
മൂന്നാർ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാറിലെ പഴയ കോളജിനു സമീപം കഴിഞ്ഞ ദിവസമുണ്ടായത് 2018ലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലയിടിച്ചിലിനു സമാനമായത്. 2018ൽ ഉരുൾപൊട്ടലിലാണ് ദേശീയപാതയോരത്ത് വലിയ മലകൾ ഇടിഞ്ഞു വീണതും കോളജ് കെട്ടിടങ്ങൾ തകർന്നതും.
ഉരുൾപൊട്ടലിൽ സമീപത്തുണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടങ്ങൾ തകർന്നു വീണ അതേ സ്ഥലത്താണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി വലിയ മലയിടിച്ചിലുണ്ടായത്.
കഴിഞ്ഞ മഴക്കാലത്തും ഇവിടെ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ദേശീയപാതയോരത്തു നിന്നും ചെങ്കുത്തായുള്ള മലയുടെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്.
അപകടസമയത്ത് ഇതുവഴി കടന്നു പോയ മിനിലോറിയിലെ ഡ്രൈവർ മണ്ണിനടിയിൽപെട്ട് മരിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ മേഖലയിൽ കുന്നിടിച്ച് വൻതോതിൽ മണ്ണു നീക്കം ചെയ്തിരുന്നു.
ഇതോടെയാണ് ഉറപ്പില്ലാത്ത മണ്ണു നിറഞ്ഞ ഈ മലഭാഗം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു വീണത്. 200 അടിയിൽ കൂടുതൽ ഉയരത്തിലുള്ള കുന്നാണ് ഈ ഭാഗത്തുള്ളത്.
ദേശീയ പാതയോരത്തു നിന്ന് അര കിലോമീറ്റർ ദൂരത്തിലാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്.
ഇത്രയധികം ഉയരത്തിലും ദൂരത്തിലുമുള്ള കുന്ന് പതിവായി തകർന്നു വീഴാവുന്ന സ്ഥിതിയിലാണുള്ളത്. മതിയായ സംരക്ഷണ സംവിധാനമൊരുക്കാത്ത പക്ഷം മഴക്കാലത്ത് ഗ്യാപ് റോഡിലുണ്ടാകുന്നതിനെക്കാൾ ഭീകരമായി ഈ ഭാഗത്തും മണ്ണിടിച്ചിൽ പതിവാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]