
കട്ടപ്പന ∙ ഇടശേരി ജംക്ഷനിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് 2 ട്രാൻസ്ഫോമറുകളോടു ചേർന്ന് വൈദ്യുതി ലൈനുകൾക്കു സമീപത്തായി നിർമിച്ചിരിക്കുന്ന കമാനം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി അധികൃതർ നഗരസഭയ്ക്ക് നോട്ടിസ് നൽകി. പൊതുജനങ്ങളുടെയും കെഎസ്ഇബി ജീവനക്കാരുടെയും ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമായേക്കാവുന്ന കമാനം സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് നഗരസഭാ സെക്രട്ടറിക്ക് നോട്ടിസ് നൽകിയത്.
ബസ് സ്റ്റാൻഡിൽ ഹെവി വെഹിക്കിൾ സ്റ്റോപ്പർ സ്ഥാപിക്കാനും മറ്റ് പ്രവൃത്തികൾക്കും രണ്ടിടങ്ങളിൽ കമാനങ്ങൾ നിർമിക്കാനും ഉൾപ്പെടെ വിവിധ പദ്ധതികളിലായി 56 ലക്ഷം രൂപയാണ് നഗരസഭയിൽനിന്ന് അനുവദിച്ചിരുന്നത്.
അതിന്റെ ഭാഗമായാണ് ഇടശേരി ജംക്ഷനിൽ കമാനം നിർമിച്ചത്. ഇരുമ്പ് വസ്തുക്കൾ ഉപയോഗിച്ചുള്ള കമാനം 2 ട്രാൻസ്ഫോമറുകളോടു ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
കൂടാതെ ഇതിനോടു ചേർന്ന് വൈദ്യുത ലൈനും കടന്നുപോകുന്നുണ്ട്. നിർമാണം നടന്നപ്പോൾത്തന്നെ ഇതിനെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്ന നിലപാടിൽ നഗരസഭയുടെ നേതൃത്വത്തിൽ കമാനത്തിന്റെ പണികൾ നടത്തുകയാണുണ്ടായത്.
വലിയ വാഹനങ്ങൾ കമാനത്തിൽ തട്ടി അപകടമുണ്ടായാൽ ട്രാൻസ്ഫോമറിലേക്ക് പതിച്ച് വലിയ അപകടം ഉണ്ടാകുമെന്ന് ഉൾപ്പെടെ ആരോപണം ഉയർന്നിരുന്നു.
ഇതേത്തുടർന്നാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കമാനം നിർമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി കെഎസ്ഇബി അധികൃതർ നഗരസഭയ്ക്ക് നോട്ടിസ് നൽകിയിരിക്കുന്നത്. എച്ച്ടി ലൈനുകൾക്ക് താഴെ താൽക്കാലികമോ സ്ഥിരമോ ആയ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ലെന്നും ട്രാൻസ്ഫോമറുകൾക്ക് അടുത്ത് സുരക്ഷിത അകലം പാലിക്കാതെ അപകടകരമായ രീതിയിലാണ് സ്ഥിര നിർമാണം നടത്തിയിരിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി ആരംഭിക്കുമെന്നും കത്തിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]