തൊടുപുഴ ∙ നഗരസഭയുടെ 9–ാം വാർഡിൽ ഉൾപ്പെടുന്ന തകർന്നുകിടക്കുന്ന മുതലക്കോടം റോഡിന്റെ റീ ടാറിങ് പ്രവർത്തനങ്ങൾക്ക് തടസ്സമായി കലുങ്ക്. കാലപ്പഴക്കം ചെന്ന കലുങ്ക് പൊളിച്ചു പണിതാൽ മാത്രമേ റീ ടാറിങ് ചെയ്യാൻ കഴിയൂ.
ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, കോൺട്രാക്ടർ, ഓവർസീയർ എന്നിവരുൾപ്പെടെയുള്ള സംഘം പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കലുങ്കിന്റെ പണികൾ പൂർത്തിയാക്കി ടാറിങ് പണികൾ ആരംഭിക്കുമെന്ന് വാർഡ് കൗൺസിലർ ജോർജ് ജോൺ പറഞ്ഞു.
നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണിക്കായി എംഎൽഎ ഫണ്ടിൽനിന്ന് 27 ലക്ഷം രൂപ അനുവദിച്ചിട്ടും പണി തുടങ്ങാനുള്ള കാലതാമസം കാരണം യാത്രക്കാർ ദുരിതത്തിലായിരിക്കുന്നത്.
രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായും തകർന്നു. ഇതുവഴി വാഹനങ്ങൾക്കു മാത്രമല്ല കാൽനടയാത്ര പോലും ദുഷ്കരമാണ്. നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്രയമായ റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട് 2 വർഷത്തിലേറെയായി.
ഒൻപതാം വാർഡ് കൂടാതെ റോഡിന്റെ കുറച്ചുഭാഗം പത്താം വാർഡിലൂടെയുമാണ് കടന്നുപോകുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മിക്കയിടങ്ങളിലും മെറ്റൽ കൂമ്പാരമാണ്. മുതലക്കോടത്തെ സ്വകാര്യ ആശുപത്രി, മുതലക്കോടം പള്ളി എന്നിവിടങ്ങളിലേക്കും എത്താൻ ഈ വഴിയാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
കൂടാതെ മുതലക്കോടത്തുനിന്ന് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്, ഡെന്റൽ കോളജ് എന്നിവിടങ്ങളിലേക്കും പുതുച്ചിറ ഭാഗത്തുനിന്ന് മുതലക്കോടത്തെ സ്കൂളിലേക്കും വിദ്യാർഥികൾ ഉൾപ്പെടെ ഈ റോഡിലൂടെ സഞ്ചരിക്കാറുണ്ട്. റോഡ് തകർന്നതോടെ ഭൂരിഭാഗം പേരും മങ്ങാട്ടുകവല വഴി ചുറ്റിക്കറങ്ങിയാണു യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]