിൽ കോടികൾ മുടക്കി പണി തീർത്തിരിക്കുന്ന ഓക്സിജൻ പ്ലാന്റ്.
പുതിയ ബ്ലോക്കിനോടനുബന്ധിച്ചു മൂന്ന് വർഷം മുൻപു പണി പൂർത്തിയാക്കിയ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ഇനിയും ആരംഭിക്കാത്തതിനു കാരണം അന്വേഷിക്കുമ്പോൾ അവഗണനയുടെ തനിരൂപം പിടികിട്ടും.
പതിനായിരം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിറയ്ക്കേണ്ട ലിക്വിഡുമായി എത്തുന്ന വാഹനം പ്ലാന്റിലേക്ക് കയറാൻ നിലവിലുള്ള വഴി പോരാത്തതാണ് പ്രവർത്തനം ആരംഭിക്കാത്തതിനു കാരണം.
പ്ലാന്റിലേക്ക് നിർമിച്ച വഴി ഏതാനും ലക്ഷം രൂപ മുടക്കി ടാർ ചെയ്താൽ തീരാവുന്നതേയുള്ളു പ്രശ്നം. എന്നാൽ ലിക്വിഡ് എത്താതെ ഓക്സിജൻ പ്ലാന്റ് കാടിനുള്ളിലായിട്ടും വഴി നന്നാക്കാൻ അധികൃതർ തയാറായില്ല.
അതായത് കോടികൾ മുടക്കി ആനയെ വാങ്ങിയിട്ടും ആയിരം രൂപ കൊടുത്ത് തോട്ടി വാങ്ങാൻ പണമില്ലെന്നു പറഞ്ഞപോലെ.
ഏതാനും മാസം മുൻപ് ലിക്വിഡുമായി ടാങ്കർ ലോറി ഇവിടെ എത്തിയിരുന്നു. എന്നാൽ ലോറി പ്ലാന്റിലേക്കു കയറ്റാൻ കഴിയാത്തതിനാൽ ലോഡുമായി തിരിച്ചു പോകുകയായിരുന്നു.
കോഴിക്കോട് കേന്ദ്രമായ കമ്പനിയാണു പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. അടിയന്തരമായി പ്ലാന്റിൽ ലിക്വിഡ് നിറച്ച് ഓക്സിജൻ ഉൽപാദനം തുടങ്ങിയില്ലെങ്കിൽ ലഭിച്ച അംഗീകാരം നഷ്ടമാകുമെന്ന് അറിയിച്ച് ഇവർ മെഡിക്കൽ കോളജ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞിട്ടും പ്ലാന്റിൽ ലിക്വിഡ് നിറച്ച് പ്രവർത്തനം ആരംഭിക്കാത്തതിനാൽ ഓക്സിജൻ പ്ലാന്റ് കാടിനുള്ളിലായി കഴിഞ്ഞു.
പരിപാലിക്കാൻ ഇനിയും വൈകിയാൽ കോടികൾ കൈവിട്ടുപോകുമെന്ന് ഉറപ്പ്. മെഡിക്കൽ കോളജിനു ഉള്ളിലെ റോഡുകളുടെ നിർമാണത്തിനു 18.36 കോടി രൂപ അനുവദിച്ചെന്നു അധികൃതർ പറഞ്ഞു തുടങ്ങിയിട്ടു നാളുകളായി.
എന്നാൽ കരാർ നൽകി ജോലി ആരംഭിക്കാൻ മാത്രം കഴിയുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററുകൾക്കും സ്റ്റാഫ് ക്വാർട്ടേഴ്സുകൾക്കുമെല്ലാം .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

