
തേവാരംമെട്ട്- തേവാരം റോഡ് തുറക്കണമെന്ന ആവശ്യം വീണ്ടും സജീവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം ∙ ജില്ലയെ തമിഴ്നാട്ടിലെ തേനി ജില്ലയുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന തേവാരംമെട്ട്- തേവാരം റോഡ് നിർമാണം വീണ്ടും സജീവ ചർച്ചയാകുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് സജീവമായിരുന്ന കാനനപാത തമിഴ്നാട് വനംവകുപ്പ് അടച്ചതോടെ കാട് കയറി നശിക്കുകയായിരുന്നു. റോഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലും ജനകീയ മുന്നേറ്റം തുടരുകയാണ്.
തമിഴ്നാട് വനമേഖലയിൽ ഉൾപ്പെടുന്ന 3 കിലോമീറ്റർ മാത്രം ദൂരമാണ് പുനർനിർമിക്കേണ്ടത്. പാത യാഥാർഥ്യമായാൽ തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിൽ ജോലിക്ക് എത്തുന്ന നൂറുകണക്കിന് തൊഴിലാളികളുടെ യാത്രയ്ക്കും വാണിജ്യത്തിനും സഹായകമാകും. തേനി മെഡിക്കൽ കോളജിലേക്കുള്ള ദൂരം 30 കിലോമീറ്ററിലധികം കുറയും. നെടുങ്കണ്ടത്തുനിന്ന് ഒരു മണിക്കൂറിനുള്ളിൽ തേനി മെഡിക്കൽ കോളജിൽ എത്താനാവും.
ശബരിമല തീർഥാടനത്തിനും ഗുണപ്രദം
ഏറ്റവും കുറഞ്ഞ ദൂരത്തിൽ തമിഴ്നാട്ടിൽനിന്നു കേരളത്തിൽ പ്രവേശിക്കാൻ കഴിയുന്ന പാതയെന്ന നിലയിൽ ശബരിമല തീർഥാടകർക്കും റോഡ് പ്രയോജനം ചെയ്യും. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകർക്ക് തേവാരം ഇടത്താവളമായും ഉപയോഗപ്പെടുത്താൻ കഴിയും.
തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2018ൽ പാതയുടെ പുനർ നിർമാണത്തിന് ആലോചനകൾ നടന്നിരുന്നു. പ്രാഥമിക പഠനത്തിനായി 25 കോടിയും അനുവദിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. തേവാരംമെട്ടിന് സമീപം തമിഴ്നാട് വനത്തിനുള്ളിൽ അയ്യപ്പപ്രതിഷ്ഠയുള്ള അമ്പലവുമുണ്ട്. ഇവിടെ പൂജയും ഉത്സവവും സജീവമായിരുന്നെങ്കിലും തമിഴ്നാട് വനം വകുപ്പ് അനുമതി നിഷേധിച്ചതോടെ ഉത്സവം പൂർണമായും മുടങ്ങി.
വർഷങ്ങളായുള്ള ആവശ്യം
കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ തേവാരത്ത് നടന്ന പ്രതിഷേധയോഗത്തിൽ തമിഴ്നാട്ടിലെ 25 ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങൾ പങ്കെടുത്തിരുന്നു. റോഡ് നിർമാണം വീണ്ടും സജീവ ചർച്ചയായതോടെ കേരളത്തിലും തമിഴ്നാട്ടിലും വീണ്ടും ജനകീയ സമരങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. ഇരുസംസ്ഥാനങ്ങളിലും റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നവമാധ്യമ കൂട്ടായ്മകളും ചർച്ചകളും സജീവമാണ്. കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി എം.എൻ.ഗോപി തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വിഷയം ഡീൻ കുര്യാക്കോസ് എംപിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഇരു സംസ്ഥാനങ്ങളിലെ എംപിമാർ തമ്മിൽ ചർച്ച നടത്തി വഴി തുറക്കാൻ ശ്രമിക്കുമെന്നും ഗോപി പറഞ്ഞു.